ഓട്ടു പാത്രങ്ങൾ :കഥ , മിനി സുരേഷ്

പാത്രങ്ങൾ വാങ്ങാൻ മീനാക്ഷി അമ്മക്കെന്നും ഉത്സാഹമായിരുന്നു. ചിട്ടിചേർന്നും,ഭർത്താവ്കാണാതെ അരിപാത്രത്തിൽ പൈസസൂക്ഷിച്ചുവച്ചുമൊക്കെ അവർഉരുളികളും, ചെമ്പു പാത്രങ്ങളും ഒക്കെ വാങ്ങിക്കൂട്ടി. ആഴ്ച തോറും സൈക്കിളിൽ പാത്രങ്ങളുമായി വരാറുള്ള അണ്ണാച്ചിയിൽ നിന്ന്പഴയ സാധനങ്ങൾ വച്ചു മാറി പകരം സ്റ്റീൽ പാത്രങ്ങൾ വാങ്ങിക്കൂട്ടിയും അവർ നിർവൃതി നേടിയിരുന്നു.
എണ്ണ കാച്ചാനുള്ള ഉരുളി,ഉപ്പേരി വറുക്കാനുള്ള.ഉരുളി എന്നിങ്ങനെ പല ആവശ്യങ്ങളുംചുമതലകളും,വഹിക്കുന്നഉരുളികൾചെറിയ ഉരുളി ,വലിയ ഉരുളി എന്നിങ്ങനെയുളള ഓമനപ്പേരുകളിൽ ഒന്നിനുമുകളിൽ ഒന്നായി അച്ചടക്കത്തോടെ അറപ്പുരമുറിയുടെ മൂലയിൽ ഒതുങ്ങിയിരുന്നു. ഒപ്പം എത്രതേച്ചുമിനുക്കിയിട്ടും മുഖം തെളിയാത്ത കുറെചെമ്പു പാത്രങ്ങളും കൽച്ചട്ടികളും കൂട്ടിരുന്ന്ഏതോക്കെയോ ഗൗരവമേറിയ ചർച്ചകൾ നടത്തിയിരുന്നു. മീനാക്ഷി അമ്മയിൽ നിന്ന് പെൺമക്കൾക്കുംഈ ഭ്രാന്ത് പകർന്നു കിട്ടിയിട്ടുണ്ടായിരുന്നു.
അതു കൊണ്ട് ഇടയ്ക്കിടക്ക് അമ്മയെ സന്ദർശിക്കുവാൻ എത്തി മടങ്ങുമ്പോൾ നേരത്തെനോട്ടമിട്ടു വച്ചിട്ടുള്ളതിൽ നിന്നും ഒന്നു രണ്ടു പാത്രങ്ങളുമെടുത്താണ് അവർ മടങ്ങിയിരുന്നത്.ഇതിനെ ചൊല്ലി സഹോദരിമാർ തമ്മിൽ പല പാത്രയുദ്ധങ്ങളും ഉണ്ടാകാറുമുണ്ടായിരുന്നു."നീയങ്ങനെ അമ്മയെ വശത്താക്കി ആ ചെമ്പുകലo ഇന്നലെ കൊണ്ടു പോയല്ലേ ടീ."മൂത്ത മകൾ സാവിത്രി ഇളയ അനിയത്തിരുഗ്മിണിയെ കാണുമ്പോൾ കനപ്പിച്ച് ചോദിക്കും"ന്തേ ന്റെമ്മടടുത്തൂന്ന് എനിക്കിഷ്ടമുള്ളത് കൊണ്ട്വാൻ വയ്യേ." പിന്നെ ആ കലാപം ബാക്കിസഹോദരിമാർ ഏറ്റെടുക്കും.
