സംസ്ഥാന പര്യടനം നിർത്തിവച്ച് വിജയ്; 20 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ സംസ്ഥാന പര്യടനം നിർത്തിവച്ച് ടിവികെ അധ്യക്ഷൻ വിജയ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയ് 20 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു.
വിജയ് എക്സിൽ കുറിച്ചത് ഇങ്ങനെ:
നികത്താൻ കഴിയാത്ത നഷ്ടമാണിത്. ആരൊക്കെ ആശ്വാസവാക്കുകൾ പറഞ്ഞാലും പ്രിയപ്പെട്ടവരുടെ നഷ്ടം അത് താങ്ങാനാവുന്നതല്ല. എന്നിരുന്നാലും നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗമെന്ന നിലയിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഓരോ കുടുംബത്തിനും 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നൽകും. ഈ നിമിഷത്തിൽ നിങ്ങളുടെ കുടുംബത്തിലെ അംഗമെന്ന നിലയിൽ എന്റെ പ്രിയപ്പെട്ടവർക്കൊപ്പം നിൽക്കുക എന്നത് എന്റെ കടമയാണ്.
അതേസമയം കരൂരിലെ ടിവികെ റാലിയിലുണ്ടായ മഹാദുരന്തത്തിൽ പോലീസ് കേസെടുത്തു. കരൂർ വെസ്റ്റ് ടിവികെ സെക്രട്ടറിയെ പ്രതിചേർത്താണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. വി.പി മതിയഴകനെതിരെയാണ് കേസ്. കൊലപാതകശ്രമത്തിന് ആണ് കേസെടുത്തിരിക്കുന്നത്. ടിവികെ സംസ്ഥാന നേതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യ, പൊതുസുരക്ഷയെ അപകടപ്പെടുത്തൽ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്