ക്ഷേമ പെൻഷൻ 2000 രൂപയാക്കി വർധിപ്പിച്ചു: സ്ത്രീകൾക്കും യുവാക്കൾക്കും പ്രതിമാസം 1000 രൂപ
തിരുവനന്തപുരം: വൻ പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ. ക്ഷേമ പെൻഷൻ 400 രൂപ വർധിപ്പിച്ച് 2000 രൂപയാക്കി വർധിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ക്ഷേമ പെൻഷൻ വർധന പ്രഖ്യാപിച്ചത്. ക്ഷേമ പെൻഷൻ തുക 1600ൽ നിന്നാണ് 2000 രൂപയാക്കി സർക്കാർ വർധിപ്പിച്ചത്. പ്രതിവർഷം ഏകദേശം 13,000 കോടി രൂപയാണ് ഈ ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ നീക്കിവെക്കുന്നത്.
തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ വമ്പൻ പ്രഖ്യാപനങ്ങൾ നടത്തിയത്.സ്ത്രീ സുരക്ഷയ്ക്ക് സഹായം നൽകുന്ന പുതിയ പദ്ധതി പ്രകാരം 1000 രൂപ വീതം അർഹരായ സ്ത്രീകൾക്ക് നൽകും. ഇത്തരത്തിൽ സംസ്ഥാനത്തെ 33 ലക്ഷം സ്ത്രീകൾക്ക് ലഭിക്കും. സംസ്ഥാനത്തെ ആശാവർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിക്കും.ഇതുവരെയുള്ള കുടിശ്ശിക നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.