കാലമാടൻ; നർമം: ജയ്മോൻ ദേവസ്യ

കാലമാടൻ;  നർമം: ജയ്മോൻ ദേവസ്യ

 


റങ്ങും ചോട്ടിൽ അവറാച്ചന് ഇടക്കാലം കൊണ്ടുണ്ടായതാണ് ഈ പൂതി...

പൂതിയെന്ന് പറഞ്ഞാൽ,  ചുമ്മാതുള്ള ആഗ്രഹമൊന്നുമല്ല.....

കുറച്ചു ദിവസങ്ങളായി ആ പൂതിയിങ്ങനെ  കൂടി കൂടി വരുകയാണ്....

തന്റെ ഈ ആഗ്രഹ നിവർത്തിക്ക് വേണ്ടി മാത്രമായി അവറാച്ചനിപ്പോൾ പല സ്ഥലങ്ങളിലെ സിമത്തേരികളും സന്ദർശിക്കുന്നു......

പല പല കല്ലറകളിലെയും എഴുത്തുകൾ വായിച്ചു  നടക്കുന്നു....

എന്നിട്ടും ആഗ്രഹ പൂർത്തീകരണത്തിനു  പറ്റിയ ഒരെഴുത്ത് കണ്ടെത്താൻ പറ്റിയിട്ടില്ല..


ആഗ്രഹ പൂർത്തീകരണത്തിന്റെ ആദ്യ പടിയെന്നോണം അഞ്ചു ലക്ഷം മുടക്കി, സ്വന്തം പേരിൽ കുടുംബകല്ലറ ഒന്ന് വാങ്ങിയിട്ടുള്ളതാണ് ആകെയുള്ള പുരോഗതി..


കല്ലറ വാങ്ങാൻ  വേണ്ടി, വയൽക്കരയിലുളള  പതിനഞ്ചു സെന്റ് സ്ഥലം നായർക്ക് വിൽക്കേണ്ടി വന്നെങ്കിലെന്താ,  അടുത്ത രണ്ടു മൂന്ന് തലമുറക്ക് പറയാനും ഓർത്തിരിക്കാനും കുടുംബ കല്ലറ ഒന്നു വറങ്ങുംചോട്ടിൽ കുടുംബത്തിന്റെ പേരിലായല്ലോ....
അതായിരുന്നു  സ്ഥലം വിറ്റതിനുള്ള അവറാച്ചന്റെ ന്യായീകരണം..

ഞായറാഴ്ച കുർബാനക്കിടയിലെ അറിയിപ്പിൽ, സിമത്തേരിയിൽ പുതിയതായി പണിത  കല്ലറകളിൽ, അഞ്ചെണ്ണം കുടുംബ കല്ലറകളാക്കി വിൽക്കാനുണ്ടെന്ന് അച്ചൻ പറഞ്ഞപ്പോൾ തന്നെ ഓർത്തു...
"കുർബാന കഴിഞ്ഞാൽ ആദ്യം തന്നെ അച്ചനെ കണ്ട്  ഒരു കല്ലറ ബുക്ക് ചെയ്യണം." എന്ന്

ഇടവക പളളി സിമത്തേരിയിലെ കുടുംബക്കല്ലറയിൽ ഒന്നിനവകാശിയാണെന്ന് പറയുന്നത് തന്നെ ഇടവകക്കാർക്കിടയിൽ ഒരു ഗമയാണ്.
ബുക്കുചെയ്തു.. പണം നൽകാൻ പത്തു ദിവസത്തെ സാവകാശം കൊടുത്തു കൊണ്ട് വികാരിയച്ചൻ വലിയൊരു സുകൃതവും അവറാച്ചന്റെ പേരിൽ ചെയ്തു...!!

പാടത്തിനടുത്തെ പതിനഞ്ച് സെന്റ് ചിറയ്ക്ക് നായർക്ക് പണ്ടേ ഒരു നോട്ടമുണ്ടായിരുന്നത് നന്നായി ...

വീട്ടിൽ ചെന്നതേ, ബ്രോക്കറ് പാപ്പിയെ വിളിച്ചു കാര്യം പറഞ്ഞ്, നായരെക്കൊണ്ട് സ്ഥലം അഡ്വാൻസ് എഴുതിപ്പിച്ചു..

