പ്രൊഫ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസ്; അന്വേഷണം സഹായിച്ചവരിലേക്ക്

Nov 23, 2025 - 09:21
 0  4
പ്രൊഫ.  ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസ്; അന്വേഷണം സഹായിച്ചവരിലേക്ക്

തൊടുപുഴ: തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകൻ പ്രൊഫസർ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ മുഖ്യപ്രതി സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരെക്കുറിച്ച് അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസി ഒരുങ്ങുന്നു.

 തമിഴ്‌നാട്ടിലെ ഡിണ്ടിഗൽ, ചെന്നൈ, കൂടാതെ കേരളത്തിലെ കണ്ണൂർ എന്നിവിടങ്ങളിലാണ് പതിനാല് വർഷത്തോളം  സവാദ്, ഒളിവിൽ കഴിഞ്ഞിരുന്നത്. തനിക്ക് ഒളിവിൽ കഴിയാൻ സഹായം ലഭിച്ചത് പി.എഫ്.ഐ നേതാക്കളിൽ നിന്നാണെന്ന് സവാദ് എൻ.ഐ.എയ്ക്ക് മൊഴി നൽകിയിട്ടുണ്ട്.

ഈ പി.എഫ്.ഐ നേതാക്കൾക്ക് കൈവെട്ട് കേസിന്റെ ഗൂഢാലോചനയിൽ നേരിട്ട് പങ്കുണ്ടോ എന്ന കാര്യമാണ് എൻ.ഐ.എ. പ്രധാനമായും അന്വേഷിക്കുന്നത്. കേസിന്റെ ആഴവും വ്യാപ്തിയും മനസ്സിലാക്കാൻ ഈ അന്വേഷണം നിർണായകമാകും.

കേസിന്റെ ഗൂഢാലോചനയിൽ സഹായം നൽകിയവർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എൻ.ഐ.എ കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഈ അപേക്ഷ കോടതി അംഗീകരിച്ചതോടെയാണ് അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.

കേസിൽ 42 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ആദ്യഘട്ടത്തിൽ 18 പേരെയും രണ്ടാം ഘട്ടത്തിൽ അഞ്ച് പേരെയും ശിക്ഷിച്ചിരുന്നു. ഇപ്പോൾ അറസ്റ്റിലായ മുഖ്യപ്രതിയായ സവാദിന്റെ അടക്കം കുറ്റപത്രം സമർപ്പിക്കാനുണ്ട്. ഈ നീക്കത്തിന് മുന്നോടിയായിട്ടാണ് ഒളിവിൽ കഴിയാൻ സഹായിച്ചവരെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കിയത്.