ശബരിമലയിലെ സ്വര്‍ണക്കൊള്ള സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം

Jan 18, 2026 - 15:49
 0  5
ശബരിമലയിലെ സ്വര്‍ണക്കൊള്ള സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം. ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച കട്ടിളപ്പാളി ദ്വാരപാലക ശില്‍പങ്ങളില്‍ സ്വര്‍ണം കുറവ് വന്നതായാണ് വി.എസ്.എസ്.സി പരിശോധ ഫലത്തില്‍ പറയുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. വി.എസ്.എസ്.സി റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണത്തിലെ വളരെ പ്രധാനപ്പെട്ട രേഖയാണ് വി.എസ്.എസ്.സിയുടെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട്. കഴിഞ്ഞ നവംബര്‍ 17 ന് 14 മണിക്കൂറാണ് വി.എസ്.എസ്.സി സംഘം സന്നിധാനത്ത് പരിശോധന നടത്തിയത്. 1998 ലെ കണക്കില്‍ നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ കട്ടിളപ്പാളിയിലേയും ദ്വാരപാലക ശില്‍പത്തിലേയും സ്വര്‍ണത്തിന്റെ അളവ് എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മറ്റ് പാളികളില്‍ നിന്ന് സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും വി.എസ്.എസ്.സി പരിശോധിച്ചിട്ടുണ്ട്. അതിന്റെ ഫലവും എസ്.ഐ.ടിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.