ശബരിമല സ്വർണക്കൊള്ള: പ്രതികളെ എസ്ഐടി സംരക്ഷിക്കാൻ ശ്രമിക്കുന്നു; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നിരീക്ഷണവുമായി ഹൈക്കോടതി. സംരക്ഷകർ തന്നെ സംഹാരികളായി മാറിയ അപൂർവ കുറ്റകൃത്യമാണിതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കേസിൽ പ്രതികളുടെ ജാമ്യ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമർശം.
എസ്ഐടിക്കെതിരേ രൂക്ഷ വിമർശനമാണ് കോടതി നടത്തിയത്. ചില പ്രധാന പ്രതികളെ അറസ്റ്റു ചെയ്യുന്നതിൽ അന്വേഷണ സംഘം കാണിച്ച കാലതാമസത്തിൽ കോടതി അതൃപ്തി അറിയിച്ചു. അന്വേഷണത്തിൽ അലംഭാവം കാട്ടരുതെന്നും കോടതി വ്യക്തമാക്കി. അന്വേഷണം ഉന്നതരിലേക്ക് നീളണമെന്നും അന്വേഷണം ശരിയായ രീതിയിൽ നടക്കണമെന്നും ജസ്റ്റിസ് വ്യക്തമാക്കി.