ഏഴുലക്ഷം ഏതവനും തരുന്ന സ്ഥലം അഞ്ച് ലക്ഷത്തിന് വിൽക്കേണ്ടി വന്നെങ്കിലും രണ്ടര അടി വീതിയിൽ ഏഴടി നീളത്തിലുള്ള പതിനെട്ടര സ്ക്വയർ ഫീറ്റ് സ്ഥലവും അതിലെ ആറടി താഴ്ചയുളള കുഴിയും സ്വന്തമായില്ലേ....

ഇത്തരമൊന്നിന്റെ ഉടമസ്ഥത അവറാച്ചനെ വല്ലാതെ മോഹിപ്പിച്ചിരുന്നതാണ്...
അങ്ങനെ പള്ളിയിലെ തടിച്ച "കല്ലറ രജിസ്റ്ററിൽ" കുടുംബ കല്ലറ നമ്പർ 64 -ന്റെ നെരെ "അവറാച്ചൻ, വറുങ്ങുംചോട്ടിൽ" എന്ന പുതിയ ഉടമസ്ഥാവകാശവും പേരെഴുതി സ്ഥാപിച്ചു കിട്ടി.....

ഈ പരിപാടി കഴിഞ്ഞതോടെയാണ് അവറാച്ചന്റെ പഴയ ആഗ്രഹം വീണ്ടും മുളപൊട്ടുന്നത്.
ദിവസം ചെല്ലുന്തോറും ആ ആഗ്രഹം തികട്ടി തികട്ടി കയറി കൊണ്ടിരുന്നു...

പലയിടങ്ങളിലെ സിമത്തേരികളിലും പോയി, പല പുസ്തകങ്ങളും വായിച്ചു...
സ്വന്തമായി ഓർത്തു... എന്നിട്ടും ഒന്നും അങ്ങ് ഒത്തുവരുന്നില്ല...

ഈ ആഗ്രഹം മറ്റൊരാളോടും പങ്കു വയ്ക്കാൻ പറ്റാത്തതാണ്...
ആരൊടെങ്കിലും പറയാനും മടി...
പക്ഷെ ഇപ്പഴേ താനിത് ചെയ്തു വച്ചില്ലേൽ മക്കൾ വേറെന്തെങ്കിലും ചെയ്തു വയ്ക്കും ... അവറാച്ചൻ ചിന്തിച്ചു..

അവസാനം മടിച്ചു മടിച്ച് പഴയ വികാരിയച്ചന്റെ അടുത്ത് ചെന്ന് തന്റെ ആഗ്രഹ ദുരീകരണത്തിനായി സംസാരിച്ചു...

അച്ചൻ വലിയ എഴുത്തുകാരനായതിനാൽ ഇതൊക്കെ സിംപിൾ ആണെന്നറിയാം, അതിനാലാണ് അച്ചന്റെ അടുത്ത് തന്നെ ചെന്നത്.....

"അച്ചാ..ഞാൻ മരിച്ചാൽ എന്റെ കല്ലറയിൽ എന്തെഴുതി വയ്ക്കണം...? അച്ചൻ അതൊന്നെഴുതി തരണം..."

"അവറാച്ചാ അത് മക്കളെഴുതിക്കോളില്ലേ...? അതവർക്ക് വിട്ടുകൊടുക്കുന്നതല്ലേ ബുദ്ധി ...?" അച്ചന്റെ മറുപടി

"അല്ലച്ചാ ... എനിക്ക് എന്റെ പേര് നിലനിർത്താൻ പറ്റിയ ഒരു വാചകം വേണം എന്റെ കല്ലറക്കു മുകളിൽ എഴുതുവാൻ.. കർത്താവിശേ മിശിഹായ്ക്കു കൂടി ഇഷ്ടപ്പെട്ട വാചകമായിരിക്കണം അത്..."

"എന്നാ പിന്നെ ഒന്നാലോചിക്കട്ടെ.... വൈകുന്നേരം അഞ്ച് കഴിയുമ്പോൾ അവറാച്ചനൊന്ന് വിളിക്ക് ... ഞാനപ്പോൾ പറയാം.." അച്ചന്റെ ഉറപ്പ്..

അവറാച്ചൻ വലിയ സന്തോഷത്തോടെയാണ് വീട്ടിലെത്തിയത്.

താൻ നോക്കിയിട്ടും ശരിയാവാത്ത വാചകം പ്രസിദ്ധനായ ഒരു വ്യക്തി എഴുതി തരുമ്പോൾ അതിനാെരു ഗമയുണ്ട്.

