സൈക്കിള്‍ ബാലന്‍സ്‌ : തനി നാടൻ; പോൾ ചാക്കോ

സൈക്കിള്‍ ബാലന്‍സ്‌ : തനി  നാടൻ; പോൾ  ചാക്കോ

നീന്തലും സൈക്കിള്‌ കേറ്റവും അവശ്യം അറിഞ്ഞിരിക്കേണ്ട രണ്ട്‌ വിദ്യകളാണെന്ന്‌ സീ. സീ. എം ഹൈസ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ ജോര്‍ജ്‌ തോമ്മാസാറ്‌ ക്ലാസ്സില്‍ പറഞ്ഞപ്പോ ഞാന്‍ സന്തോഷിച്ചു. ''ഇന്ന്‌ സാറ്‌ ക്ലാസ്സില്‍ പറഞ്ഞാരുന്നു...' എന്നആമുഖത്തോടെ വീട്ടില്‍ എന്തവതരിപ്പിച്ചാലും സാധാരണഗതിയില്‍ വല്യ ബലംപിടുത്തം കൂടാത്‌ അച്ചാച്ചന്‍ അത്‌ അപ്പ്രൂവ്‌ ചെയ്യാറാ പതിവ്‌. 

അറിവും വിദ്യാഭ്യാസ്സോം ലോകപരിചയോം ഒക്കെയുള്ള സാറല്ലേ പറഞ്ഞത്‌, ശരിയാരിക്കും. തന്നെയുമല്ല ഇളയ മകന്‍റെ ജീവിതം പച്ചപിടിക്കുന്ന കാര്യോമല്ലേ. പക്ഷെ വിചാരിച്ചത്ര സപ്പോര്‍ട്ട്‌ ഈക്കാര്യത്തില്‍ കിട്ടിയില്ല എന്ന്‌ തന്നെയല്ല 
''എന്നാപിന്നെ സാറിനോട്‌ തന്നെ പഠിപ്പിച്ചു തരാന്‍ പറ'' 
എന്നുള്ള പിന്തിരിപ്പന്‍ മറുപടിയാണ്‌ കിട്ടിയത്‌. 

ജോര്‍ജുകുട്ടി ചിലവാകുന്ന ഇടപാടാ സൈക്കിള്‍ കേറ്റം പഠിക്കുന്നത്‌. സൈക്കിള്‍ വാടക കൊടുക്കണം, കേറ്റം പഠിപ്പിക്കാന്‍ ഒരാളെ നിര്‍ത്തണം, ചന്തി തല്ലി എവിടേലും വീണാ പൊക്കിക്കൊണ്ട്‌ ആശൂത്രീല്‍ പോകണം, പിന്നെ വീഴുന്ന വഴി സൈക്കിളിന്‌ എന്തെങ്കിലും പറ്റിയാ അത്‌ നന്നാക്കി കൊടുക്കണം...അങ്ങനെ അച്ചാച്ചന്‍ നോക്കിയപ്പോ ഒരു വല്യ ചിലവുള്ള പൊല്ലാപ്പ്‌ തന്നെ. 

''എന്തിനാ ഇപ്പൊ ഇതൊക്കെ പഠിക്കേണ്ട അത്യാവശ്യം, നടന്നു പോകാന്‍ കാലുണ്ടല്ലോ''

''എന്‍റെ ഒക്കെ ചെറുപ്പത്തില്‍ മൂന്നാല്‌ മൈല്‌ നടന്നാ സ്‌കൂളില്‍ പോയത്‌''. 

മാതാപിതാക്കള്‍ അങ്ങനെ ഒക്കെ പറയും പക്ഷെ നമ്മുക്കില്ലേ മോഹങ്ങളും സ്വപ്‌നങ്ങളുമൊക്കെ. എന്ത്‌ വന്നാലും സൈക്കിള്‍ കേറ്റം പഠിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു പക്ഷെ തല ചൊറിയാന്‍ പോലും അഞ്ച്‌ പൈസ കൈയില്‍ ഇല്ലാത്ത ഞാന്‍ എവിടുന്നാ സൈക്കിള്‍ വാടക ഒപ്പിക്കുന്നത്‌. ഒടുവില്‍ അതിനും കര്‍ത്താവൊരു വഴി കാണിച്ചുതന്നു. റബ്ബര്‍ക്കുരു പെറുക്കി വിൽക്കുക! അതിന്‌ മാത്രം യാതൊരു പഞ്ഞവുമില്ലാത്ത ഒരു നാടാണ്‌ ഞങ്ങടെ പുലിക്കല്ല്‌. റബ്ബര്‍ ഉണ്ടോ, അവിടെ റബ്ബര്‍ക്കുരുവും ഉണ്ടാവും. 

