കൊച്ചി: സിപിഎം നേതാവ് കെ ജെ ഷൈനിനെ അധിക്ഷേപിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. കോടതിയുടെ നിർദേശപ്രകാരം ആലുവ സൈബർ പോലീസിൽ ഹാജരായ ഗോപാലകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
നേരത്തെ എറണാകുളം സെഷൻസ് കോടതിയിൽ ഗോപാലകൃഷ്ണൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് എന്ന് പോലീസ് അറിയിച്ചതോടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി നിർദേശം നൽകുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ ആലുവ റൂറൽ സൈബർ സ്റ്റേഷനിൽ ഹാജരായ ഗോപാലകൃഷ്ണനെ ഒന്നരമണിക്കൂറാണ് പോലീസ് ചോദ്യം ചെയ്തത്. തനിക്കെതിരെ സൈബർ ആക്രമണം ആരംഭിച്ചത് ഗോപാലകൃഷ്ണൻ ആയിരുന്നുവെന്ന് കെ ജെ ഷൈൻ ആരോപിച്ചിരുന്നു. പിന്നാലെ പരാതിയും നൽകി.
കേസിൽ ഒന്നാം പ്രതിയാണ് ഗോപാലകൃഷ്ണൻ. യൂട്യൂബറായ കെ എം ഷാജഹാനാണ് രണ്ടാം പ്രതി. കേസിൽ ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തതും പിന്നീട് കോടതിയിൽ നിന്ന് വിമർശനം ഏറ്റുവാങ്ങിയതും ഏറെ ചർച്ചയായിരുന്നു. പൊലീസ് കേസെടുത്തതോടെ ഒളിവിൽ പോയ ഗോപാലകൃഷ്ണന്റെ ഫോൺ വീട്ടിൽ നിന്ന് പിടിച്ചെടുത്തു