ആഭ്യന്തരകലാപംനീണ്ട് ആൺമക്കളുടെ മുൻപിൽ പരാതിയായിഎത്തുമ്പോഴേക്കും അതിനൊരു പുതിയ മാനം കൈ വന്നിരിക്കും."അല്ലേലും നിങ്ങളുടെ അമ്മയ്ക്കഎല്ലാം പെൺമക്കൾക്ക് കൊടുക്കണമെന്നേ ഉള്ളു അമ്മയ്ക്, കൊടുക്കുന്നതൊക്കെ ഇത്തിരി കുറച്ച്കൊടുക്ക്, നമ്മൾക്കും ആവശ്യങ്ങളുള്ളതാ..
എല്ലാ മാസവും കിട്ടിക്കൊണ്ടിരുന്ന വരുമാനംകുറയുമ്പോൾ മീനാക്ഷിയമ്മ അസ്വസ്ഥയാകും.പിന്നെഅമ്മയുടെകണ്ണീരും,സങ്കടത്തിനും,ഭാര്യമാരുടെപിണക്കത്തിനുംഒക്കെ മറുപടിയായി ആങ്ങളമാർ പെങ്ങന്മാരോടുമിണ്ടാതെയാവും." അമ്മേ വല്യേട്ടൻ എന്നോടിപ്പംമിണ്ടുന്നില്ല,ഏട്ടത്തി എന്തോ ഏഷണി പറഞ്ഞുകൊടുത്തൂന്നാ തോന്നണത്."പിന്നെ പെൺമക്കളെല്ലാം ഒറ്റക്കെട്ടായി അമ്മയുടെപിന്നിൽ അണി നിരക്കും.കുറെ നാൾ ആ യുദ്ധംപൊടി പൊടിക്കും. സ്റ്റോർ മുറിയുടെ മൂലയ്ക്കുള്ള തട്ടിലിരുന്ന പാത്രങ്ങൾ പൊടി തട്ടി വയ്ക്കുമ്പോൾ കഥാനായികവിമലയുടെമനസ്സിലൂടെ കടന്നു പോയത്അറുപത് വർഷം മുൻപ്നടന്നിട്ടുള്ള ഈ സംഭവ പരമ്പരകളാണ്.
അമ്മ സാവിത്രി സ്നേഹപൂർവ്വം നൽകിയിട്ട് പോയഭരണികളുടെയും,ഓട്ടുപാത്രങ്ങളുടെയും,ചെമ്പുകലങ്ങളുടെയുമൊക്കെ നെടുവീർപ്പുകൾഅവൾ കേൾക്കാഞ്ഞിട്ടല്ല. വിദേശത്തുള്ള മക്കൾ വരുമ്പോൾ ഉപ്പേരിവറുക്കാനൊരു ഉരുളിവേണമെന്നല്ലാതെ രണ്ടുപേർ മാത്രം താമസിക്കുന്ന വീട്ടിൽ ഇവയ്ക്കൊക്കെഎന്താണു പ്രസക്തി,
കുക്കറിലൊരു നാഴി അരിയിട്ടുവച്ചാൽ എന്നും ചോറു ബാക്കി വരും. ഒന്നു രണ്ടു ഓട്ടുപാത്രങ്ങളൊക്കെ പോളീഷ് ചെയ്യുന്ന കടയിൽ കൊടുത്ത് മിനുക്കി സ്വീകരണമുറിയിൽ വച്ചിട്ടുണ്ട് രണ്ട് ഉപ്പുമാങ്ങാ ഭരണികളുംപഴയപ്രതാപകാലങ്ങൾ അയവിറക്കി കൂട്ടിനായരികത്തു തന്നെ വച്ചിട്ടുണ്ട്. ചെറിയ കുടം പോലെ കൗതുകം തോന്നിക്കുന്ന തരത്തിലുള്ളകുറച്ച് പാത്രങ്ങളൊക്കെ മകൾ മഞ്ജു അബുദാബിക്കു പോയപ്പോൾ കൊണ്ടു പോയിട്ടുണ്ട്."ഇതൊക്കെ ധാരാളമാണമ്മേ.രണ്ടു മുറി ഫ്ലാറ്റിൽഇതിൽ കൂടുതൽ വയ്ക്കാനൊന്നും സ്ഥലമില്ല.
