'സഹായിച്ചതിന് നന്ദി'; തൃശൂരിൽ ചോദ്യങ്ങളോട് പ്രതികരിക്കാതെ സുരേഷ് ഗോപി

തൃശ്ശൂര്‍: വോട്ടർപ്പട്ടിക ക്രമക്കേട് ആരോപണങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂരിലെത്തി. തിരുവനന്തപുരത്ത് നിന്നും വന്ദേഭാരതില്‍ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങിയ സുരേഷ് ഗോപിയെ ബിജെപി പ്രവര്‍ത്തകര്‍ അഭിവാദ്യങ്ങളോടെ സ്വീകരിച്ചു. വോട്ട് ക്രമക്കേട് ആരോപണങ്ങളിലടക്കം മാധ്യമപ്രവര്‍ത്തകരുടെ ഒരു ചോദ്യത്തിനും സുരേഷ് ഗോപി പ്രതികരിച്ചില്ല. ഒടുക്കം സഹായിച്ചതിന് നന്ദിയെന്ന് മാത്രം പറഞ്ഞ് ഒറ്റവരിയില്‍ മാധ്യമങ്ങളെ പരിഹസിക്കുകയാണ് ചെയ്തത്.
റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആദ്യം പോയത് അശ്വിനി ആശുപത്രിയിലേക്കായിരുന്നു. കഴിഞ്ഞ ദിവസം സിപിഐഎം പ്രവര്‍ത്തകരുമായി ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനായിരുന്നു ആശുപത്രിയിലെത്തിയത്. ഈഘട്ടത്തിലായിരുന്നു പ്രതികരണം. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. ഇന്ന് പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്. അതില്‍ സുരേഷ് ഗോപി പങ്കെടുക്കില്ല.