'കണ്ണൂർ എന്‍റെ ഹൃദയ രക്തം, ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല'; കെ സുധാകരൻ
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം തുടരവെ കണ്ണൂരിനെ കുറിച്ച് വൈകാരിക കുറിപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ. കണ്ണൂർ എന്നത് തന്റെ ഹൃദയരക്തമാണെന്നും കണ്ണൂരിലെ കോൺഗ്രസ്സ് എന്നും തന്റെ മേൽവിലാസവുമാന്നെും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്ക് വേണ്ടി ഡൽഹിയിലെത്തിയ സുധാകരൻ കടുത്ത അതൃപ്തിയോടെ നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് കുറിപ്പ്.
താൻ അറിയാത്ത കണ്ണൂരില്ല, തന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷെ തനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാർഥ്യങ്ങളാണെന്നും കുറിപ്പിൽ പറയുന്നു.
കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പ്….
കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ്സ് എന്നും എന്റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാൻ എനിക്കൊരിക്കലും സാധിക്കില്ല.
ഞാൻ ഉണരുമ്പോൾ എന്റെ കണ്ണിൽ തെളിയുന്നത് ജീവനും രക്തവും നൽകി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാർട്ടിയുടെ സ്വപ്നങ്ങളാണ്. ഞാൻ കണ്ണടക്കുമ്പോൾ ഉൾക്കണ്ണിൽ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാർ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവർത്തകരുടെ ചേതനയറ്റ മുഖവുമാണ്. കണ്ണൂർ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോൺഗ്രസ്സുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോൺഗ്രസിന്റെ ത്രിവർണ്ണ പതാക നെഞ്ചിലേറ്റി കെ. സുധാകരൻ എന്നും മുന്നിൽ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയർപ്പും വീണ മണ്ണിൽ, എന്റെ സഹപ്രവർത്തകരുടെ ചോരവീണ മണ്ണിൽ, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളർന്ന വിലാപങ്ങളുയർന്ന മണ്ണിൽ കെ.സുധാകരൻ തലയുയർത്തി നില്ക്കും.
എന്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിനിടയിൽ എന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഞാൻ ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. എന്റെ കൈപിടിച്ച് വളർന്നവരും പ്രവർത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷെ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാർഥ്യങ്ങളാണ്.
സ്ഥാനാർത്ഥി നിർണയ ചർച്ചയിൽ കെ സുധാകരന് കടുത്ത അതൃപ്തിയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അത് പരസ്യമാക്കും വിധമുള്ള അദ്ദേഹത്തിന്റെ പ്രതികരണം പുറത്തുവരുന്നത്. സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി ഡൽഹിയിലെത്തിയ സുധാകരൻ കടുത്ത അതൃപ്തിയോടെ നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. പാർലമെന്റ് സമ്മേളനത്തിൽ പോലും പങ്കെടുക്കാതെയായിരുന്നു അദ്ദേഹത്തിന്റെ മടക്കം.
കണ്ണൂരിൽ മത്സരിക്കുമെന്ന സുധാകരന്റെ പ്രഖ്യാപനത്തോട് ആരും സ്വയം സ്ഥാനാർത്ഥിയാകേണ്ട എന്ന താക്കീത് സണ്ണി ജോസഫ് നൽകിയിരുന്നു. കണ്ണൂരിൽ മത്സരിക്കാനുള്ള തന്റെ താൽപര്യം സുധാകരൻ നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിനായുള്ള സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് സുധാകരൻ സ്വയം സ്ഥാനാർത്ഥിത്വ പ്രഖ്യാപനം നടത്തിയത്.
അതേസമയം കെ സുധാകരനെ അനുകൂലിച്ച് കണ്ണൂരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കെ സുധാകരൻ കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണ്. ഒതുക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഉണ്ടാകും. കണ്ണൂരിൽ ലീഡർ കെ സുധാകരനെ മത്സരിപ്പിക്കുക എന്നിങ്ങനെ എഴുതിയ പോസ്റ്ററാണ് പ്രത്യക്ഷപ്പെട്ടത്.