ശ്രീനി ഇനി ഓർമകളിൽ: മലയാളത്തിന്റെ പ്രിയ ശ്രീനിവാസന് ഔദ്യോഗിക ബഹുമതികളോടെ വിട

Dec 21, 2025 - 11:49
 0  5
ശ്രീനി ഇനി ഓർമകളിൽ: മലയാളത്തിന്റെ പ്രിയ  ശ്രീനിവാസന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളത്തിന്റെ ശ്രീനി ഇനി ഓർമകളിൽ ജീവിക്കും.സംസ്ഥാന സർക്കാരിൻ്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിലായിരുന്നു സംസ്കാര ചടങ്ങുകൾ. കേരളത്തിൻ്റെ സാമൂഹിക-സാംസ്കാരിക മണ്ഡലത്തിലെ പ്രമുഖരും സഹപ്രവർത്തകരും ആരാധകരുമടക്കം ആയിരങ്ങളാണ് മലയാളത്തിൻ്റെ ഈ പ്രിയ കലാകാരന് അവസാനയാത്ര നൽകാൻ എത്തിയത്.

 നിശബ്ദതയും കണ്ണീരും തളംകെട്ടിനിന്ന അന്തരീക്ഷത്തില്‍ മകൻ വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തി. എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ എന്ന സന്ദേശമെഴുതിയ കടലാസും പേനയും സംവിധായകൻ സത്യൻ അന്തിക്കാട് പൂക്കൾക്കൊപ്പം ചിതയിൽ സമർപ്പിച്ചത്, കണ്ടു നിന്നവരുടെ കണ്ണ് നനയിച്ചു. ധ്യാൻ മുഷ്ട്ടി ചുരുട്ടി അന്തിമാഭിവാദ്യം നൽകിയാണ് പിതാവിനെ യാത്രയാക്കിയത്.

തങ്ങളുടെ പ്രിയപ്പെട്ട 'ദാസനെയും' 'വിജയനെയും' സ്ക്രീനിൽ അനശ്വരമാക്കിയ പ്രതിഭയെ അവസാനമായി ഒരുനോക്ക് കാണാൻ നാടിൻ്റെ നാനാഭാഗത്തുനിന്നും ആളുകൾ കണ്ടനാട്ടെ വീട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു. പൊലീസ് സേനയുടെ ഗാർഡ് ഓഫ് ഓണറിന് ശേഷമാണ് മൃതദേഹം ചിതയിലേക്ക് എടുത്തത്.

 സിനിമ-സാംസ്കാരിക രംഗത്തെ പ്രമുഖർക്കൊപ്പം രാഷ്ട്രീയ നേതാക്കളും തങ്ങളുടെ പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.