അന്നൊരു നാളിൽ: കവിത

അന്നൊരു നാളിൽ: കവിത

 

തൊണ്ണൂറുകളിലാണ്
കമ്പനിപ്പണിയാണ്
നാലുമണിക്കുള്ള ഷിഫ്റ്റിലാണ്
സമയം, പുലർച്ചെ മൂന്നരയാണ്
അരക്കിലോ മീറ്റർ നടക്കണം

കവിതയോർത്ത്
നടന്നു നടന്ന് കമ്പനിഗെയ്റ്റിലെ -
ത്താറായി
പിന്നിൽ നിന്നൊരു ശബ്ദം
തിരിഞ്ഞു നോക്കിയപ്പോൾ
വടിയും കുത്തി ഒരമ്മൂമ്മ!
നാവുനീട്ടി അണച്ചുകൊണ്ട്
നരിപോലൊരുനായ !!

ഞെട്ടി തരിച്ചു പോയെങ്കിലും
ശബ്ദം ശരിയായി പുറത്തു വന്നി-
ല്ലെങ്കിലും
'ആരാ' - ന്ന് ചോദിച്ചെങ്കിലും
കേട്ടതായി നടിച്ചില്ല അമ്മൂമ്മ
കണ്ടതായി നടിച്ചില്ലനായ

വേഗം നടന്ന് ഗെയ്റ്റ് തുറന്നകത്തു -
കയറി
കുറ്റിയിട്ട് നോക്കുമ്പോൾ
എങ്ങുമില്ല അമ്മൂമ്മ !!!
കൂടെയുള്ള നായ !!!

അപ്പോഴാണ് ശരിക്കുംഞെട്ടിത്തരിച്ചു -
നിന്നു പോയത്
കാൽ വിറച്ച് നടക്കാൻ കഴിയാതായത്
കവിതയെങ്ങോട്ടോ കാണാതെ പോയത്.

പിന്നെയിന്നോളം കണ്ടിട്ടില്ല ആ കവിതയും
അമ്മൂമ്മയും, നായയും
 
രാജു കാഞ്ഞിരങ്ങാട്