വെെകുന്നേരമാവാൻ അവറാച്ചന് ധൃതി..

സാധാരണ ഉച്ചയൂണിന് ശേഷം ഉറങ്ങുന്ന അവറാച്ചൻ ഉറങ്ങാത്തതിൽ കെട്ടിയോൾക്ക് നീരസം...

കെട്ടിയാേന്റെ ഉറക്കം എന്നതിലുപരി തന്റെ ഉറക്കം നടക്കുന്നില്ല എന്നതിലാണ് അവറാച്ചന്റെ പ്രിയംവദയായ  ഏലിചേടത്തിക്ക്‌ വിഷമം..

അത് ഒന്ന് രണ്ട് സുകൃത ജപ വാക്കുകളിലൂടെ നീരസം പുറത്തു വന്നു..

"ഉറങ്ങാത്തതിന്റെ രഹസ്യം അവളോട് പറയേണ്ടതുണ്ടോ?" അവറാച്ചൻ ഓർത്തു.

വേണ്ട.. പറഞ്ഞാൽ അവൾ അപ്പോൾ തന്നെ കല്ലറയിൽ എഴുതാനുള്ള പദം നാട്ടുകാർ കേൾക്കെ പറയും ....

'കാലമാടൻ.." 

പെടാവിലക്ക് വസ്തുവിറ്റ് കല്ലറ വാങ്ങിയതിൽ അവൾക്കുള്ള കലിപ്പ് ഇതുവരെ  കുടുംബത്തിൽ തീർന്നിട്ടില്ല...

അതിനാൽ തന്നെ മനപ്പൂർവ്വം, നിശബ്ദത പാലിച്ച്   തന്റെ കല്ലറയിൽ എഴുതാൻ അച്ചൻ തയാറാക്കുന്ന എഴുത്തും മനസ്സിൽ കണ്ട് അവറാച്ചൻ പതുക്കെ മുറ്റത്തേക്കിറങ്ങി.

*       *           *          *           *           *        *


ഭാഗം 2:

 ചെകുത്താന്റെ സന്തതി 

 

മുറ്റത്തേക്കിറങ്ങിയ അവറാച്ചന്, തന്നെ പറ്റിയുളള വിശേഷണം അറിയുവാനുളള കൊടിയ ജിജ്ഞാസയിലായിരുന്നു..

തന്റെ മരണശേഷം ലോകം തന്നെപ്പറ്റി അറിയുവാൻ പോകുന്ന വാചകം..

ഇന്നു മരിച്ചാൽ 70 വർഷം നീണ്ട എന്റെ ജീവിതത്തെ, നാളെ വരുന്ന മാലോകർക്ക് മനസ്സിലാക്കാനുളള ചൂണ്ടു പലക ആയിരിക്കണം കല്ലറയിലെ എഴുത്ത്.. 

അഞ്ചു മണി ആകുന്നില്ല... 
ഇന്ന് സമയം വളരെ പതുക്കെയാണല്ലാെ പോകുന്നത് എന്നാേർത്ത്
  മുറിയിൽ കയറിയിരുന്നു..

വാർത്ത കേൾക്കാനൊന്നും മനസ്സു വരുന്നില്ല.

കേരളത്തിൽ ഏതോ രോഗബാധ ഉണ്ടായ വിവരമാണ് ടി.വിയിൽ നിറയെ.
അവസാനം അഞ്ചു മണി സമയമായി...
മൊബൈലിൽ അച്ചനെ വിളിച്ചു..

"ഇസ്രയേലിൽ നാഥനായി വാഴുമേക ദൈവം...."
അച്ചന്റെ റിങ്ങ് ടോൺ നല്ലൊരു ക്രിസ്ത്യൻ ഭക്തി ഗാനം..

"ഹലോ..." മറുതലയ്ക്കൽ ആരോ ഫോണെടുത്തു..

"കുറ്റിപ്പാവിങ്കൽ അച്ചനല്ലേ..?"

"ആരാ സംസാരിക്കുന്നെ...?" മറുതലയ്ക്കലിൽ നിന്നും ഫോണെടുത്ത ആളുടെ ഖനമുള്ളശബ്ദം..

അവറാച്ചൻ വിലാസം പറഞ്ഞു..

