റിയാദില്‍ കെട്ടിട വാടക വര്‍ധിപ്പിക്കുന്നതിന് അഞ്ച് വര്‍ഷത്തേക്ക് വിലക്ക്

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് നഗരത്തിലെ കെട്ടിട വാടക വർധനവ് അടുത്ത അഞ്ച് വർഷത്തേക്ക് മരവിപ്പിച്ചുകൊണ്ട് മന്ത്രിസഭ സുപ്രധാനമായ നിയമനിർമ്മാണം നടത്തി.
ഭവനച്ചെലവ് സ്ഥിരപ്പെടുത്തുന്നതിനും വാടകക്കാരും കെട്ടിട ഉടമകളും തമ്മില്‍ നീതി ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്രമായ ഈ നടപടി, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സല്‍മാന്റെ നിർദേശപ്രകാരമാണ് നടപ്പിലാക്കിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമങ്ങള്‍ റിയാദിൻ്റെ നഗരപരിധിയിലുള്ള വാണിജ്യ, താമസ കെട്ടിടങ്ങളുടെ വാടക അഞ്ച് വർഷത്തേക്ക് വർധിപ്പിക്കുന്നത് തടയും. റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റിയുടെ ശുപാർശ പ്രകാരം രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും ഈ പരിഷ്കാരം വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്.
റിയാദിലെ വാടക വിപണിയില്‍ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്ന നിരവധി വ്യവസ്ഥകളാണ് പുതിയ ചട്ടങ്ങളിലുള്ളത്. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ക്കും ഫ്ലാറ്റുകള്‍ക്കും നേരത്തെ രജിസ്റ്റർ ചെയ്ത ഏറ്റവും ഒടുവിലത്തെ കരാറിലെ വാടക ആയിരിക്കും പുതിയ വാടക. എന്നാല്‍ ആദ്യമായി വാടകയ്ക്ക് നല്‍കുന്ന കെട്ടിടങ്ങളുടെയോ ഫ്ലാറ്റുകളുടെയോ വാടക കെട്ടിട ഉടമയ്ക്കും വാടകക്കാർക്കും സ്വതന്ത്രമായി തീരുമാനിക്കാം.
രാജ്യത്തുടനീളമുള്ള എല്ലാ വാടകക്കരാറുകളും 'ഈജാർ' പ്ലാറ്റ്‌ഫോം വഴി രജിസ്റ്റർ ചെയ്തിരിക്കണം. കരാർ വിവരങ്ങള്‍ക്കെതിരെ ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ 60 ദിവസത്തിനുള്ളില്‍ ഉന്നയിക്കാം. ആക്ഷേപമില്ലെങ്കില്‍ കരാർ സാധുവായി കണക്കാക്കും. കരാർ കാലാവധി അവസാനിക്കുന്നതിന് 60 ദിവസം മുമ്ബെങ്കിലും ഏതെങ്കിലും ഒരു കക്ഷി അറിയിപ്പ് നല്‍കിയില്ലെങ്കില്‍ കരാർ സ്വയമേവ പുതുക്കപ്പെടും. വാടകക്കാർക്ക് കരാർ നീട്ടാൻ താല്‍പ്പര്യമുണ്ടെങ്കില്‍ കെട്ടിട ഉടമയ്ക്ക് അത് നിരസിക്കാൻ കഴിയില്ല. എന്നാല്‍, വാടക നല്‍കാതിരിക്കുക, കെട്ടിടങ്ങള്‍ക്ക് സുരക്ഷയെ ബാധിക്കുന്ന ഘടനാപരമായ തകരാറുകള്‍ ഉണ്ടാക്കുക, കെട്ടിട ഉടമയുടെയോ അവരുടെ അടുത്ത ബന്ധുവിൻ്റെയോ സ്വകാര്യ ഉപയോഗത്തിനായി കെട്ടിടം ആവശ്യമുണ്ടാവുക എന്നീ മൂന്ന് സാഹചര്യങ്ങളില്‍ ഉടമയ്ക്ക് ഒഴിവുകഴിവുകള്‍ അനുവദിച്ചിട്ടുണ്ട്.