പിഎം ശ്രീ കരാര്‍ റദ്ദാക്കണം: കേരളം കേന്ദ്രത്തിന് കത്തയച്ചു

Nov 12, 2025 - 12:25
 0  4
പിഎം ശ്രീ കരാര്‍ റദ്ദാക്കണം: കേരളം കേന്ദ്രത്തിന് കത്തയച്ചു
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയില്‍ ഭാഗമാകില്ലെന്ന് കേരളം. ഒപ്പിട്ട കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. സിപിഐയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പദ്ധതിയില്‍നിന്ന് പിന്‍വാങ്ങാന്‍ തീരുമാനിച്ചത്. മന്ത്രിസഭാ ഉപസമിതിയെ വിഷയം പഠിക്കാന്‍ നിയോഗിച്ചിട്ടുണ്ടെന്നും കേന്ദ്രത്തിനയച്ച കത്തില്‍ പറയുന്നു. കത്ത് വൈകുന്നതിൽ അതൃപ്തി അറിയിക്കാൻ സിപിഐ മന്ത്രിമാർ രാവിലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു.
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച ധാരണാപത്രം മരവിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി കേന്ദ്രത്തെ അറിയിച്ചിരുന്നു.
 കഴിഞ്ഞദിവസം ഡല്‍ഹിയില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനുമായുള്ള കൂടിക്കാഴ്ചയിലാണ് ശിവന്‍കുട്ടി സംസ്ഥാന സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.
പിഎം ശ്രീ കരാറില്‍നിന്ന് പിന്മാറാൻ തീരുമാനിച്ചിരുന്നെങ്കിലും ഇക്കാര്യം കേന്ദ്രത്തെ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കത്തയക്കാത്തതില്‍ സിപിഐ അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിക്കില്ലെന്ന് ഇതിനു പിന്നാലെ മന്ത്രി ശിവന്‍കുട്ടി പ്രതികരിക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ നിയമോപദേശം ലഭിച്ചശേഷം കത്തയക്കുമെന്നായിരുന്നു മന്ത്രി പറഞ്ഞത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പദ്ധതിയില്‍ ഭാഗമാകില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍, കേന്ദ്ര സർക്കാരിന് കത്തയച്ചിരിക്കുന്നത്.