ഫോണെടുത്ത ആളുടെ മറുപടി വിശ്വസിക്കാൻ പറ്റാത്തതായിരുന്നു ..

ഉച്ചയൂണ് കഴിഞ്ഞ് ഉറങ്ങാൻ കിടന്ന അച്ചൻ നിത്യവിശ്രമത്തിന് എടുക്കപ്പെട്ടത്രെ...

ഒരു ആരോഗ്യപ്രശ്നവും ഇല്ലാതെ രാവിലെ കളിച്ചു ചിരിച്ചു നടന്ന അച്ചൻ ...
കാര്യമറിയാൻ ഓടി ഇടവക പള്ളിയിലെത്തി.
അച്ചന്റെ മരണ വിവരം അറിഞ്ഞു, ഒറ്റക്കും പെട്ടക്കും ആളുകൾ പള്ളിയിൽ വന്നിട്ടുണ്ട്..

കൈക്കാരന്മാരും കൗൺസിലേഴ്സും ആധികാരികഭാവത്തിൽ വരുന്നവരോട് കാര്യങ്ങൾ വിശദീകരിക്കുന്നു..

ആറര വർഷം ഇടവകയിലുണ്ടായിരുന്ന അച്ചനാണ്.
ഇവിടെ നിന്ന് ട്രാൻസ്ഫറായിട്ട് കഷ്ടി ആറുമാസമേ ആയിട്ടുള്ളു.

പള്ളിയിലെത്തിയപ്പോഴാണ് വേറൊന്ന് കൂടി അറിഞ്ഞത്.

"മരണം മുൻകൂട്ടി കണ്ട കുറ്റിപ്ലാവിങ്കൽ അച്ചൻ, തന്റെ കല്ലറയിൽ കൊത്താനുള്ള വാചകവും കൂടി മുറിയിൽ എഴുതി വച്ചിട്ടുണ്ടായിരുന്നത്രെ.....!!"

അവറാച്ചനു വേണ്ടി എഴുതിയതാണെന്ന് പറയാൻ പറ്റുവോ ?
ചില വിശുദ്ധർക്ക് തങ്ങളുടെ മരണ സമയം മുൻകൂട്ടി അറിയാമത്രെ... 
അച്ചന്റെ മരണവും , അച്ചന്റെ ജീവിതവും ഈ വിധത്തിൽ വിശുദ്ധമായതിനാലാണ് അച്ചന് സ്വന്തം കുഴിമാടത്തിൽ എഴുതേണ്ട  ഓർമകുറിപ്പെഴുതാൻ പറ്റിയതത്രെ !
ആളുകളുടെ അടക്കം പറച്ചിൽ ....
ജീവിച്ചിരുന്ന വിശുദ്ധൻ, പാവങ്ങളുടെ മാലാഖ എന്നിങ്ങനെ അച്ചനെ കുറിച്ച് ആളുകളുടെ വർണ്ണന പലവിധത്തിലായി.

ഏതായാലും സംഭവത്തിൽ തന്റെ പേര് വരാതിരിക്കാനായി അവറാച്ചനൊട്ട് തനിക്കു വേണ്ടി എഴുതിയതാണ്, അച്ചന്റെ മുറിയിൽ കണ്ടെത്തിയ കുറിപ്പെന്ന് ആരാേടും പറയാനും തുനിഞ്ഞില്ല.

സംഭവബഹുലമായ ഒന്നിന്റെ ആരംഭമായിരുന്നു അച്ചന്റെ ഈ മരണം എന്ന് അപ്പോൾ ആർക്കും മനസ്സിലായില്ല...

പ്രത്യേകിച്ച് വറുങ്ങുംചോട്ടിൽ അവറാച്ചന്....

അടുത്ത ദിവസം അച്ചന്റെ ശവമടക്കും നടന്നു.
ബിഷപ്പായിരുന്നു കാർമികൻ....

അവറാച്ചനും കൂട്ടുകാരൻ വറീതും കൂടി അടക്കിന് ചെന്നപ്പോൾ അവിടെ അച്ചൻമാരുടെ നീണ്ട നിര തന്നെ..

വലിയ പുരുഷാരം.
അടക്കും കഴിഞ്ഞ് തിരികെ പോരുന്ന വഴിക്ക് വറീതിനോട് തന്റെ ഉള്ളിലുളള കാര്യവും ആഗ്രഹവും ഉണർത്തിച്ചു..

