വാളയാറിലെ ആൾക്കൂട്ട കൊലപാതകം: കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

Dec 22, 2025 - 20:15
Dec 22, 2025 - 20:24
 0  5
വാളയാറിലെ ആൾക്കൂട്ട കൊലപാതകം: കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

പാലക്കാട് വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട രാംനാരായൺ ബാഗലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ അറിയിച്ചു  .

സംഭവത്തിൽ പ്രതികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കും. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിച്ചുവരികയാണെന്നും, കേസിന്റെ വിശദാംശങ്ങൾ പരിശോധിച്ച് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നൽകുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്നും, കേരളം പോലുള്ള ഒരു പരിഷ്കൃത സമൂഹത്തിന് ഇത്തരം പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് രാംനാരായണിന്റെ കുടുംബം. എല്ലാ പ്രതികളെയും മാതൃകാപരമായി ശിക്ഷിക്കണമെന്നും, തങ്ങൾ ദളിത് വിഭാഗത്തിൽപ്പെട്ടവരായതിനാൽ പ്രതികൾക്കെതിരെ എസ്‌സി/എസ്‌ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം കേസെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അതുവരെ കേരളത്തിൽ തുടരുമെന്നും ബന്ധുക്കൾ വ്യക്തമാക്കി. മരിച്ച രാംനാരായണിന്റെ ഭാര്യ ലളിതയും മക്കളായ അനുജ്, ആകാശ് എന്നിവരും ഛത്തീസ്‌ഗഢിൽ നിന്ന് തൃശൂരിലെത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹം കണ്ട് തകർന്നുപോയ കുടുംബാംഗങ്ങളെ ആക്ഷൻ കൗൺസിൽ പ്രവർത്തകർ ചേർന്നാണ് ആശ്വസിപ്പിച്ചത്.

സംഭവത്തിൽ ആർഎസ്എസിനെതിരെ കടുത്ത വിമർശനവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് രംഗത്തെത്തി. കൊല്ലപ്പെട്ട യുവാവിനോട് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മർദ്ദിച്ചത് ആർഎസ്എസ് പ്രചരിപ്പിക്കുന്ന വംശീയ വിദ്വേഷത്തിന്റെ ഫലമാണെന്ന് അദ്ദേഹം ആരോപിച്ചു.

മാധ്യമങ്ങൾ ഇതിനെ വെറുമൊരു ആൾക്കൂട്ട കൊലപാതകമായി ചിത്രീകരിച്ച് പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. പ്രതികളിൽ രണ്ടുപേർ നേരത്തെ ആർഎസ്എസ്-സിപിഎം സംഘർഷത്തിനിടെ സിപിഎം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളാണെന്നും അവരുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തമാണെന്നും മന്ത്രി പറഞ്ഞു.

സിപിഎമ്മിന് ഈ സംഭവത്തിൽ ദൂരൂഹമായ എന്തെങ്കിലും പങ്കുണ്ടായിരുന്നെങ്കിൽ മാധ്യമങ്ങൾ ഇതിനോടകം വലിയ ചർച്ചകൾ നടത്തുമായിരുന്നുവെന്നും, ഇപ്പോൾ ആർഎസ്എസിനെ ഭയന്നാണ് മാധ്യമങ്ങൾ മിണ്ടാതിരിക്കുന്നതെന്നും മന്ത്രി രാജേഷ് പറഞ്ഞു. വംശീയ വിദ്വേഷം പടർത്തുന്ന ഇത്തരം പ്രവണതകൾ കേരളത്തിൽ അനുവദിക്കില്ലെന്ന് സർക്കാർ ആവർത്തിച്ചു.

സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പോലീസ് അറിയിച്ചു.