പിറ്റേന്ന്‌ മുതല്‍ ഞാന്‍ അസ്സലൊരു പെറുക്കിയായി. ഞങ്ങടെ പറമ്പിലെയും അയലോക്കത്തെ മാരൂര്‍ പറമ്പിലെയും കൈരേട്ട്‌പറമ്പിലെയും എന്നുവേണ്ട കാണുന്ന എല്ലാ പറമ്പിലേയും റബ്ബര്‍കുരു ഞാന്‍ പെറുക്കാന്‍ തുടങ്ങി. സ്‌കൂളില്‍ പോകുമ്പോഴും വരുബഴും പെറുക്ക്‌. ഊണിലും ഉറക്കത്തിലും റബ്ബര്‍ക്കുരു മാത്രമായി എന്‍റെ ചിന്ത. അത്‌ സ്വപ്‌നം പോലും കാണാന്‍ തുടങ്ങി. റബ്ബര്‍ക്കുരു ആയതുകൊണ്ടാവും ആരും എതിര്‌ പറഞ്ഞില്ല. പിന്നെ തീമ്പലങ്ങാട്ട്‌ ചാക്കോച്ചന്‍റെ മകന്‍ എന്ന സ്വാധീനവും വിലയും സ്ഥാനവും എനിക്കുണ്ട്‌. അയലോക്കത്തുള്ള ഒന്നു രണ്ട്‌ പട്ടികള്‍ അല്‍പ്പം പ്രശ്‌നം ഉണ്ടാക്കി. വെറുതെ ഇരിക്കുമ്പോ അതുങ്ങള്‍ക്ക്‌ കടിച്ചുപൊട്ടിക്കാനുള്ള സ്വത്തല്ലേ ഞാന്‍ വാരിക്കൂട്ടുന്നത്‌. അതുങ്ങളെ സമാധാനിപ്പിക്കാന്‍ ഞാനും ഒന്നുരണ്ടെണ്ണം കടിച്ചുപൊട്ടിച്ചു കാണിച്ചുകൊടുത്തു. വില്‍ക്കാനാന്ന്‌ അറിഞ്ഞാലല്ലേ അവര്‍ക്ക്‌ പ്രശ്‌നമുള്ളൂ.

മണിമലയില്‍ മാത്രമാണ്‌ അന്ന്‌ റബ്ബര്‍ക്കുരു സംഭരണവും വിപണനവും സംസ്‌കരണവും. കൊടുക്കുന്ന കിട്ടിയ കുരു മുഴുവന്‍ ഒരു ചാക്കില്‍ സംഭരിച്ച്‌ ഉറുമ്പ്‌ അരി വലിക്കുന്നപോലെ ഞാന്‍ മണിമലക്ക്‌ വച്ചുപിടിച്ചു, സഞ്ചി തലേല്‍ വച്ചപ്പോ എന്‍റെ തല അപ്രത്യക്ഷമായി. അത്ര വലിയ കെട്ട്‌, അത്ര ചെറിയ തല! തുടിയന്‍പ്ലാക്കല്‍ അന്തോനിച്ചന്‍റെ കടയാണ്‌ ലക്ഷ്യം.. 

കടയില്‍ ചെന്ന്‌ ചാക്ക്‌ അന്തോനിച്ചന്‍റെ കൈയില്‍ കൊടുത്തിട്ട്‌ കുരു തൂക്കുന്നത്‌ നോക്കി ഞാന്‍ നിന്നു. തൂക്കം നോക്കിയിട്ട്‌ എന്തേറെ ഉണ്ടെന്ന്‌ പറഞ്ഞപ്പോഴും ഒരു കിലോക്ക്‌ 40 പൈസ വച്ചുണ്ടെന്ന്‌ അങ്ങേര്‌ പറഞ്ഞപ്പോഴും എനിക്കൊന്നും തോന്നിയില്ല പക്ഷെ എനിക്ക്‌ കിട്ടാന്‍ പോകുന്ന തുക കേട്ടപ്പോള്‍ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.അന്തോനിച്ചന്‍ പറയുകയാണ്‌...കുരു തൂക്കം പതിനൊന്ന്‌ എഴുനൂറ്‌. പതിനൊന്ന്‌ എഴുനൂറോ. ഏറിയാല്‍ നാല്‌, അല്ലെങ്കില്‍ അഞ്ച്‌ കൂട്ടി പോയതാ വീട്ടീന്ന്‌. എന്‍റെ സന്തോഷം ഇരട്ടിച്ചു. നാല്‍പ്പത്‌ പൈസയാണ്‌ ഒരു കിലോക്ക്‌. കണക്ക്‌ നോക്കി ചക്രം മേടിക്കാന്‍ അറിയാത്തകൊണ്ട്‌ കടക്കാരന്‍ വച്ചുതന്ന പൈസ ഗമയില്‍ എണ്ണിനോക്കാത്‌ പോക്കറ്റില്‍ ഇട്ടു. അയാള്‍ക്കെന്നെ അറിയാം, പറ്റിക്കുവേല. പറ്റിച്ചാല്‍ വിവരമറിയും.

