അനധികൃത സ്വത്ത് സമ്പാദനം; ടോമിന്‍ ജെ തച്ചങ്കരിയ്ക്ക് നാല് വര്‍ഷം തടവ് ശിക്ഷ
കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുന്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിക്ക് നാലു വര്‍ഷം കഠിന തടവുശിക്ഷ. തടവു ശിക്ഷ കൂടാതെ, 30,84,892 രൂപ പിഴയും ഒടുക്കണം. നാലു വര്‍ഷത്തെ തടവായതിനാല്‍ ഇന്നു ജാമ്യം ലഭിക്കില്ല. ടോമിന്‍ തച്ചങ്കരി ജയിലിലേക്ക് പോകേണ്ടി വരും. ടോമിന്‍ തച്ചങ്കരിയെ ഇന്നു തന്നെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് തച്ചങ്കരി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കോട്ടയം വിജിലൻസ് കോടതി ജഡ്ജി കെ.വി രജനീഷ് ആണ് കേസിൽ വിധി പ്രസ്താവിച്ചത്.
വര്‍ഗീസ് വധക്കേസില്‍ ഐജിയായിരുന്ന ലക്ഷ്മണയ്‌ക്കു ശേഷം തടവു ശിക്ഷ ലഭിക്കുന്ന ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനാണ് ടോമിന്‍ ജെ. തച്ചങ്കരി. അതേസമയം, അഴിമതി കേസില്‍ ശിക്ഷ ലഭിക്കുന്ന ഡിജിപി റാങ്കിലുള്ള ആദ്യ പൊലീസ് ഉദ്യോഗസ്ഥനാണ് തച്ചങ്കരി. ഉന്നത പൊലീസ് പദവി വഹിച്ചിരുന്ന വ്യക്തി എന്ന നിലയില്‍ ടോമിന്‍ ജെ. തച്ചങ്കരി ശിക്ഷായിളവ് അര്‍ഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ബോബി കുരുവിള നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
2003 ജനുവരി മുതൽ 2007 ജൂലായ് വരെയുള്ള ഔദ്യോഗിക കാലയളവിൽ 64.7 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നതാണ് കേസ്. തൻ്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വരുമാനത്തിൻ്റെ 138 ശതമാനം അനധികൃതമായി സമ്പാദിച്ചുവെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തൽ. ഇതിനുപുറമെ സ്ഥലം വാങ്ങിയ വകയിൽ സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സർക്കാരിന് നഷ്ടം വരുത്തിയെന്നും വിജിലൻസിൻ്റെ റിപ്പോർട്ടിലുണ്ടായിരുന്നു.
സംസ്ഥാന പൊലീസിൽ ഉന്നത പദവികൾ വഹിച്ച ഉദ്യോഗസ്ഥനാണ് ടോമിൻ ജെ. തച്ചങ്കരി. ഐജി ആയിരിക്കെയാണ് അദ്ദേഹത്തിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് അന്വേഷണം ആരംഭിച്ചത്. പിന്നീട് ഡിജിപി റാങ്കിൽ അദ്ദേഹം സർവീസിൽനിന്ന് വിരമിച്ചു.