"വറീതെ..എന്റെ കല്ലറയിൽ എഴുതാൻ പറ്റിയ വാചകം എഴുതി തരാമെന്ന് അച്ചൻ ഏറ്റിരുന്നതാ: അത് പൂർത്തിയാക്കി തരുന്നതിന് മുന്നെ അച്ചനങ്ങ് പോയി..."

"നിനക്ക് നല്ലൊരു വാചകം എഴുതി തരാമോ? എന്റെ കല്ലറയിൽ എഴുതാൻ പറ്റിയത്..?"

അവറാച്ചന്റെ ചോദ്യത്തിന് വറീത് ഒരു ചിരിയായിരുന്നു മറുപടിയായി  നൽകിയത്...
"താനെന്തെഴുതാൻ" എന്ന രീതിയിൽ ...

ബസ്സിലിരുന്ന് പുറത്തെ കാഴ്ചകൾ കണ്ട് ഇറങ്ങേണ്ട സ്റ്റോപ്പിലെത്തി.
തോളിൽ ചാരി ഉറങ്ങി കൊണ്ടിരുന്ന വറീതിനെ വിളിച്ചു.

"ഇറങ്ങ്..സ്റ്റോപ്പായി.."

ഇടക്കെപ്പെഴോ, കൂടെയിരുന്ന അവറാച്ചൻ പോലും അറിയാതെ വറീത് അനക്കമില്ലാതെ, ഇറങ്ങിപ്പോയിരുന്നു ....
ഇനിയൊരിക്കലും തിരിച്ചു വരില്ലാത്ത വിധം..
ആരോടും യാത്ര പോലും പറയാതെ...

അവറാച്ചന്റെ അലർച്ച കേട്ട് വണ്ടിയിലെ എല്ലാവരും വട്ടം കൂടി.
വറീതിനെ പൊക്കിയെടുത്ത് അടുത്ത ആശുപത്രിയിലെത്തിച്ചു.
അവിടുത്തെ ഡോക്ടറും പരിശോധിച്ച് മരണം എന്ന് വിധിയെഴുതി.

ഈ സംഭവത്തോടെ അവറാച്ചനാകെ സംശയം..

തന്റെ കല്ലറയിൽ എഴുതേണ്ട വാചകങ്ങൾ ചോദിക്കുന്നവർക്ക് അതോടെ  അന്ത്യവിധി ആകുന്നോ എന്നതായിരുന്നു ആ സംശയം .....

അവറാച്ചനിത് ആരൊടെങ്കിലും പങ്കവയ്ക്കാൻ പറ്റുമോ...?
പക്ഷെ
സംശയം ശരിയാണെന്ന് തെളിയിക്കുകയും വേണം...!!
എന്തു ചെയ്യും..?
അതിന് പരീക്ഷണം നടത്തണം...
അതും മനുഷ്യരോട് ...
ആരാേട് ചെയ്യും?
വീട്ടുകാരോട് ... ഭാര്യയോട് ...?

വേണ്ട..

തന്റെ സംശയമെങ്ങാനും ശരിയാണെങ്കിൽ വേണ്ടപ്പെട്ടവരുടെ മരണം കാണേണ്ടി വരും..

സംശയനിവാരണത്തിന് ആരെയെങ്കിലും തിരഞ്ഞെടുത്തേ മതിയാവു താനും. 
അവസാനം അയൽവാസിയായ, ശത്രുവായിരുന്ന സുകുമാരനോടു തന്നെ ചോദിക്കാമെന്നു വച്ചു. 

തന്നെയും കുടുംബത്തെയും കണ്ടമാനം ദ്രോഹിച്ചിട്ടുളളവനാണ് ... 
ഒരു തവണ വീട്ടിലേക്ക് വെള്ളം എടുക്കുന്ന കുളത്തിൽ കരി ഓയിൽ ഒഴിച്ചവൻ..

അവനെ അന്നേ നോട്ടമിട്ടിരുന്നതാണ്..
സന്ദർഭം വരുമ്പോൾ പ്രതികാരം ചെയ്യണമെന്ന് ..

ഏതായാലും പ്രതികാരമല്ലെങ്കിലും ഒന്നു ചോദിച്ചുകളയാം.