പ്രതീക്ഷിച്ചതില്‍ കൂടുതല്‍ പൈസ കൈയില്‍ വന്നപ്പോ ചന്ദ്രലേഖയിലെ ശ്രീനിവാസ്സനെപോലെ ഞാന്‍ സന്തോഷിച്ചു. കുരു വിറ്റ്‌ മൂന്നല്ലെങ്കില്‍ നാല്‌ രൂപ കൈയില്‍ കിട്ടുമെന്ന്‌ കരുതിയ എനിക്ക്‌ ഇപ്പൊ എത്ര രൂപയാ വന്ന്‌ ചേര്‍ന്നിരിക്കുന്നത്‌! ലോട്ടറി അടിച്ച സന്തോഷം.

സൈക്കിള്‍ വാടകയ്‌ക്ക്‌ എടുക്കാനും കേറ്റം പഠിപ്പിക്കാനും അന്നത്തെ ഞങ്ങടെ റബ്ബറുവെട്ടുകാരനായിരുന്ന ചേനപ്പാടി അപ്പച്ചനെ ഞാന്‍ ഇടപാടാക്കി. ജഗജില്ലിയാണ്‌ കക്ഷി, പക്ഷെ വൈകുന്നേരം അഞ്ചര-ആറു മണി കഴിഞ്ഞാ പിന്നെ അപ്പച്ചന്‍റെ സേവനം ആര്‍ക്കും ലഭ്യമല്ല കാരണം ആ സമയം അപ്പച്ചന്‍ സേവിക്കുന്ന സമയമാണ്‌. സേവിച്ചുകഴിഞ്ഞാല്‍ അപ്പച്ചന്‍ മഹാപിശകാ. മനസ്സില്‍ വൈരാഗ്യമുള്ള ആള്‍ക്കാരെ തിരഞ്ഞുപിടിച്ച്‌ തെറി പറയും. പിറ്റേദിവസ്സം അവരെ തേടിപ്പിടിച്ചു ക്ഷമേം ചോദിക്കും. മര്‍മ്മം നോക്കി തല്ലാന്‍ അപ്പച്ചന്‌ അറിയാവുന്നതുകൊണ്ട്‌ ആരും എതിര്‌ പറയാറില്ല.

റബ്ബര്‍ കുരു വിറ്റതിന്‍റെ പിറ്റേന്ന്‌ രാവിലെ തന്നെ കറിക്കാട്ടൂര്‍ക്ക്‌ പോകാന്‍ ഞാന്‍ തീരുമാനിച്ചു. ആവേശം കേറി എനിക്ക്‌ ഉണ്ണാനോ ഉറങ്ങാനോ സാധിക്കുന്നില്ല. മനസ്സില്‍ നിറയെ സൈക്കിള്‍. രാത്രി മുഴുവന്‍ ഞാന്‍ സ്വപ്‌നത്തില്‍ സൈക്കിള്‌ ചവിട്ടി. പലതവണ കട്ടിലേന്നു താഴെ വീണു. 

പിറ്റേന്ന്‌ വെളുപ്പിനെ തന്നെ ഞാന്‍ ഉണര്‍ന്നു. അന്നാണ്‌ ആദ്യമായി ഞാന്‍ ഉദയസൂര്യനെ കാണുന്നത്‌. നല്ല ഭംഗി! പക്ഷെ അത്‌ കാണാന്‍ അല്ലല്ലോ ഇത്രേം നേരത്തെ എഴുന്നേറ്റത്‌. പല്ല്‌ തേച്ച്‌ കാപ്പി കുടിച്ചെന്ന്‌ വരുത്തി ഒരു കുട്ടി നിക്കറും വലിച്ചുകയറ്റി ഞാന്‍ കരിക്കാട്ടൂര്‍ക്ക്‌ വച്ചുപിടിച്ചു. നടക്കുകല്ല, ഓടി. 