അല്ലേലും ഇപ്പോഴത്തെ കുട്ടികൾക്ക് എവിടെയാണ്സമയം.ജോലിയും,കുട്ടികളുടെ പഠിത്തക്കാര്യങ്ങളുമായി മഞ്ജുവിന് തിരക്കോടുതിരക്കാണ്."സ്ഥലം മെനക്കെടുത്തി വയ്ക്കാതെ കുറെ പെറുക്കികൊടുക്കുന്നുണ്ടോ നീയ്യ്,എവിടെ നോക്കിയാലുംകാണാം കുറെ ചെമ്പുകലോം ,ചട്ടീം..ഭർത്താവ്മുരളിയും ഇടക്ക് ശകാരിക്കും.വിറകടുപ്പിന്റെ കരിയും ,പുകയും സഹിച്ച്ഒരു കാലത്ത് തന്റെ തറവാട്ടിലെ അംഗങ്ങളെയെല്ലാം തീറ്റിപ്പോറ്റിയിരുന്നവർആണെന്ന് പറയണമെന്നുണ്ടായിരുന്നു.ഓരോ പാത്രങ്ങളിലും മൺമറഞ്ഞു പോയ പൂർവ്വികരുടെ പേര് എഴുതിവച്ചിട്ടുണ്ട്.
"വീട്ടിൽ കൂടുതൽ സ്ഥലമുണ്ടെങ്കിൽ ഇതൊക്കെശേഖരിച്ചു വയ്ക്കാം അമ്മാ.അമ്മ വിഷമിക്കണ്ടടൗണിൽ എന്റെ കൂട്ടുകാരി പുരാവസ്തുക്കളുടെനല്ലൊരു ശേഖരവുമായി ഷോപ്പ് നടത്തുന്നുണ്ട്.ഞാനവളെ വിളിച്ചു പറയാം. വീട്ടിൽ വന്ന് കൊണ്ടുപൊയ്ക്കോളും.ഇതൊക്കെ നല്ല വിലക്കു വാങ്ങാൻതാല്പര്യമുള്ളവരുണ്ട്.നമ്മൾക്കല്ലേ സ്ഥലം മെനക്കെടുത്തൽ.
ടൗണിൽ മഞ്ജു പറഞ്ഞിട്ടുള്ള കട താനും കണ്ടിട്ടുണ്ട്.ഭൂതകാലത്തിന്റെ നൊമ്പരങ്ങളും,നിറമുള്ള ഓർമ്മകളുമൊക്കെ പേറി മരിക്കാത്തമനസ്സുള്ള നിശ്ചേതനസ്മരണകളായ പഴയതലമുറകളുടെ അവശേഷിപ്പുകൾ.മഞ്ജുവിനോടുള്ള സ്നേഹം കൊണ്ടാവണം കൂട്ടുകാരിനേരിട്ടുവന്നത്.
