കട്ടിളപ്പാളി കൊണ്ടുപോകാൻ മൗനാനുവാദം നൽകി , ആചാര ലംഘനത്തിന് തന്ത്രി കൂട്ടുനിന്നു'; റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് താൻ നിരപരാധിയാണെന്ന് വ്യക്തമാക്കി. വെള്ളിയാഴ്ച പുലർച്ചെ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) മുന്നിൽ ഹാജരായ അദ്ദേഹത്തെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.
വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിന് മുന്നിലേക്ക് കൊണ്ടുപോകുന്നതിനിടെ, തന്നെ കേസിൽ ചതിച്ച് കുടുക്കിയതാണോ എന്ന ചോദ്യത്തിന് അതെ എന്ന് അദ്ദേഹം പ്രതികരിച്ചു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലെത്തിക്കാൻ ഒത്താശ ചെയ്തത് കണ്ഠരര് രാജീവരാണെന്ന് മുൻ ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാർ ഉൾപ്പെടെയുള്ളവർ നേരത്തെ മൊഴി നൽകിയിരുന്നു.
കൂടാതെ, സ്വർണപ്പാളികളിൽ ചെമ്പ് തെളിഞ്ഞുവെന്നും അതിനാൽ മിനുക്കുപണികൾക്കായി കൊണ്ടുപോകാമെന്നും കാണിച്ച് തന്ത്രി നൽകിയ കുറിപ്പാണ് തട്ടിപ്പിന് കളമൊരുക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ, ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് താൻ അത്തരമൊരു കുറിപ്പ് നൽകിയതെന്നാണ് തന്ത്രിയുടെ മുൻപത്തെ നിലപാട്.