ഹസന്‍ റാവുത്തരുടെ കടയില്‍ ഞാന്‍ ചെന്നപ്പോള്‍ നന്നായി അണക്കുന്നുണ്ടായിരുന്നു. കടയില്‍ സൈക്കിള്‍ ചോദിച്ചുവരുന്ന എല്ലാ തെണ്ടികള്‍ക്കും അലവലാതികള്‍ക്കും റാവുത്തര്‍ സൈക്കിള്‍ അങ്ങനെ വാടകയ്‌ക്ക്‌ കൊടുക്കില്ല. അതിന്‌ പിടിപാട്‌ വേണം, കൈയില്‍ പൈസ ഉണ്ടെന്ന്‌ ബോധ്യപ്പെടണം, സെക്യൂരിറ്റി വക്കണം, റാവുത്തര്‍ക്ക്‌ അറിയാവുന്ന ഒരാള്‍ ശുപാര്‍ശ ചെയ്യണം, മുഖത്ത്‌ കള്ളലക്ഷണം കാണാന്‍ പാടില്ല...ദൈവാധീനം, പറമ്പിന്‍റെ ആധാരം ചോദിച്ചില്ല. ഇതൊന്നും പോരാഞ്ഞിട്ട്‌ അയാളുടെ കോപ്പിലെ കുറെ ഉപദേശോം കേള്‍ക്കണം. സൂക്ഷിച്ച്‌ സൈക്കിള്‍ ഓടിക്കണം, സ്‌പീഡ്‌ എടുക്കരുത്‌, ഇടത്‌ മാറിയേ ഓടിക്കാവൂ, ട്യൂബില്‍ കാറ്റ്‌ ഉണ്ടോന്ന്‌ ഇടയ്‌ക്കിടെ നോക്കണം...എന്നിങ്ങനെ ഒരു അരഡസന്‍ ഉപദേശം. ഇന്ത്യ കാശ്‌മീര്‍ പാക്കിസ്ഥാന്‌ എഴുതിക്കൊടുക്കുമ്പോള്‍ ഇത്രേം നിബന്ധന കാണില്ല. 

എനിക്കാണെങ്കില്‍ സൈക്കിളിന്‍റെ ഷേപ്പിലുള്ള ഏതെങ്കിലും ഒരെണ്ണം കൈയില്‍ കിട്ടിയാ മതി. രണ്ട്‌ ടയര്‍ വേണം, ചെയിന്‍ വേണം, ചവിട്ടാന്‍ പെഡല്‍ വേണം, പിന്നെ ഹാന്‍ഡില്‍ ബാറും. ബ്രേക്ക്‌ ഇല്ലെങ്കിലും സാരമില്ല. റാവുത്തരോട്‌ ഞാന്‍ ആവശ്യം അറിയിച്ചു. അങ്ങേരെന്നെ അടിമുടിയൊന്നു നോക്കി. ഒരു മുഴുസൈക്കിള്‍ ചവിട്ടാനും മാത്രം നീ ആയോ എന്ന ഭാവത്തില്‍. അങ്ങേര്‌ പേരും വീട്ടുപേരും സര്‍വ്വേ നമ്പറും ഒക്കെ ചോദിച്ചു. വീട്ടുപേര്‌ കേട്ടപ്പോ ഒരു ചോദ്യം ''വേവറ ചാക്കോച്ചന്‍റെ മകനാ...?''. അച്ചാച്ചനെ അങ്ങനേം വിളിക്കും. 

''അതേ''. 

''ഉം''...നീട്ടി ഒരു മൂളല്‍. ''പൈസ ഒക്കെ ഉണ്ടല്ലോ അല്ലെ''

മറുപടി പറയുന്നതിന്‌ പകരം ഞാന്‍ പോക്കറ്റീന്ന്‌ ഉള്ള പൈസ മുഴുവന്‍ എടുത്തു കാണിച്ചു. ഇനി പൈസ ഇല്ലാതുള്ള കച്ചോടം ആണെന്ന്‌ കരുതണ്ട. 

