മണിപ്പൂരിൽ സമാധാനം ഇനിയും അകലെ
വടക്ക് കിഴക്കൻ പ്രദേശത്തെ കൊച്ചു സംസ്ഥാനമായ മണിപ്പൂരിൽ നിന്ന് അശാന്തിയുടെ നിലവിളികൾ അവസാനിക്കുന്നില്ല . സംസ്ഥാനത്ത് ഒന്നര വർഷമായി തുടരുന്ന ആഭ്യന്തരകലാപം കൂടുതൽ രൂക്ഷമാകുന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരിന് കലാപം അമർച്ച ചെയ്ത് സമാധാനം സ്ഥാപിക്കാകുന്നില്ല. വർഗീയ സംഘർഷം ആഭ്യന്തര യുദ്ധത്തിലേക്ക് വളർന്ന് രാജ്യത്തിൻറെ തന്നെ സമാധാനം കെടുത്തുകയാണ്.
ഈ സംഘർഷം ഇത്രത്തോളം ഗുരുതരസ്ഥിതിയിലേക്ക് വളർന്നതിന്റെ ഉത്തരവാദികൾ കേന്ദ്ര,സംസ്ഥാന സർക്കാരുകളാണ്. ഒന്നരവർഷത്തിലേറെയായി സംസ്ഥാനത്ത് തുടരുന്ന സംഘർഷം മന്ത്രിമാരുടെയും എം.എൽ.എമാരുടെയും വീടുകൾ തീവെക്കുന്ന തലത്തിലേക്ക് എത്തിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ വീടിന് നേരെവരെ അക്രമമുണ്ടായി.
അക്രമം രൂക്ഷമായതോടെ ആറു ജില്ലകളിൽ സായുധസേന പ്രത്യേക അധികാര നിയമം (അഫ്സ്പ) പ്രഖ്യാപിക്കുകയും കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കുകയും ചെയ്തിട്ടും സമാധാനം മാത്രം അകലെ .
സംസ്ഥാനത്തെ ബിജെപി സർക്കാരിന് ഇതുവരെ പിന്തുണ നൽകിയിരുന്ന നാഷണൽ പീപ്പിൾസ് പാർട്ടി (എന്‍പിപി)യും അക്രമം നേരിടുന്നതിൽ പരാജയപ്പെട്ടെന്ന് പ്രഖ്യാപിച്ച് ഇപ്പോൾ സർക്കാരിന് പിന്തുണ പിൻവലിച്ചിരിക്കുകയാണ്. സമാധാനം പുനഃസ്ഥാപിക്കുന്നതിന് ജനങ്ങള്‍ തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ രാജിക്ക് തയാറാണെന്ന് സംസ്ഥാനത്തെ കോൺഗ്രസ് എം.എൽ.എമാർ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാറിന്റെ നിസ്സംഗതയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളിൽ ചിലരും രാജിവെച്ചു.
ജിരിബാം ജില്ലയിലെ ബോരോബെക്രയില്‍ സി ആര്‍ പി എഫ് ജവാന്മാരുടെ വെടിയേറ്റ് 11 കുകി ആയുധധാരികൾ കൊല്ലപ്പെട്ടത് അടുത്ത ദിവസങ്ങളിലാണ് . ഏറ്റുമുട്ടലില്‍ ജവാന്മാര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. കുകി ആയുധധാരികള്‍ പോലീസ് സ്റ്റേഷന്‍ വളഞ്ഞതോടെയാണ് വെടിയുതിര്‍ത്തതെന്ന് സി ആര്‍ പി എഫ് വൃത്തങ്ങള്‍ പറയുന്നു.
ഗോത്ര വര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്ത്രീയെ മെയ്‌തി വിഭാഗത്തില്‍പ്പെട്ടവര്‍ വീട് ആക്രമിച്ച് ബലാത്സംഗം ചെയ്തതും വീടിനുള്ളിലിട്ട് അഗ്നിക്കിരയാക്കിയതും ഈ സ്ഥലത്ത് വച്ച് തന്നെയാണ്. ക്രൂരമായ ഈ സംഭവത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകാതെ വന്നതോടെയാണ് കുകി വിഭാഗം പ്രകോപിതരായി സി ആര്‍ പി എഫിനെയും പോലീസിനെയും നേരിടാനിറങ്ങിയതെന്നാണ് ആരോപണം. ബൊറൊബെക്രയിൽ ഒരു സംഘം അക്രമികൾ പൊലീസ് സ്റ്റേഷനും സിആർപിഎഫ് ക്യാംപും വീടുകളും വ്യാപാര സ്ഥാപനങ്ങളും ആക്രമിച്ചു. സംഘത്തിലെ പത്തു പേർ കൊല്ലപ്പെട്ടതോടെ സായുധ വിഭാഗം പിന്തിരിഞ്ഞെങ്കിലും പ്രദേശത്തുനിന്ന് മൂന്നു സ്ത്രീകളെയും മൂന്നു കുട്ടികളെയും കാണാതായി. മെയ്‌തി വിഭാഗത്തില്‍പ്പെട്ട രണ്ട് പേരുടെ മൃതദേഹങ്ങള്‍ ഇതേ പ്രദേശത്ത് നിന്ന് കണ്ടെത്തിയതോടെ അക്രമസംഭവങ്ങളും തീവയ്പ്പുമുണ്ടായി ..
