ശബരിമല സ്വർണ്ണക്കൊള്ള കേസ്; എൻ വാസുവിന് ജാമ്യം
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മീഷണറുമായ എൻ. വാസുവിന് കൊല്ലം വിജിലൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിൽ പ്രത്യേക അന്വേഷണ സംഘം നിശ്ചിത സമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതാണ് വാസുവിന് പുറത്തിറങ്ങാൻ വഴിയൊരുക്കിയത്.
കേസിലെ മൂന്നാം പ്രതിയായ എൻ. വാസുവിന്റെ റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് കോടതി സ്വാഭാവിക ജാമ്യം നൽകിയത്. ജാമ്യഹർജിയിൽ വിവേചനം കാണിക്കാൻ കഴിയില്ലെന്ന് നേരത്തെ തന്നെ കോടതി വ്യക്തമാക്കിയിരുന്നു.
എസ്.ഐ.ടി കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് കേസിലെ മറ്റ് പ്രതികൾക്കും ഗുണകരമാകുന്നുണ്ട്. ഇതുവരെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ അഞ്ച് പ്രതികളാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. കുറ്റപത്രം നൽകുന്നത് ഇനിയും നീണ്ടുപോയാൽ കേസിലെ മറ്റൊരു പ്രധാന പ്രതിയായ എ. പത്മകുമാറിനും സ്വാഭാവിക ജാമ്യം തേടാൻ സാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
അതേസമയം കേസിലെ മറ്റ് പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ, കെ.എസ്. ബൈജു എന്നിവരുടെ റിമാൻഡ് കാലാവധി കോടതി 14 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.
കേസിലെ മറ്റൊരു സുപ്രധാന വഴിത്തിരിവായ തന്ത്രി കണ്ഠര് രാജീവരുടെ രണ്ട് ജാമ്യഹർജികളിലും കോടതിയിൽ വാദം പൂർത്തിയായി. ഈ മാസം 18-ന് ഈ ഹർജികളിൽ വിധി പ്രസ്താവിക്കും.