''എത്ര മണിക്കൂറാ വേണ്ടത്‌''

''ആ...എനിക്ക്‌ പഠിച്ചാ മതി''

അയാള്‌ ആക്കിയൊരു ചിരി!. എന്നിട്ട്‌ കടയുടെ ഉള്ളിലേക്ക്‌ കേറി ഒരു പഴഞ്ചന്‍ സൈക്കിളുമായി തിരികെവന്നു. അങ്ങേരേപോലെ സൈക്കിളിനും ഒരാട്ടം ഒക്കെയുണ്ട്‌. അതെങ്കില്‍ അത്‌. 

പിന്നെയും ഇരുപത്‌ മിനിട്ടോളം കഴിഞ്ഞാ അപ്പച്ചന്‍ എത്തിയത്‌. കൃത്യനിഷ്ട ഇല്ലാത്തവന്‍! പക്ഷെ ഞാന്‍ ഒന്നും പറഞ്ഞില്ല. ആവശ്യം എന്‍റെയല്ലേ. അപ്പച്ചന്‍ രാവുത്തറുമായി എന്തോ കുശലം പറഞ്ഞിട്ട്‌ പതിയെ സൈക്കിള്‍ സ്റ്റാന്‍ഡില്‍ നിന്നും ഉന്തി താഴെയിറക്കി റോഡിലൂടെ പതിയെ തള്ളാന്‍ തുടങ്ങി. ഇറച്ചിയുടെ പുറകെ പട്ടി നടക്കുന്ന പോലെ പുറകെ ഞാനും.

നിരപ്പായ ഒരു സ്ഥലത്ത്‌ വന്നപ്പോ അപ്പച്ചന്‍ നിന്നു. ഞാനും. എന്നിട്ട്‌ അപ്പച്ചന്‍ സൈക്കിളേല്‍ കേറി ഒരു കറക്കം. നാലഞ്ച്‌ മിനിട്ട്‌ കഴിഞ്ഞ്‌ തിരിച്ചുവന്നിട്ട്‌ പറഞ്ഞു ''കണ്ടീഷന്‍ ആണോന്ന്‌ നോക്കണ്ടേ''. പൈസ എന്‍റെ അല്ലെ. അവന്‍ സൈക്കിളേല്‍ മുറുക്കി പിടിച്ചിട്ട്‌ എന്നോട്‌ പറഞ്ഞു കേറാന്‍. ഞാന്‍ അപ്പച്ചന്‍റെ തോളില്‍ പിടിച്ചു കയറി സൈക്കിളില്‍ ഇരുന്നു. എന്നിട്ട്‌ പതിയെ അഭ്യാസം തുടങ്ങി. ഒരടി പോയില്ല, അതിനുമുന്‍പേ ഞാനും സൈക്കിളും അപ്പച്ചനും താഴെ. അപ്പച്ചന്‍ പൂരാ തെറി. കാല്‍ മുട്ടേലേ ഒരേക്കര്‍ തൊലി എതിലേ പോയെന്ന്‌ കണ്ടില്ല.

അടുത്ത രണ്ട്‌ മണിക്കൂര്‍ വളരെ സംഭവബഹുലമായിരുന്നു. ഞാന്‍ കേറും, വീഴും, അപ്പച്ചന്‍ തെറി വിളിക്കും...ഞാന്‍ പിന്നേം കേറും, വീഴും...തെറി പിന്നേം. കുറെ ആയപ്പോ പിന്നെ തെറി കേട്ടില്ലെങ്കിലാ എനിക്ക്‌ സങ്കടം എന്ന സ്ഥിതി വന്നു. 

ഒരാഴ്‌ചകൊണ്ട്‌ പരാശ്രയം ഇല്ലാത്‌ ഒരു ഫര്‍ലോങ്ങ്‌ ഒക്കെ വളയാതേം പുളയാതേം സൈക്കിള്‍ ഓടിക്കാന്‍ ഞാന്‍ പഠിച്ചു. സ്വര്‍ഗ്ഗം കിട്ടിയ വാശിയാരുന്നു എനിക്ക്‌. ഇതിനിടെ ഞാന്‍ വേറൊരു എട്ടുകിലോ രബ്ബര്‍ക്കുരുവും പെറുക്കി വിറ്റു. 

