ഡൽഹി: രാജ്യവ്യാപകമായുള്ള തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്‍റെ (എസ്‌ഐആര്‍) ഷെഡ്യൂള്‍ പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.
കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ നടപ്പാക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നാളെ മുതല്‍ കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളില്‍ ഇതിനുള്ള നടപടികള്‍ ആരംഭിക്കും. എസ്‌ഐആർ നടക്കുന്ന ഇടങ്ങളില്‍ വോട്ടർ പട്ടിക ഇന്നു മുതല്‍ മരവിപ്പിക്കും. ആധാര്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി പരിഗണിക്കും.
കേരളത്തിന് പുറമെ ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി, ലക്ഷ്വദീപ്, ആന്‍ഡമാൻ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമടക്കം 12 ഇടങ്ങളിലാണ് രാജ്യവ്യാപക എസ്‌ഐആര്‍ ആദ്യം നടപ്പാക്കുക. എസ്‌ഐആറിന്‍റെ കരട് പട്ടിക ഡിസംബര്‍ ഒമ്പതിന് പ്രസിദ്ധീകരിക്കും. നവംബര്‍ നാല് മുതല്‍ ഡിസംബര്‍ നാലുവരെയായിരിക്കും കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടിക പരിഷ്കരണം നടക്കുക. ഫെബ്രുവരി ഏഴിനായിരിക്കും അന്തിമ പട്ടിക പുറത്തിറക്കുക