ഇഎംഎസിന്റെ മകൾ ഡോ.മാലതി ദാമോദരൻ അന്തരിച്ചു

തിരുവനന്തപുരം: ഇഎംഎസിന്റെ മകൾ ഡോ.മാലതി ദാമോദരൻ (87) അന്തരിച്ചു. ശാസ്തമംഗലത്തെ മംഗലം ലെയിനിലുള്ള വീട്ടിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ഉച്ചക്ക് 12 മണിക്ക് ശാന്തികവാടത്തില്‍.
കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മൂത്ത മകളാണ് മാലതി. അറിയപ്പെടുന്ന ശിശുരോഗ വിദഗ്ദ്ധയായിരുന്നു. ക്രിസ്ത്യൻ മെഡിക്കൽ കോളേജ് വെല്ലൂരിൽ ശിശുരോഗ വിദഗ്ധയായി സേവനം അനുഷ്ഠിച്ചിരുന്നു. അവിടെനിന്നും വിരമിച്ചശേഷം ദീർഘകാലം ശാസ്തമംഗലത്ത് ശ്രീ രാമകൃഷ്ണ മിഷൻ ആശുപത്രിയിൽ ഡോക്ടറായിരുന്നു.
ജനകീയ പൊതുജനാരോഗ്യ പ്രവർത്തക കൂടിയായിരുന്നു ഡോ.മാലതി. ഇന്ത്യയിലെ പ്രമുഖ ജനകീയാരോഗ്യ സംഘടനയായ മെഡിക്കോ ഫ്രെണ്ട്സ് സർക്കിളിന്റെ പ്രവർത്തകയായിരുന്നു.
പരേതനായ പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ. എ.ഡി.ദാമോദരന്‍ ആണ് ഭര്‍ത്താവ്. മക്കള്‍: പ്രൊഫ. സുമംഗല (അധ്യാപിക, ഡല്‍ഹി യൂണിവേഴ്‌സിറ്റി), ഹരീഷ് ദാമോദരന്‍ (റൂറല്‍ അഫയേഴ്സ് എഡിറ്റര്‍, ഇന്ത്യന്‍ എക്‌സ്പ്രസ് ഡൽഹി).
ഡോ.മാലതി ദാമോദരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു.