മൂന്നാംപക്കവും നീലക്കടല്‍ രഹസ്യങ്ങളും: അവലോകനം, കെ ആർ മോഹൻദാസ്

Nov 3, 2026 - 06:30
Nov 3, 2026 - 06:36
 0  16
മൂന്നാംപക്കവും നീലക്കടല്‍ രഹസ്യങ്ങളും: അവലോകനം, കെ ആർ മോഹൻദാസ്
കടൽ കൊണ്ടുപോയാൽ മൂന്നാംപക്കം തിരികെ നൽകുമെന്ന്  എഴുതിയത് പത്മരാജനാണ്.  കടലിനെ കേന്ദ്രകഥാപാത്രമാക്കി നോവലുകളും കഥകളും സിനിമകളും മലയാളത്തിൽ പിറന്നിട്ടുണ്ട്. അവയിൽ മിക്കതും കടലിനെ ഉപജീവനമാർഗമായി കണ്ട മനുഷ്യരുടെ ജീവിതവും അതിജീവനത്തിന്‍റെ പോരാട്ടങ്ങളും സ്വപ്നങ്ങളും വേദനകളുമായിരുന്നു ആവിഷ്കരിച്ചത്. എന്നാൽ കടലിനെ കേവലം ഒരു പശ്ചാത്തലമായോ ജീവിതോപാധിയായോ കാണാതെ, അതിന്‍റെ ആഴങ്ങളിൽ ഒളിഞ്ഞിരിക്കുന്ന വൈകാരികതകളെയും മനുഷ്യഹൃദയത്തിന്‍റെ നിഗൂഢഭാവങ്ങളെയും ഹൃദയസ്പർശിയായി അടയാളപ്പെടുത്തിയ ചലച്ചിത്രമാണ് പത്മരാജന്‍റെ മൂന്നാംപക്കം.

എന്നാൽ നീലക്കടലിന്‍റെ രഹസ്യപുസ്തകം തുറക്കുമ്പോൾ കടലിന്‍റെ മറ്റൊരു മുഖമാണ് അനുവാചകര്‍ക്കു മുന്നിൽ തെളിയുന്നത്. ഇവിടെ കടൽ വെറുമൊരു പ്രകൃതിദൃശ്യമായോ ജീവിതത്തിന്‍റെ ഭാഗമായോ ഒതുങ്ങുന്നില്ല; അത് മനുഷ്യമനസ്സിന്‍റെ പ്രതീകമായി മാറുന്നു. മനസ്സിന്‍റെ ആഴങ്ങളിൽ ഒളിപ്പിച്ചുവെച്ച സ്നേഹവും പകയും നൊമ്പരങ്ങളും ഓർമ്മകളും രഹസ്യങ്ങളുമെല്ലാം കടലിന്‍റെ ഭാഷയിൽ വായിച്ചെടുക്കാവുന്ന ഒരു വൈകാരിക ലോകം ഈ നോവൽ വായനക്കാര്‍ക്കു മുന്നിൽ തുറന്നിടുന്നു.

കടൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു  കവിതയാണെന്ന് ഈ കഥാകാരി ഹൃദയംകൊണ്ട് അടിവരയിടുന്നു. പ്രണയത്തെയും മരണത്തെയും ഒരുപോലെ തന്നിൽ ആവാഹിച്ചുനിൽക്കുന്ന കടലിനെ കഥാകാരി കാണുന്നത് വിസ്മയത്തോടെയും ആത്മബന്ധത്തോടെയുമാണ്.
നിരീഷിന്‍റെ മനസ്സും അങ്ങനെയൊരു ആഴക്കടലാണ്. പുറമേ ശാന്തമെന്നു തോന്നുമ്പോഴും ഉള്ളിൽ എണ്ണമറ്റ രഹസ്യങ്ങളും പറയാതെ പോയ കഥകളും ഒളിപ്പിച്ചുവെച്ചിരിക്കുന്ന നീലസാഗരം. അതിന്‍റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോഴാണ് മനുഷ്യഹൃദയത്തിന്‍റെ സങ്കീർണതകളും പ്രണയത്തിന്‍റെ നിഗൂഢതകളും നഷ്ടങ്ങളുടെ നിശ്ശബ്ദ വേദനകളും വായിച്ചെടുക്കാനാകുന്നത്.
പത്മരാജന്‍റെ കടൽ കവർന്നെടുത്തവരെ മൂന്നാംപക്കം തിരികെ നൽകുമെന്നൊരു പ്രതീക്ഷയുടെ തീരം തീർക്കുമ്പോൾ, ലാലിമയുടെ നീലക്കടൽ നിരീഷിന്‍റെ മനസ്സിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളുടെ പുസ്തകമാണ് തുറന്നുവെക്കുന്നത്.
ഒന്ന് നഷ്ടപ്പെട്ടവരുടെ മടങ്ങിവരവിനായി കാത്തുനിൽക്കുന്ന കടൽ; മറ്റൊന്ന് ഹൃദയത്തിൽ ഒളിപ്പിച്ചുവെച്ച  ജീവിതത്തിന്‍റെയും മരണത്തിന്‍റെയും രഹസ്യങ്ങൾ തിരകളിലൂടെ മന്ത്രിക്കുന്ന കടൽ. രണ്ടിടത്തും കടൽ വെറുമൊരു ജലവിസ്തൃതിയല്ല; മനുഷ്യജീവിതത്തിന്‍റെ ആഴവും അർത്ഥവും തേടുന്ന അനന്തമായൊരു ആത്മഭൂപടമാണ്.

                                       

                         കെ ആർ മോഹൻദാസ്