ന്യൂഡൽഹി: ഇന്ത്യയിൽ ക്രൈസ്തവ വിശ്വാസികൾ നേരിടുന്ന പീഡനങ്ങൾക്കും അക്രമങ്ങൾക്കുമെതിരെ, ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ക്രിസ്ത്യൻ പീസ് മിഷന്റെ' നേതൃത്വത്തിൽ സമര പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നു. ക്രൈസ്തവരുടെ പൗരാവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, ഒക്ടോബർ പത്തിന് ഡെൽഹിയിലെ ജന്തർ മന്തറിൽ, രാവിലെ 9.30 മുതൽ ഉച്ചക്ക് ഒരുമണി വരെയാണ് 'സമര പ്രഖ്യാപന കൺവെൻഷൻ' നടക്കുന്നത്.
'CHRISTIAN'S PROTEST FOR CIVIL RIGHTS PROTECTION' എന്ന പേരിൽ നടക്കുന്ന സമര പ്രഖ്യാപന കൺവെൻഷനിൽ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും, ജനപ്രതിനിധികളും, വിവിധ ക്രൈസ്തവ സഭകളിലെ മത നേതാക്കന്മാരും ക്രൈസ്തവ വിശ്വാസികളും പങ്കെടുക്കുമെന്ന് 'ക്രിസ്ത്യൻ പീസ് മിഷൻ' ചെയർമാൻ രാജീവ് ജോസഫ് അറിയിച്ചു.
ഡൽഹിയിലെ സമരത്തിനുശേഷം രാജ്യം മുഴുവൻ അരങ്ങേറുന്നത് സമര പരമ്പരകളായിരിക്കും. അടുത്ത രണ്ടു വർഷത്തിനുള്ളിൽ, ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും രാജ്യം ഇന്നുവരെ കാണാത്ത തരത്തിൽ ക്രൈസ്തവ വിശ്വാസികളുടെ സമര പോരാട്ടങ്ങൾ നടക്കുമെന്ന് രാജീവ് ജോസഫ് പ്രഖ്യാപിച്ചു.
ഒക്ടോബർ 10 ന് ഡെൽഹിയിൽ നടക്കുന്ന സമര പ്രഖ്യാപന കൺവെൻഷനുശേഷം, നവംബർ മാസത്തിൽ തിരുവനന്തപുരത്തും, ഡിസംബറിൽ ഛത്തീസ്‌ഗഡിലും, ജനുവരിയിൽ ഉത്തർപ്രദേശിലും, ഫെബ്രുവരിയിൽ ജാർക്കണ്ടിലും, മാർച്ചിൽ മദ്ധ്യപ്രദേശിലും സമരങ്ങൾ സംഘടിപ്പിക്കും. ബാക്കി സംസ്ഥാനങ്ങളിലെ സമര പരിപാടികൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കുന്ന സമര പരിപാടികളിൽ പങ്കെടുക്കുവാൻ സാധിക്കുന്ന ക്രൈസ്തവ വിശ്വാസികൾ, 9072795547 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക്, പേര്, അഡ്രസ്, ഫോട്ടോ എന്നിവ അയക്കുക. എല്ലാവർക്കും ബാഡ്ജുകൾ ഉടൻതന്നെ വിതരണം ചെയ്യുന്നതായിരിക്കും.