ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും അന്വേഷണം നടത്തണം; ശബരിമല സ്വർണക്കൊള്ളയിൽ ഹൈക്കോടതി
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ എത്ര സ്വർണം നഷ്ടപ്പെട്ടു എന്ന് കണ്ടെത്തണമെന്ന് ഹൈക്കോടതി. ശബരിമല സ്വർണ്ണപ്പാളി കേസിൽ ശാസ്ത്രീയ അന്വേഷണത്തിന് എസ്ഐടിക്ക് ഹൈക്കോടതി അനുമതി നൽകി. ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും അന്വേഷണം നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.
സ്വർണ്ണപ്പാളി കേസിൽ ശാസ്ത്രീയ അന്വേഷണത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ നിന്ന് സ്വർണ്ണ സാമ്പിൾ ശേഖരിക്കാമെന്നും ഹൈക്കോടതി നിർദേശിച്ചു. എന്തുമാത്രം സ്വർണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ടെന്നാണ് ഹൈക്കോടതി വിലയിരുത്തൽ. അതേസമയം ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും അന്വേഷണം നടത്താൻ എസ്ഐടിക്ക് കോടതി നിർദേശം നൽകി.
ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും പോറ്റിയെ മുൻ നിർത്തി വൻ തട്ടിപ്പ് നടന്നതായി സംശയിക്കുന്നുവെന്ന് ഹൈക്കോടതി അറിയിച്ചു. ചെന്നൈയിൽ എന്താണ് നടന്നത് എന്ന് കൃത്യമായി അറിയണം. പോറ്റിക്ക് ഉദ്യോഗസ്ഥർ അമിത സ്വാതന്ത്ര്യം നൽകി. പോറ്റി നടത്തിയ പല ഇടപാടുകളിലും ദേവസ്വം ഉദ്യോഗസ്ഥർ ഒത്താശ ചെയ്തുവെന്നും ഹൈക്കോടതി പറഞ്ഞു.
ദേവസം ബോർഡിനെതിരെയും ഹൈക്കോടതി ആഞ്ഞടിച്ചു. ആരെല്ലാം സ്വർണ്ണക്കൊള്ളയുടെ ഭാഗമായോ അവരിലേക്ക് എല്ലാം അന്വേഷണം എത്തണമെന്ന് ഹൈക്കോടതി പറഞ്ഞു. ദേവന്റെ സ്വത്ത് സംരക്ഷിക്കുകയാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമോ എന്ന് പരിശോധിക്കണമെന്നും എസ്ഐടിയോട് ഹൈക്കോടതി പറഞ്ഞു.