വേഷഭൂഷാദികളും,ഇംഗ്ലീഷിലുള്ള സംസാരവും ഒക്കെയായി നല്ല രീതിയിൽആ കുട്ടി ബിസിനസ്സു കൊണ്ടു പോകുന്നുണ്ടെന്നുതോന്നി. "വിദേശരാജ്യങ്ങളിലൊക്കെ നല്ല ഡിമാന്റാണാന്റീ ,അവിടെയാണ് ഞാനധികവുംകോൺസൺട്രേറ്റ് ചെയ്യുന്നത്" വില പേശാനൊന്നും പോയില്ല.മകളുടെ കൂട്ടുകാരിയോട് കണക്കൊന്നും പറഞ്ഞ്മുഷിയരുതെന്ന് മുരളിയേട്ടൻ പറയുമ്പോഴുംവിമലയുടെ ഹൃദയത്തിൽ ചെറിയൊരുനീറ്റൽ ഉണ്ടായിരുന്നു. "നെല്ല് പുഴുങ്ങാൻ മുത്തശ്ശി ഉപയോഗിച്ചിരുന്നചെമ്പാണ് ആദ്യം സ്റ്റോർ മുറിയിൽ നിന്നുംഇറക്കിയത്."ഹോ,ഇതു പോയാൽ തന്നെ പകുതി സ്ഥലം വീട്ടിൽവരും" മുരളിയേട്ടന് എത്രനിസ്സാരം,
"റിസോർട്ടുകാർക്കൊക്കെ ഇൻറീരിയർ ഡിസൈനിംഗിന് ഇതു വളരെ ഇഷ്ടമാണങ്കിൾ.ഒരു താമരക്കുളമൊക്കെ വേണമെങ്കിൽ ഇതിനുള്ളിൽ സെറ്റ് ചെയ്യാമല്ലോ"മഞ്ജുവിന്റെ കൂട്ടുകാരി കച്ചവടസാദ്ധ്യത വ്യക്തമാക്കി. അവർക്കൊന്നുമറിയില്ലഈ ചെമ്പിൽ പുഴുങ്ങിയെടുത്ത നെല്ലിൽ നിന്നുമുള്ള അന്നമുണ്ടാണ് താൻ വളർന്നതു തന്നെ.തറവാട്ടു മുറ്റത്തു പായയിൽ പുഴുങ്ങിഉണങ്ങാനിടുന്ന നെല്ല് കാക്ക കൊത്താതെകാവലിരുന്നു സൂക്ഷിക്കേണ്ടത് കുട്ടികളായതന്റെയും,ഏട്ടന്റെയും ചുമതലയായിരുന്നു. യാത്രയാവുകയാണ് അവരും.
ജീവനില്ലെങ്കിൽകൂടി ഒരു നൂറ്റാണ്ടിലധികം സേവനം കാഴ്ചവച്ചവർ.'മണിമല വീട്ടിൽ കുഞ്ചിയമ്മ വക,മണിമല വീട്ടിൽദാക്ഷായണി വക' അങ്ങനെ മൺമറഞ്ഞു പോയവരുടെ അടയാളങ്ങൾ അനന്തരാവകാശിയുടെ വീട്ടിൽ നിന്നുംപടിയിറങ്ങുകയാണ്.
നായർ സമുദായത്തിലെഒരു പ്രത്യേകതയാണ്. സ്വത്തുക്കളും,ജംഗമ വസ്തുക്കളും കൂടുതൽ നൽകുന്നത് പെൺമക്കൾക്കാണ്. അവരത് കാത്തു സൂക്ഷിക്കുമെന്ന വിശ്വാസമാകാം അതിനു പിന്നിൽ,തന്റെ കാലം കഴിയുന്നതു വരെ ഇതെല്ലാംകാത്തു വയ്ക്കാൻ സാധിക്കാത്തതിനാലാണേറെസങ്കടം. പൂർവ്വികരുടെ ആത്മാവു ശപിക്കുന്നുണ്ടാവുമോ?
ചെമ്പു പാത്രങ്ങളും,ഉരുളികളും മുത്തശ്ശി സമ്മാനമായി നൽകുമ്പോൾ അമ്മയുടെ മുഖത്തുതെളിയാറുള്ള സന്തോഷത്തിളക്കവും, കുഞ്ഞമ്മമാരുടെ പിണക്കവുമെല്ലാം ചെറുപ്പത്തിൽഏറെ കണ്ടിട്ടുള്ളതാണ്. അല്ലെങ്കിലും യുദ്ധം ചെയ്ത നേടിയിട്ടുള്ള സാമ്രാജ്യങ്ങൾക്കും ഒരിക്കൽഅസ്തമയം ഉണ്ടായിട്ടുണ്ടല്ലോ.അവളാശ്വസിക്കാൻശ്രമിച്ചു.