ദുർമന്ത്രവാദ പ്രവൃത്തികൾ തടയുന്നതിന് നിയമം അനിവാര്യം: അഡ്വ. പി സതീദേവി
തിരുവനന്തപുരം: ദുർമന്ത്രവാദ പ്രവൃത്തികളും ആഭിചാര ക്രിയകളും തടയുന്നതിന് നിയമം അനിവാര്യമാണെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നതെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി.
കോഴിക്കോട് കെ ടി ഡി സൊസൈറ്റി ഹാളിൽ നടന്ന ജില്ലാതല സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ. ഇത്തരം സംഭവങ്ങളിൽ കഷ്ടത അനുഭവിക്കേണ്ടിവരുന്നത് സ്ത്രീകളും കുട്ടികളുമാണെന്നതാണ് യാഥാർഥ്യം. കോട്ടയത്ത് പെൺകുട്ടിയുടെ പരാതി ലഭിച്ചത് കൊണ്ടുമാത്രമാണ് പൊലീസിന് കേസെടുക്കാൻ കഴിഞ്ഞത്. പെൺകുട്ടി കടുത്ത മാനസിക ശാരീരിക പീഡനങ്ങൾക്ക് വിധേയയായിട്ടുണ്ട്. വിഷയത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുകയും മുഴുവൻ കുറ്റവാളികളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും വേണമെന്ന് കമ്മീഷൻ അധ്യക്ഷ പറഞ്ഞു.
മണ്ണാർക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ പെൺകുട്ടിയെ നേരിട്ട് വിളിച്ചു സംസാരിച്ചിരുന്നു. വിവാഹം രജിസ്റ്റർ ചെയ്യാൻ പൂജ കഴിക്കണം എന്ന് ഭർത്താവ് പറഞ്ഞത് അതേപടി വിശ്വസിക്കുകയായിരുന്നു കുട്ടി.കമ്മീഷന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അഡ്വ. സതീദേവി പറഞ്ഞു.