ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ ഒരുങ്ങുന്നു
അതിവേഗ റെയിൽ ഗതാഗത രംഗത്ത് നിർണായക ചുവടുവെപ്പുമായി ഇന്ത്യ. മുംബൈ–അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ ഇടനാഴിക്കായി തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമിക്കുന്ന ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ നിർമാണം പുരോഗമിക്കുന്നു. ബെംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന്റെ (ബി.ഇ.എം.എൽ) കേന്ദ്രത്തിലാണ് ട്രെയിനിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇന്ത്യയുടെ കാലാവസ്ഥയ്ക്കും പ്രവർത്തന സാഹചര്യങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് ഇന്ത്യൻ എൻജിനീയർമാർ ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പരീക്ഷണയോട്ടത്തിൽ മണിക്കൂറിൽ 280 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുന്ന തരത്തിലാണ് ട്രെയിൻ നിർമിക്കുന്നത്. സർവീസ് വേഗത മണിക്കൂറിൽ 249 കിലോമീറ്ററായിരിക്കും. നാല് മോട്ടോർ കാറുകളും നാല് ട്രെയിലർ കാറുകളും ഉൾപ്പെടെ എട്ട് കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. ആകെ 202 മീറ്റർ നീളമുള്ള ട്രെയിനിൽ 557 യാത്രക്കാർക്ക് സഞ്ചരിക്കാനാകും. ഭിന്നശേഷിക്കാർക്കായി രണ്ട് സീറ്റുകളും ക്രമീകരിച്ചിട്ടുണ്ട്.
ഏഴ് സ്റ്റാൻഡേർഡ് ക്ലാസ് കോച്ചുകളിൽ 3×2 സീറ്റിങ് സംവിധാനവും ഒരു എക്സിക്യൂട്ടീവ് ക്ലാസ് കോച്ചിൽ 2×2 സീറ്റിങ് സംവിധാനവുമാണ് ഒരുക്കുന്നത്. ട്രെയിനിന്റെ ഇരുവശങ്ങളിലും ഡ്രൈവർ ക്യാബുകളുണ്ടാകും. ഇന്റലിജന്റ് ഓൺബോർഡ് കൺട്രോൾ സംവിധാനവും ഇവയിൽ സജ്ജീകരിക്കും.