“എന്നെ ജനങ്ങൾ തെരഞ്ഞെടുത്തത് അഞ്ചുവർഷത്തേക്ക്": മുഖ്യമന്ത്രി കസേര പങ്കിടുമെന്ന വാർത്തകൾ തള്ളി സിദ്ധരാമയ്യ

Dec 19, 2025 - 19:24
 0  3
“എന്നെ ജനങ്ങൾ തെരഞ്ഞെടുത്തത് അഞ്ചുവർഷത്തേക്ക്": മുഖ്യമന്ത്രി കസേര പങ്കിടുമെന്ന   വാർത്തകൾ  തള്ളി സിദ്ധരാമയ്യ
കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ചർച്ചകൾ ശക്തമാകുന്നതിനിടയിൽ, മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമായ നിലപാടുമായി രംഗത്തെത്തി. അധികാരം പങ്കിടുന്നതുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള കരാറുകൾ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, തനിക്ക് ലഭിച്ച ജനവിധി അഞ്ചുവർഷത്തേക്കുള്ളതാണെന്നും ആ കാലയളവ് മുഴുവൻ മുഖ്യമന്ത്രിയായി തുടരാനുള്ള അവകാശം തനിക്കുണ്ടെന്നും തുറന്നടിച്ചു.
നിയമസഭയിൽ സംസാരിക്കവെയാണ്, താൻ 'അഞ്ച് വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതാണെന്നും' പാർട്ടി ഹൈക്കമാൻഡ് ആഗ്രഹിക്കുന്നിടത്തോളം കാലം സംസ്ഥാനത്തെ നയിക്കുന്നത് തുടരുമെന്നും മുഖ്യമന്ത്രി തറപ്പിച്ചു പറഞ്ഞത്. ഇതോടെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ഉണ്ടായിരുന്ന രണ്ടര വർഷത്തെ അധികാര പങ്കിടൽ കരാർ  സിദ്ധരാമയ്യ പരസ്യമായി നിഷേധിച്ചു.
“എന്നെ ജനങ്ങൾ തെരഞ്ഞെടുത്തത് അഞ്ചുവർഷത്തേക്കാണ്. ആ ഉത്തരവാദിത്തം നിറവേറ്റുക എന്നതാണ് എന്റെ കടമ,” എന്നാണ് സിദ്ധരാമയ്യ നിയമസഭയിൽ പറഞ്ഞത്. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് പാർട്ടിക്കുള്ളിൽ നടക്കുന്ന അഭ്യൂഹങ്ങളെയും അധികാര കൈമാറ്റ കരാറുകളെക്കുറിച്ചുള്ള പ്രചാരണങ്ങളെയും അദ്ദേഹം വ്യക്തമായി തള്ളിക്കളഞ്ഞു. ഇത്തരത്തിലുള്ള ചർച്ചകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഇപ്പോഴത്തെ സർക്കാർ സ്ഥിരതയോടെയും ഐക്യത്തോടെയും മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.