ആഗോള അയ്യപ്പസംഗമം; തങ്ങളുടെ വാദം കേൾക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

സംസ്ഥാനത്ത് നടത്താനിരിക്കുന്ന ആഗോള അയ്യപ്പസംഗമം സ്റ്റേ ചെയ്യുന്നതിന് മുമ്പ് തങ്ങളുടെ വാദം കേൾക്കണമെന്ന ആവശ്യവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ. ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ തടസ്സഹർജി ഫയൽചെയ്‌തു. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ അഭിഭാഷകൻ പി.എസ്. സുധീറാണ് സുപ്രീം കോടതിയിൽ തടസ്സഹർജി ഫയൽ ചെയ്‌തത്.
കേസിൽ ഭരണഘടന വിദഗ്ധരെ ഹാജരാക്കാനും ബോർഡ് നടപടി ആരംഭിച്ചു. അതേസമയം സ്റ്റേ ആവശ്യത്തെ എതിർക്കാൻ സംസ്ഥാന സർക്കാരും തീരുമാനിച്ചിട്ടുണ്ട്. ആഗോള അയ്യപ്പസംഗമത്തിനെ സംസ്ഥാന സർക്കാരും സുപ്രീം കോടതിയിൽ പിന്തുണയ്ക്കും. എന്നാൽ, സർക്കാർ തടസ്സഹർജി നൽകാൻ ഇടയില്ല.
അതേസമയം ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് ഡോ. പി എസ് മഹേന്ദ്രകുമാർ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയാണെന്നും അതിനാൽ തന്നെ ആഗോള അയ്യപ്പ സംഗമം തടയണമെന്നുമാണ് ഹർജിയിൽ ഉള്ളത്. തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ സർക്കാർ നടത്തുന്ന പരിപാടിയെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. അയ്യപ്പ സംഗമ നടപടികളിൽ നിന്ന് ദേവസ്വം ബോർഡിനെയും സർക്കാരിനെയും വിലക്കണമെന്നാണ് ഹർജിയിലെ ആവശ്യം.