ജനനായകന്' സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചില്ല; റിലീസിൽ അനിശ്ചിതത്വം
ന്യൂഡൽഹി: വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'ജനനായകൻ' നിശ്ചയിച്ച തീയതിയിൽ തിയേറ്ററുകളിലെത്തുമോ എന്ന ആശങ്കയിലാണ് ആരാധകർ. രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള താരത്തിന്റെ അവസാന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ജനനായകനായി കാത്തിക്കുന്നത്.
പൊങ്കൽ റിലീസായി വെള്ളിയാഴ്ച ചിത്രം പുറത്തിറങ്ങേണ്ടതാണെങ്കിലും സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലുണ്ടായ കാലതാമസം റിലീസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഒരു മാസം മുൻപേ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ഡിസംബർ 19-ന് സെൻസർ ബോർഡ് ചില മാറ്റങ്ങൾ നിർദ്ദേശിച്ചിരുന്നു. ഈ തടസ്സങ്ങൾ നീക്കാൻ നിർമ്മാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
തമിഴ് പതിപ്പിന് സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകൾക്കും പ്രദർശനാനുമതി ലഭിക്കൂ. അതേസമയം, റിലീസ് അനിശ്ചിതത്വത്തിലാണെങ്കിലും കേരളത്തിലടക്കം പ്രീ-ബുക്കിംഗ് സജീവമായി നടക്കുന്നുണ്ട്. പലയിടങ്ങളിലും ഷോകൾ ഇതിനോടകം തന്നെ ഹൗസ്ഫുള്ളാണ്.