വഴിയിൽ വച്ചു കണ്ടപ്പോൾ,
ഒത്തിരി നാളു കൂടി സുകുമാരനോടു കുശലം ചോദിച്ചു.
ആരോഗ്യ വിവരങ്ങൾ അന്വഷിച്ചു.
കൂടെ ഒന്നുമറിയാത്ത രീതിയിൽ തന്റെ  കല്ലറയിലെഴുതേണ്ട വാചകം കൂടി പറഞ്ഞു തരാമോ എന്നു ചോദിച്ചു.
ആ ചോദ്യത്തിനുത്തരമായി മലയാളനിഘണ്ടുവിലില്ലാത്ത ചില പദങ്ങൾ മനസ്സിൽ ഓർത്തെങ്കിലും സുകുമാരൻ ശത്രുവിന്റെ മാനസാന്തരത്തിൽ അത്ഭുതപ്പെട്ടു ചോദിച്ചതിനെല്ലാം മുക്കിയും മൂളിയും മറുപടി പറഞ്ഞു.

അവറാച്ചനെ അത്ഭുതപ്പെടുത്തിക്കൊണ്ട് സുകുമാരൻ അടുത്ത പുലരിയിൽ വീടിന്റെ ഉമ്മറത്ത് നിലവിളക്കിന്റെയും തേങ്ങാമുറികൾ ചിരാതാക്കി കത്തിച്ച  തേങ്ങാ വിളക്കുകളുടെയും സ്വർണ്ണപ്രഭയാർന്ന വെളിച്ചത്തിന് നടുവിൽ കീറാത്ത വാഴയിലയിൽ തെക്കുവടക്കു ദിക്കിൽ നെടുനീളെ കിടക്കുന്നുണ്ടായിരുന്നു....

അതോടെ തന്റെ ചോദ്യത്തിലുള്ള മാന്ത്രിക ശക്തി അവറാച്ചന് ബോധ്യമാവുകയായിരുന്നു...

പിന്നീട് അവറാച്ചൻ തനിക്കു കിട്ടിയ കഴിവു തെളിയിക്കാൻ ശ്രമിച്ചത് അയൽനാട്ടിലെ ഒരു കുഞ്ഞിനെ പീഡിപ്പിച്ചു കൊന്നവനെതിരെ ആയിരുന്നു..

അവനെ തെളിവെടുപ്പിനെത്തിക്കുന്നിടത്ത് അവറാച്ചനെത്തി. അവന്റെ പേരു വിളിച്ചു തന്റെ കല്ലറയിൽ എഴുതാൻ പറ്റിയ ഒരു വാചകം ചോദിച്ചു..

തെളിവെടുപ്പ് കഴിഞ്ഞ് ജീപ്പിലേക്ക് കയറ്റിയ ആ പഹയൻ ജീപ്പിൽ കയറുന്നതിന് മുൻപ് കുഴഞ്ഞു വീണ്  മരിച്ചു...

ഇത്രയുമായപ്പോൾ അവറാച്ചന്റെ കഴിവ് പതുക്കെ പുറത്തായി തുടങ്ങി. 
പലരുമിക്കാര്യം രഹസ്യമായി പറയാൻ തുടങ്ങി..
ശത്രുക്കളെ ഒതുക്കാൻ അവറാച്ചന്റെ സഹായം തേടാൻ പറ്റുമോ എന്ന് ചില വിരുതന്മാർ ആലോചിച്ചു.
ചോദ്യം ചോദിച്ച് ആളെ കൊല്ലുന്നതിനെതിരെ കേസ് ചാർജു ചെയ്യാനുള്ള വകുപ്പന്വഷിച്ച് അധികാരികൾക്ക് സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ നിന്ന് കത്തുപോയി.
അവർക്കും ഇത്തരത്തിലൊരു വകുപ്പുള്ളതായി അറിവു കിട്ടിയില്ല.

ആളുകൾക്കാകട്ടെ ആധിയായി..
അവറാച്ചന്റെ കണ്ണും വെട്ടത്തെത്താൻ ആരും ധൈര്യപ്പെട്ടില്ല.
അവറാച്ചനെ വീട്ടിൽ പൂട്ടിയിടാൻ ഭാര്യയെയും മക്കളെയും ചിലർ ഉപദേശിച്ചു...
തങ്ങളൊടും ഈ ചോദ്യം ചോദിക്കുവാൻ സാധ്യതയുള്ളതിനാൽ വീട്ടുകാർ അതൊന്നും കേട്ടില്ലെന്ന് നടിച്ചു...

