മൂന്നാറിൽ വിനോദസഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവം; ടാക്സി ഡ്രൈവർമാർക്കെതിരെ നടപടി

Nov 5, 2025 - 13:33
 0  2
മൂന്നാറിൽ വിനോദസഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവം; ടാക്സി ഡ്രൈവർമാർക്കെതിരെ നടപടി

ഇടുക്കി: മൂന്നാറിൽ മുംബൈ സ്വദേശിനിയായ വിനോദ സഞ്ചാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ടാക്സി ഡ്രൈവര്‍മാര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ നടപടി. യുവതിയെ ഭീഷണിപ്പെടുത്തിയ മൂന്ന് ടാക്സി ഡ്രൈവര്‍മാരുടെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

മൂന്നാറിലെ ടാക്സി ഡ്രൈവർമാരായ വിനായകൻ, വിജയകുമാർ, അനീഷ് കുമാർ എന്നിവരുടെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്. ആറുമാസത്തേക്ക് ആണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. നടപടിയുണ്ടാകുമെന്നു ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞതിനു പിന്നാലെയാണിത്. 6 കുറ്റക്കാരുണ്ടെന്നും എല്ലാവരുടെയും ലൈസൻസും വാഹന പെർമിറ്റും റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മന്ത്രി മുഹമ്മദ് റിയാസും ഈ വിഷയത്തിൽ ശക്തമായ നിലപാടുമായി രംഗത്തെത്തി.

ഓൺലൈൻ ടാക്സി കേരളത്തിലൊരിടത്തും നിർത്തലാക്കിയിട്ടില്ല. അതു മൂന്നാറിലും ഓടും. തടയാൻ ടാക്സി തൊഴിലാളികൾക്ക് അവകാശമില്ല. ഓൺലൈൻ ടാക്സി ഡ്രൈവർമാരും തൊഴിലാളികളാണ്. ഒരു തൊഴിലാളി മറ്റൊരു തൊഴിലാളിക്കു ശല്യമാകരുത്. സഞ്ചാരിയോട് അപമര്യാദ കാണിച്ച ഡ്രൈവര്‍മാര്‍ക്ക് ഒത്താശ ചെയ്ത പൊലീസുകാര്‍ക്കെതിരേയും നടപടി ഉണ്ടാകുമെന്നു ഗണേഷ് കുമാര്‍ വ്യക്തമാക്കി.