മെയ്‌തി വിഭാഗത്തിലെ അക്രമികളെ പിന്തുണച്ച് മുഖ്യമന്ത്രി ബിരേൻ സിങ് നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖ അടുത്തയിടെ പുറത്തുവന്നത് സർക്കാർ സ്പോൺസേർഡ് കലാപമാണ് മണിപ്പുരിൽ നടക്കുന്നതെന്ന വാദങ്ങൾ ശരി വെക്കുന്നു .
മെയ്‌തീ , കുക്കി വിഭാഗങ്ങളിലെ സംഘർഷത്തിനൊപ്പം ഇരുവിഭാഗത്തിലെയും ക്രൈസ്തവർക്ക് നേരെയും അക്രമം നടക്കുന്നുണ്ട് , ക്രൈസ്തവ ദേവാലയങ്ങൾ ആക്രമിക്കപ്പെടുന്നു.
നിലവിലെ ഗുരുതര സാഹചര്യത്തിൽ അർധ സൈനിക വിഭാഗങ്ങളിൽ നിന്ന് 5000 ജവാന്മാരെ കൂടി സംസ്ഥാനത്ത് നിയോഗിക്കാൻ തീരുമാനിച്ചതായി പറയുന്നു. സംഘർഷം രൂക്ഷമായ ജിരിബാം ജില്ലയിൽ കേന്ദ്ര സേനയുടെ 20 കമ്പനികളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം നിയോഗിച്ചതിനു പുറമേയാണ് കൂടുതൽ ജവാന്മാരെ എത്തിക്കുന്നത്. മണിപ്പുരിൽ വിന്യസിച്ചിട്ടുള്ള സേനയുടെ അംഗബലം ഇതോടെ 278 കമ്പനിയായി ഉയരുകയാണ്.പക്ഷെ കാര്യങ്ങൾ കൈവിട്ട് പോയ സ്ഥിതിയിലാണ്.
ഇവിടെയുള്ള മെയ്തികൾ ഭൂരിപക്ഷവും ഹിന്ദുക്കളും ബാക്കിയുള്ളവർ മുസ്ലിങ്ങളുമാണ്. ഗോത്രവർഗ ആദിവാസി വിഭാഗങ്ങളാകട്ടെ ഏതാണ്ട് മുഴുവനും ക്രിസ്ത്യൻ മതവിശ്വാസികളുമാണ്. മേഖലാപരമായ അസന്തുലിതാവസ്ഥയ്ക്കൊപ്പം മെയ്‌തി വിഭാഗത്തിന് ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്നതും കുക്കികൾ അവഗണിക്കപ്പെടുന്നതും അസ്വസ്ഥതകൾക്ക് കാരണമായി . ബി ജെ പി സര്‍ക്കാറിന്റെ ഇത്തരം വിവേചനപരമായ സമീപനങ്ങളാണ് കാര്യങ്ങൾ വഷളാക്കിയത്. മെയ്തികളെ പിന്തുണക്കുകയും ക്രിസ്തുമത വിശ്വാസികളായ കുക്കികളെ അവഗണിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ മെയ്‌തി വിഭാഗത്തെ പട്ടിക വര്‍ഗമായി പ്രഖ്യാപിക്കാനുള്ള ഹൈക്കോടതി നിര്‍ദേശം കുക്കികളെ പ്രകോപിപ്പിച്ചു . ഈ സംവരണ നയം തങ്ങളുടെ വാസമേഖലയായ പര്‍വത, വനാതിര്‍ത്തി മേഖലയിലേക്ക് മെയ്‌തികള്‍ കടന്നു കയറുന്നതിന് ഇടയാക്കുമെന്ന് കുകി, നാഗാ വിഭാഗങ്ങള്‍ ഭയന്നു. കുക്കികള്‍ക്കിടയിലെ ചില തീവ്ര ഗ്രൂപ്പുകള്‍ ഇത് അവസരമായെടുത്തു.
കാര്യങ്ങൾ ഇത്രത്തോളം വഷളാക്കിയതിലെ രാഷ്ട്രീയവും വര്‍ഗീയതയും ചര്‍ച്ച ചെയ്യാതെ വംശീയ പ്രശ്‌നം മാത്രമായി ഇതിനെ വ്യാഖ്യാനിക്കുന്നതിൽ കാര്യമില്ല. വിഭാഗീയ രാഷ്ട്രീയ ചിന്തകൾക്കതീതമായി, ഇവിടെ സമാധാനം സ്ഥാപിക്കാൻ സർക്കാർ തലത്തിൽ എത്രയും വേഗം നടപടികൾ ഉണ്ടാകേണ്ടിയിരിക്കുന്നു. സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനല്ല അവരെ ഒരുമിച്ച് നിർത്താനാണ് ഭരണ നേതൃത്വം ശ്രമിക്കേണ്ടത് , എങ്കിലേ നാട്ടിൽ സമാധാനം പുലരൂ.