തങ്കഅങ്കി ചാര്‍ത്തി ദീപാരാധന; ഭക്തിസാന്ദ്രമായി സന്നിധാനം

Dec 26, 2025 - 19:31
 0  3
തങ്കഅങ്കി ചാര്‍ത്തി ദീപാരാധന; ഭക്തിസാന്ദ്രമായി സന്നിധാനം

ശബരിമല: അയ്യപ്പ വിഗ്രഹത്തില്‍ തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന ഭക്തിസാന്ദ്രം. ശരംകുത്തിയില്‍ എത്തിച്ചേര്‍ന്ന ഘോഷയാത്രയെ ആചാരപരമായ വരവേല്‍പ്പ് നല്‍കിയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികളും,ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചത്.

പുലര്‍ച്ചെ പെരുനാട് ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര ളാഹ സത്രം, പ്ലാപ്പളളി, നിലയ്ക്കല്‍, ചാലക്കയം വഴി ഉച്ചയ്ക്ക് 1.30 ഓടെയാണ് പമ്പയിലെത്തിയത്. പമ്പയില്‍ നിന്നും പമ്പാ ഗണപതി ക്ഷേത്രത്തിലേക്ക് ഘോഷയാത്രയെ സ്വീകരിച്ചാനയിച്ചു. ഇവിടെ വിശ്രമിച്ച ശേഷം മൂന്ന് മണിയോടെ ഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെട്ടത്.

ഘോഷയാത്രയോടനുബന്ധിച്ചു പമ്പയിലും സന്നിധാനത്തും ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ദീപാരാധനയ്ക്ക് ശേഷമാണ് തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നത്. നാളെ രാവിലെ 10.10 നും 11 30 നും മദ്ധ്യേയുള്ള സമയത്ത് തങ്കയങ്കി ചാര്‍ത്തി മണ്ഡല പൂജ നടക്കും.