പിണറായി ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രി : രാജീവ് ചന്ദ്രശേഖര്‍

Mar 22, 2026 - 13:18
 0  5
പിണറായി ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രി : രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: പിണറായി വിജയന്‍ ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.  വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് രാജീവ് ചന്ദ്രശേഖറിന്റെ പരാമര്‍ശം.

പിണറായി വിജയനോട് വ്യക്തിബന്ധമില്ല. മുതിര്‍ന്ന നേതാവെന്ന നിലയില്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നുണ്ട്.എന്നാല്‍, പിണറായി വിജയന്റെ രാഷ്ട്രീയത്തോടോ പ്രത്യയശാസ്ത്രത്തോടോ നേട്ടങ്ങളോടോ തനിക്ക് യാതൊരു ബഹുമാനവുമില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തെ കേരള ഭരണം ചരിത്രരേഖകളില്‍ രേഖപ്പെടുത്താന്‍ പോകുന്നത് നഷ്ടദശകം എന്ന പേരിലായിരിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 

ഇ.കെ നായനാരുമായും വി.എസ്. അച്യുതാനന്ദനുമായും താരതമ്യം ചെയ്യുമ്പോള്‍ പിണറായി ബഹുദൂരം പിന്നിലാണ്. കേരളത്തിന്റെ വികസനത്തെ പിന്നോട്ടടിച്ച നേതാവാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.  സി.പി.എം പ്രത്യയശാസ്ത്രം എത്രത്തോളം മോശമാണെന്ന് പത്ത് വര്‍ഷങ്ങള്‍ക്കൊണ്ട് പിണറായി തെളിയിച്ചുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 

140 സീറ്റിലും ജനം മാറ്റം ആഗ്രഹിക്കുന്നുവെന്നും ധര്‍മടത്തും പറവൂരിലുമടക്കം ആളുകള്‍ക്ക് ശക്തമായ എതിര്‍പ്പുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ത്രിപുരയിലും ബംഗാളിലും പെട്ടെന്നാണ് മാറ്റം ഉണ്ടായത്. കേരളത്തിലും ഇത്തവണ സമാനമായ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. അപ്രതീക്ഷിത സീറ്റുകളിൽ ബിജെപി വിജയിക്കും.

ബിജെപിക്കിത് നിര്‍ണായക തെരഞ്ഞെടുപ്പാണെന്നും വികസിത കേരളം എന്ന മുദ്രാവാക്യവുമായി പ്രചാരണവുമായി സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നോ രണ്ടോ സീറ്റിനായല്ല മത്സരമെന്നും പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും പ്രചാരണത്തിനെത്തുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

സാബു ജേക്കബും താനുമായി നല്ല കെമിസ്ട്രിയാണെന്നും ട്വന്റി 20ക്ക് കൂടുതല്‍ സീറ്റ് നല്‍കിയത് രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തട്ടെയന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മാറ്റം കൊണ്ടുവരണമെന്നതാണ് ഞങ്ങളുടെ വാശിയെന്നും ട്വന്റി 20യുമായുള്ള സഖ്യം ആലോചിച്ചെടുത്തതാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.