റെയ്ഡ് നടത്തിയത് കേരളത്തില്‍ നിന്നുള്ള സംഘം, മരണത്തിന് ഉത്തരവാദി 'ഐടി ഉദ്യോഗസ്ഥര്‍'; ആരോപണവുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ്
ബംഗളൂരു: പ്രമുഖ വ്യവസായി സിജെ റോയിയുടെ മരണത്തിന് ഉത്തരവാദി ഐടി ഉദ്യോഗസ്ഥരാണെന്ന ആരോപണവുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ്. ലീഗല്‍ അഡൈ്വസര്‍ പ്രകാശ് ആണ് ആദായനികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ രംഗത്തെത്തിയത്. കേരളത്തില്‍ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയതെന്നും ഇവര്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയെന്നും പ്രകാശ് പറഞ്ഞു.
ബംഗളൂരു അശോക് നഗറിലെ കോണ്‍ഫിഡന്റ് പെന്റഗണ്‍ എന്ന കോര്‍പറേറ്റ് ഓഫീസില്‍ ഇന്‍കം ടാക്‌സ് (ഐ ടി) ഉദ്യോഗസ്ഥര്‍ പരിശോധന നടത്തവെയാണ് സിജെ റോയ് ആത്മഹത്യ ചെയ്തത്. സംസ്‌കാരം നാളെ ബംഗളരൂവില്‍ നടക്കും.
വെള്ളി രാവിലെ പത്ത് മണിക്ക് ശേഷമാണ് കൊച്ചിയില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ കോര്‍പറേറ്റ് ഓഫീസില്‍ എത്തിയത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.
ഉച്ചയ്ക്ക് ശേഷം ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സെന്‍ട്രല്‍ ബംഗളൂരുവിലെ റിച്ച്മണ്ട് സര്‍ക്കിളിന് സമീപമുള്ള കോര്‍പറേറ്റ് ഓഫീസിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. ഉദ്യോഗസ്ഥര്‍ ചില രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ അവ എടുത്ത് നല്‍കാമെന്ന് പറഞ്ഞ് മുറിയിലേക്ക് പോയി. അവിടെ വെച്ച് കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. നെഞ്ചിലാണ് വെടിവെച്ചത്. ഉടന്‍ തന്നെ എച്ച്എസ്ആര്‍ ലേഔട്ടിലെ നാരായണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രമുഖ വ്യവസായിയും റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനുമായ സി.ജെ. റോയിയുടെ മരണം ബിസിനസ് മേഖലയിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
കൊച്ചി സ്വദേശിയായ സി ജെ റോയിക്ക് കേരളത്തിലുള്‍പ്പെടെ നിരവധി സംരംഭങ്ങളുണ്ട്. കോണ്‍ഫിഡന്റ് ഗ്രൂപ്പിന് 160ല്‍ ഏറെ പ്രൊജക്ടുകള്‍ ബംഗളൂരുവില്‍ മാത്രമുണ്ട്. ഗള്‍ഫ് മേഖലയിലും നിക്ഷേപങ്ങളുണ്ട്.
സിനിമാ നിര്‍മാണ രംഗത്തും സി ജെ റോയ് സജീവമായിരുന്നു. കാസനോവ, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ഐഡന്റിറ്റി, അനോമി എന്നീ സിനിമകളുടെ സഹനിര്‍മാതാവാണ്.
ബഹുരാഷ്ട്ര കമ്പനിയായ എച്ച്പിയിലെ ജോലി രാജിവെച്ചാണ് ബിസിനസിലേക്ക് ഇറങ്ങിയത്. ഏവിയേഷന്‍, വിദ്യാഭ്യാസം, റീട്ടെയില്‍, സ്‌പോര്‍ട്‌സ് തുടങ്ങിയ രംഗങ്ങളിലും പ്രവര്‍ത്തനം വ്യാപിപ്പിച്ചു.