ജാമ്യാപേക്ഷ തള്ളി കോടതി: അതിജീവിതയ്ക്കെതിരായ സൈബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വർ ജയിലിലേക്ക്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയായ യുവതിയെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. രാഹുൽ ഈശ്വറിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡു ചെയ്തു. രാഹുലിനെ പൂജപ്പുര സബ് ജയിലിലേക്ക് മാറ്റുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തു.
അതിജീവിതയുടെ പരാതിയിൽ തിരുവനന്തപുരം സൈബർ പൊലീസ് ഇന്നലെ വൈകീട്ടോടെ രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിനു ശേഷം രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആദ്യം ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു ഇയാൾക്കെതിരെ ചുമത്തിയത്. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പിന്നീട് കൂടുതൽ വകുപ്പുകൾ ചുമത്തുകയായിരുന്നു എന്നാണ് വിവരം.
രാഹുല്‍ ഈശ്വര്‍ സ്ഥിരം കുറ്റവാളിയാണെന്നാണ് ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷന്‍ കോടതിയിൽ വാദിച്ചത്. രാഹുലിന്റെ ലാപ്‌ടോപ്പില്‍ നിന്ന് അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോകൾ കണ്ടെടുത്തുവെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്.