തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന ചർച്ചയിൽ പ്രശ്നപരിഹാരം ഉണ്ടായില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും തങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായിട്ടില്ലെന്നും ആലപ്പുഴ ഗെസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയുമായി നടന്ന അനുനയ ചർച്ചയ്ക്കു ശേഷം ബിനോയ് വിശ്വം പ്രതികരിച്ചു.
"മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഞങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായിട്ടില്ല. ഞങ്ങളുടെ പ്രശ്നങ്ങൾ ഇപ്പോഴും ബാക്കിയാണ്. അടുത്തഘട്ട തീരുമാനങ്ങൾ പിന്നാലെ അറിയിക്കും. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇവിടെയും ഡൽഹിയിലും നേതൃത്വം ഉണ്ട്. ആവശ്യമുള്ള എല്ലാ ചർച്ചകൾക്കും ശേഷം തീരുമാനം വ്യക്തമാക്കും," ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്.സിപിഐ മന്ത്രിമാരായ കെ. രാജന്‍, പി. പ്രസാദ്, ജി.ആര്‍. അനില്‍, ജെ. ചിഞ്ചുറാണി എന്നിവർ വിട്ടു നില്‍ക്കുമെന്നാണ് സൂചന. അനുനയ നീക്കം പാളിയതോടെയാണ് തീരുമാനം. വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് സിപിഐ എക്സിക്യൂട്ടീവിലെ പൊതുവികാരം എന്നാണ് റിപ്പോർട്ട്.