തലശ്ശേരിയിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ തീപിടിത്തം; പ്ലാസ്റ്റിക് കമ്പനി കത്തുന്നു
കണ്ണൂർ: തലശ്ശേരി കണ്ടിക്കൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ പ്ലാസ്റ്റിക് ശേഖരണ സ്ഥാപനത്തിലുണ്ടായ വൻ തീപിടിത്തം നിയന്ത്രണവിധേയമായില്ല. ഉച്ചയോടെ തുടങ്ങിയ തീ അണയ്ക്കാൻ തലശ്ശേരിയിൽനിന്നടക്കം എത്തിയ എട്ട് യൂണിറ്റ് ഫയർഫോഴ്സ് ശ്രമം തുടരുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിക്കുന്നതിനായി കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് ആദ്യം തീ കണ്ടതെന്നാണ് പ്രാഥമിക വിവരം.
ജനവാസമേഖലയല്ലെങ്കിലും പ്ലാസ്റ്റിക് ആയതുകൊണ്ടുതന്നെ തീ അതിവേഗം പടർന്നുപിടിക്കുകയായിരുന്നു. ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ആയതിനാൽ സമീപത്ത് ഫർണിച്ചർ യൂണിറ്റുകളും മറ്റ് പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്ക് തീ വ്യാപിക്കാതിരിക്കാനാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. ജെസിബി ഉപയോഗിച്ച് പ്ലാസ്റ്റിക് കെട്ടുകൾ മാറ്റാനും ശ്രമം നടക്കുന്നു. കെഎസ്ഇബി അധികൃതർ ഉടൻതന്നെ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വൻ അപകടം ഒഴിവാക്കാനായി.
കറുത്ത പുക ആകാശത്തേക്ക് ഉയരുന്നത് കിലോമീറ്ററുകൾ അകലെനിന്നുതന്നെ കാണാൻ സാധിക്കുന്നുണ്ട്. പ്ലാസ്റ്റിക് കത്തുമ്പോഴുണ്ടാകുന്ന രാസവസ്തുക്കൾ അടങ്ങിയ പുക ശ്വസിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കും ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് ശ്വാസതടസത്തിനും കാരണമാകുമെന്നതിനാൽ രക്ഷാപ്രവർത്തനം അതീവ ജാഗ്രതയോടെയാണ് നടക്കുന്നത്.
വായു മലിനീകരണം രൂക്ഷമായതിനാൽ ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ പുക ശ്വസിക്കുന്നത് ഒഴിവാക്കാൻ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിഭാഗം നിർദേശം നൽകി. ജലക്ഷാമം നേരിടാനുള്ള സാധ്യത മുന്നിൽക്കണ്ട് ഫയർഫോഴ്സ് യൂണിറ്റുകൾക്ക് പുറമെ സ്വകാര്യ ടാങ്കറുകളിലും സമീപപ്രദേശങ്ങളിൽനിന്നും വെള്ളം എത്തിക്കുന്നുണ്ട്.