തൃശൂരില്‍ റെയില്‍വേ പാർക്കിങ്ങില്‍ തീ പടർന്ന് 600ലധികം ബൈക്കുകള്‍ കത്തിനശിച്ചു; അന്വേഷണം
തൃശൂർ : തൃശൂർ റെയിൽവേ സ്റ്റേഷനിൽ വൻ അഗ്നിബാധ. റെയിൽവേ സ്റ്റേഷന്‍റെ പിൻഭാഗത്തെ പ്രവേശന കവാടത്തിലെ ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടിച്ചത്. നിരവധി ബൈക്കുകൾ കത്തി നശിച്ചു. തീ അടുത്തുള്ള മരത്തിലേക്കും പടർന്നിട്ടുണ്ട്.
600ലധികം ബൈക്കുകള്‍ ഇവിടെ പാര്‍ക്ക് ചെയ്‌തിരുന്നതായാണ് ലഭ്യമാകുന്ന വിവരങ്ങള്‍. റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ ഗേറ്റിനടുത്തായാണ് തീപിടിച്ചത്. ആദ്യം രണ്ട് ബൈക്കുകൾക്ക് തീപിടിക്കുകയും പിന്നീട് അത് പടരുകയായിരുന്നെന്നുമാണ് വിവരങ്ങൾ. രണ്ടാം ഗേറ്റിലെ ടിക്കറ്റ് കൗണ്ടറും പൂർണമായും കത്തി നശിച്ചു.
ഇന്ന് രാവിലെ 6.30ഓടെയാണ് സംഭവം. അവധി ദിനമായതില്‍ പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങള്‍ സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് കുറവായിരുന്നു. മറ്റ് ദിവസങ്ങളില്‍ ആയിരത്തിലധികം വാഹനങ്ങള്‍ ഇവിടെ പാർക്ക് ചെയ്യാറുണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം.
തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. അഗ്നിരക്ഷാ സംഘം തീയണയ്‌ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആദ്യം ഇലക്‌ട്രിക് വാഹനത്തിനാണ് തീപിടിച്ചത് എന്നാണ് സംശയം. പാർക്കിങ്ങിലെ വാഹനങ്ങളെല്ലാം പൂർണമായി കത്തി നശിച്ചു എന്നാണ് പ്രാഥമിക നിഗമനം. വാഹനങ്ങളില്‍ ഇന്ധനം ഉണ്ടായിരുന്നത് തീ വേഗത്തില്‍ പടരാൻ കാരണമായി.