മസാല ബോണ്ട്: കിഫ്ബിക്കും മുഖ്യമന്ത്രിക്കും തിരിച്ചടി; ഇഡിക്ക് നടപടികൾ തുടരാം
എറണാകുളം: മസാല ബോണ്ട് ഇടപാടിലെ കാരണം കാണിക്കൽ നോട്ടീസുമായി ബന്ധപ്പെട്ട തുടർനടപടികളുമായി ഇഡിക്ക് മുന്നോട്ടുപോകാം. അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റിയുടെ നോട്ടീസിലെ തുടർനടപടികൾ തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ ഇടക്കാല ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ജനുവരി അഞ്ച് വരെയാണ് സ്റ്റേ.
ഇഡി സമർപ്പിച്ച അപ്പീലിലാണ് നടപടി. ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധർമാധികാരി, പിവി ബാലകൃഷ്ണൻ എന്നിവർ ഉൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കേസിൽ ജനുവരി 5ന് അന്തിമവാദം കേൾക്കും. മസാല ബോണ്ട് ഇടപാടിലെ ഫെമ ചട്ടലംഘനത്തിൽ കിഫ്ബി, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ ഇഡി അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റി അയച്ച നോട്ടീസ് സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തതിനെതിരെയാണ് അപ്പീൽ.
ഇഡിയുടെ വാദങ്ങൾ കിഫ്ബിയുടെ അപക്വമായ ഹർജിയിലാണ് സ്റ്റേ അനുവദിച്ചതെന്നായിരുന്നു ഇഡിയുടെ വാദം. അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റി അന്തിമ തീരുമാനത്തിലേക്ക് കടന്നിട്ടില്ലെന്നും പ്രാഥമിക നോട്ടീസാണ് അയച്ചിരുന്നതെന്നും ഇഡി വാദമുയർത്തി. സിംഗിൾ ബെഞ്ച് അധികാരപരിധി മറികടന്നെന്നായിരുന്നു അപ്പീലിൽ ഇഡിയുടെ മറ്റൊരു വാദം. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. അതേസമയം മസാല ബോണ്ടിലൂടെ സമാഹരിച്ച പണം അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായാണ് ഉപയോഗിച്ചതെന്നാണ് കിഫ്ബി ഉന്നയിച്ച വാദം.
മുൻകാല നടപടികൾ കിഫ്ബിയുടെ ഹർജിയിലായിരുന്നു നോട്ടീസിലെ തുടർനടപടികൾ സിംഗിൾ ബെഞ്ച് നേരത്തെ സ്റ്റേ ചെയ്തത്. ഹർജിയിൽ വിശദമായ സത്യവാങ്മൂലം നൽകാൻ ഇഡിക്ക് സിംഗിൾ ബെഞ്ച് നിർദേശം നൽകിയിരുന്നു.