2025 ല്‍ എട്ട് തവണ മോദി ട്രംപിനെ വിളിച്ചു', വ്യാപാര കരാര്‍ പൊളിഞ്ഞതില്‍ യുഎസ് വാദം തള്ളി ഇന്ത്യ

Jan 9, 2026 - 19:32
 0  6
2025 ല്‍  എട്ട് തവണ മോദി ട്രംപിനെ വിളിച്ചു', വ്യാപാര കരാര്‍ പൊളിഞ്ഞതില്‍ യുഎസ് വാദം തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി സംസാരിക്കാത്തതാണ് ഇന്ത്യ- യുഎസ് വ്യാപാര കരാറിന് തിരിച്ചടിയായത് എന്ന ആക്ഷേപം തള്ളി വിദേശകാര്യ മന്ത്രാലയം.

പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 ല്‍ എട്ട് തവണ പ്രസിഡന്റ് ട്രംപുമായി ഫോണില്‍ സംസാരിച്ചിരുന്നു. യുഎസ് വ്യവസായ സെക്രട്ടറി ഹോവാഡ് ലുട്‌നികിന്റെ പ്രതികരണം ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമല്ലെന്നും വിദേശ കാര്യമന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു.

ഇന്ത്യയും യുഎസും തമ്മില്‍ ഒരു വാണിജ്യ കരാര്‍ സാധ്യമാകും എന്ന നിലയിലേക്ക് ചര്‍ച്ചകള്‍ എത്തിയിരുന്നു. 'പരസ്പര പ്രയോജനകരമായ' കരാറിന് ഇപ്പോഴും സാഹചര്യം ഉണ്ടെന്നും വിദേശ കാര്യമന്ത്രാലയം വക്താവ് അറിയിച്ചു.

അതേസമയം, റഷ്യയുമായി എണ്ണ വ്യാപാരം തുടരുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 500 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന യുഎസ് പ്രഖ്യാപനം നിരീക്ഷിച്ച് വരികയാണ് എന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.