പണമില്ലെന്ന പേരിൽ ചികിത്സ നിഷേധിക്കരുത്: ആശുപത്രികൾക്ക് മാർഗനിർദേശങ്ങളുമായി ഹൈക്കോടതി
കൊച്ചി: രോഗികൾക്ക് പണമില്ലാത്തതോ രേഖകകളില്ലാത്തതോ ചികിത്സാ നിഷേധത്തിന് കാരണമാകരുതെന്ന് കേരള ഹൈക്കോടതി നിർദേശം. ആശുപത്രികളുടെ പ്രവർത്തനത്തിന് കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്റ്റ് പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടി 30 ദിവസത്തിനകം അറിയിക്കണം എന്നും ആശുപത്രി മാനേജുമെന്റുകളുടെ ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.
രോഗികളുടെ അവകാശങ്ങൾ സുതാര്യമായ ചികിത്സാ രീതിയിലൂടെ ഉറപ്പാക്കണം എന്നതാണ് ഹൈക്കോടതിയുടെ പ്രധാന നിർദേശം. അത്യാഹിതത്തിൽ എത്തുന്ന രോഗികളെ പരിശോധിക്കണം. പണമോ രേഖകളോ ഇല്ലാത്തതിനാൽ ചികിത്സ നിഷേധിക്കരുത്. തുടർചികിത്സ വേണമെങ്കിൽ ആശുപത്രി മാറ്റണം. ഇതിനുള്ള ഉത്തരവാദിത്വം പ്രാഥമികമായി പ്രവേശിപ്പിക്കുന്ന ആശുപത്രിയുടേതാണെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു.
രോഗികൾക്ക് ആവശ്യമായ വിവരങ്ങൾ സമയബന്ധിതമായി നൽകണം. ഡിസ്ചാർജ് സമയം, പരിശോധനാ ഫലങ്ങൾ കൈമാറണം. ചികിത്സാ നിരക്ക് മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം. ആശുപത്രികളിൽ പരാതി പരിഹാര ഡെസ്‌ക് വേണം. പരാതികൾ ഏഴ് ദിവസത്തിനുള്ളിൽ പരിഹരിക്കണം. പരിഹരിക്കപ്പെടാത്തവ ഡിഎംഒയ്ക്ക് കൈമാറണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
2018 ൽ നിലവിൽ വന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്റ്റിനെതിരെ ആയിരുന്നു ആശുപത്രി മാനേജുമെന്റുകൾ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി നേരത്തെ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഈ നടപടി ചോദ്യം ചെയ്താണ് ഹർജിക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.