തൽക്കാലം ചെവി കേൾക്കാത്ത രീതിയിൽ പഞ്ഞി വച്ച് അടച്ചോളാൻ പൊതുജനങ്ങൾക്ക് അധികാരികൾ നിർദ്ദേശം നൽകി.
അങ്ങനെ ലോകത്താദ്യമായി ചെവി കേൾക്കാൻ പറ്റാത്തവരുടെ സമൂഹമായി അവരറിയാതെ തന്നെ ആ നാട് മാറുകയായിരുന്നു..
അവറാച്ചനുമായി കൊമ്പുകോർത്തിട്ടുള്ള ചിലർ, വീട്ടിലെ ആളുകളെയും കുട്ടി  നാടുവിട്ട് പോയി..
അവരൊക്കെ ഫോൺ ഉപയോഗം നിറുത്തി..
അവറാച്ചൻ ഫോണിൽ വിളിച്ച് ചോദിച്ചാലും തങ്ങൾ തീരുമെന്നവർ ഉറച്ചു വിശ്വസിച്ചു.

ഒരു ദിവസം വൈകിട്ട് സ്ഥലം വാങ്ങിയ നായര് തലയിൽ മുണ്ടിട്ട് ആരും കാണാതെ അവറാച്ചനെ കാണാനെത്തി.
പെരുത്ത ലാഭമെന്ന് കരുതി താൻ വാങ്ങിയ സ്ഥലത്തിന്റെ നാട്ടുനടപ്പിലെ ബാക്കി പണം ആരും പറയാതെ തന്നെ അവറാച്ചന്റെ കാൽക്കൽ വച്ചു.

നാടൊട്ടുക്ക് അവറാച്ചന്റെ കാര്യം മാത്രമായി സംസാരം...

അവറാച്ചന് പുറത്തിറങ്ങാൻ വയ്യാതായി...

മനുഷ്യരെ കണ്ടിട്ട് നാളുകളായി.
മനുഷ്യശബ്ദം കേൾക്കാൻ കൊതിയായ ഒരു ദിവസം, അവറാച്ചൻ പതുക്കെ പുറത്തിറങ്ങി.

പാത്തു പാത്തു നിന്നിരുന്ന നാട്ടുകാർ കല്ലും കമ്പുകളുമായി അവറാച്ചനെ നേരിട്ടു...

ഓടിച്ചു, എറിഞ്ഞു വീഴിച്ചു.
കഥ തീർന്ന അവറാച്ചന്റെ ശരീരത്തിൽ കോവിഡ് ബാധ പ്രഖ്യാപിച്ച്, അധികാരികൾ തന്നെ ശ്മാശാനത്തിലെത്തിച്ചു ദഹിപ്പിച്ചു.

അങ്ങനെ, അവസാനം അവറാന്റെ ചിതാഭസ്മം മാത്രം അടക്കം ചെയ്ത കല്ലറക്ക് മുകളിൽ നാട്ടുകാർ തന്നെ ഫലകവും സ്ഥാപിച്ചു.

"ചെകുത്താന്റെ സന്തതി ഈ കല്ലറയിൽ അന്ത്യവിശ്രമം കൊള്ളുന്നു..!"

ചെകുത്താന്റെ ചിതാഭസ്മമൊക്കെ സെമിത്തേരിയിൽ അടക്കാമോ എന്ന സംശയം ചിലർ ഇടവക കമ്മറ്റിയിൽ ചോദിച്ചെങ്കിലും ആധുനിക ശാസ്ത്ര പ്രകാരം അപ്പന്റെയും അമ്മയുടെയും ജീനുകൾ മക്കളുടെ ശരീരത്തിലും ഉണ്ടാവുമെന്ന് കമ്മറ്റിയിൽ അംഗമായ പ്രൊഫസർ ഇട്ടിയവിരായുടെ വാക്കുകൾ  ഇടവക ജനങ്ങളിലുണ്ടാക്കിയ ഭീതി, യാതൊരെതിർപ്പുമില്ലാതെ അവറാച്ചന്റെ ചാരം സിമത്തേരിയിലെ കുടുംബ കല്ലറയിൽ തുടരാൻ  അനുവദിച്ചു..... 


ജയ്മോൻ ദേവസ്യ, തലയോലപ്പറമ്പ്