ശബരിമല സ്വർണ്ണക്കൊള്ള; കണ്ഠരര് രാജീവരരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Jan 9, 2026 - 19:53
 0  6
ശബരിമല സ്വർണ്ണക്കൊള്ള; കണ്ഠരര് രാജീവരരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തിരുവനന്തപുരം സ്‌പെഷ്യൽ സബ്ജയിലിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഈ മാസം 13-ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും.

ശബരിമലയിലെ കട്ടിളപ്പാളി കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ 13-ാം പ്രതിയാണ് കണ്ഠരര് രാജീവര്.

ശബരിമലയിലെ കട്ടിളപ്പാളികൾ കടത്തിയ സംഭവത്തിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നും ഗൂഢാലോചനയിൽ അദ്ദേഹം പങ്കാളിയായെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കണ്ടെത്തൽ.

കട്ടിളപ്പാളികൾ കടത്തിക്കൊണ്ടുപോകാൻ തന്ത്രി ഒത്താശ ചെയ്തതായും ആചാരലംഘനത്തിന് കൂട്ടുനിന്നതായും അറസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. താന്ത്രിക വിധികൾ പാലിക്കാതെയും ദേവന്റെ അനുജ്ഞ വാങ്ങാതെയുമാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയത്.

ശബരിമലയിൽ നിന്ന് കട്ടിളപ്പാളികൾ ഇളക്കി കൊണ്ടുപോയത് തന്ത്രിയുടെ അനുമതിയോടെയല്ലെങ്കിൽ, എന്തുകൊണ്ട് അദ്ദേഹം അത് ദേവസ്വം ബോർഡിനെ രേഖാമൂലം അറിയിച്ചില്ലെന്ന ചോദ്യമാണ് അന്വേഷണ സംഘം ഉയർത്തുന്നത്. ആചാരലംഘനത്തിനെതിരെ നടപടി സ്വീകരിക്കാതെ തന്ത്രി കുറ്റകരമായ മൗനാനുവാദം നൽകിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ മാസം 23 വരെയാണ് രാജീവരരുടെ റിമാൻഡ് കാലാവധി.