പി.വി.അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു
കൊച്ചി: പി.വി.അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചെന്ന് വാര്‍ത്താസമ്മേളനത്തിൽ അൻവർ പറഞ്ഞു. മെയ് 15നുള്ളിൽ പുതിയ സംസ്ഥാന പാര്‍ട്ടിക്ക് രൂപം നൽകുമെന്നും തൃണമൂൽ കോണ്‍ഗ്രസുമായി ഇനി ഒരു ബന്ധവുമില്ലെന്നും അൻവര്‍ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്വത്തിൽ നിന്ന് തനിക്ക് യാതൊരു പിന്തുണയും ലഭിച്ചില്ല. കോണ്‍ഗ്രസുമായുള്ള സഹകരണം ടിഎംസി അംഗീകരിക്കുന്നില്ല. കോണ്‍ഗ്രസുമായി സഹകരിക്കുന്നത് പശ്ചിമ ബംഗാളിലെ രാഷ്ട്രീയത്തിന് ബുദ്ധിമുട്ടാകുമെന്നാണ് അവര്‍ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് താൻ പാര്‍ട്ടി വിടാൻ തീരുമാനിച്ചതെന്ന് അൻവര്‍ പറഞ്ഞു.
തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കുകയാണെന്ന് അറിയിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റും അൻവർ ഷെയർ ചെയ്തിരുന്നു. എറണാകുളം കളമശ്ശേരി സീ പാർക്ക് ഹോട്ടലിൽ ചേർന്ന ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിന് പിന്നാലെയാണ് ഇക്കാര്യം അറിയിച്ചത്.