പിന്നെയുള്ള നാളുകളില്‍ സൈക്കിള്‍ ഓസ്സിലും അല്ലാതെയും ചവിട്ടാന്‍ തുടങ്ങി. സൈക്കിള്‍ എവിടെ കണ്ടാലും ഒന്ന്‌ ചവിട്ടാത്‌ സമാധാനം കിട്ടാത്ത അവസ്ഥ. പോക്കറ്റടിക്കാരന്‌ പേഴ്‌സ്‌ കണ്ടാലുള്ള അവസ്ഥ! 

******************************************
കൂടെ പഠിച്ചവരെയും പഠിപ്പിച്ച അദ്ധ്യാപരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്‌ 247 മാര്‍ക്ക്‌ വാങ്ങി ഞാന്‍ പത്ത്‌ പാസ്സായി. പേരുകേട്ട പല റെഗുലര്‍ കോളജുകളും ചുറ്റുവട്ടത്തുണ്ടായിട്ടും പ്രീഡിഗ്രിക്ക്‌ മണിമലയിലുള്ള ഒരു പാരലല്‍ കോളേജില്‍ ഒതുങ്ങി. ബീ. കോമും എം.കോമും എം.എ യും ഒക്കെ പഠിച്ചിറങ്ങി ജോലി തെണ്ടുന്ന കാലഘട്ടത്തില്‍ വെറുതെ വീട്ടില്‍ ഇരിക്കണ്ട എന്ന്‌ കരുതി പാരലല്‍ കൊളേജില്‍ പഠിപ്പിക്കാന്‍ 'സാറമ്മാരും സാറത്തികളും' അലക്കിത്തേച്ച്‌ പൊട്ടും കുത്തി ഒരുങ്ങിവരുന്ന കാലം. ഞങ്ങളെ അക്കൌണ്ടന്‍സി പഠിപ്പിച്ച മോഹനകുമാര്‍ എം.കോംക്ലാസ്സില്‍ പറഞ്ഞു 'യു.പി.എസ്‌.സിയുടെ പുതിയ വിഞ്‌ജാപനം ഗസറ്റില്‍ വന്നിട്ടുണ്ട്‌, ആരെങ്കിലും അത്‌ വില്ലേജ്‌ ഓഫീസ്സില്‍ പോയി ഒന്ന്‌ വാങ്ങിവരാമോ?''

ക്ലാസ്സീന്ന്‌ ചാടാന്‍ ഒരു കാരണം നോക്കിയിരുന്ന എനിക്ക്‌ കിട്ടിയ ഒരു അവസ്സരം. ഞാന്‍ ചാടി എഴുനേറ്റു. ''ഞാന്‍ മേടിച്ചോണ്ട്‌ വരാം സാര്‍'' മറുപടി കേള്‍ക്കാന്‍ കാത്ത്‌ നില്‍ക്കാത്‌ ഞാന്‍ ഓടി. എന്നിട്ട്‌ തേര്‍ഡ്‌ ഗ്രൂപ്പില്‍ പഠിക്കുന്ന റോയിയെ ക്ലാസീന്ന്‌ വിളിച്ചിറക്കി സൈക്കിളിന്‍റെ കീ ചോദിച്ചു. (എം.എല്‍.എ അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്‍റെ അനിയനാണ്‌ റോയ്‌ കണ്ണന്താനം). ഞങ്ങള്‍ ബന്ധുക്കളാ. മനസ്സില്ലാമനസ്സോടെ അവന്‍ കീ തന്നു. ഞാന്‍ ഓടി...സൈക്കിള്‍ തുറന്നു...സ്റ്റാന്‍ഡില്‍ നിന്നിറക്കി...ചവിട്ടീം തള്ളീം കറിക്കാട്ടൂര്‍ വില്ലേജ്‌ ഓഫീസ്സില്‍ എത്തി. ഗസറ്റ്‌ കിട്ടി, ആരും കാണാത്‌ പേജ്‌ വലിച്ചുകീറി മടക്കി പോക്കറ്റില്‍ ഇട്ടു.

കറിക്കാട്ടൂര്‍ -മണിമല നല്ല ഇറക്കമാ. സൈക്കിളേല്‍ വെറുതെ കേറി ഇരുന്നാ മതി. കൂടെ അപ്പച്ചന്‍ പണ്ട്‌ പഠിപ്പിച്ചപ്പോള്‍ പറഞ്ഞതും ഓര്‍ത്തു...

''ഇറക്കവും വളവും വരുമ്പോ നമ്മള്‌ വെറുതെ ഇരുന്നാ മതി, വളവ്‌ നോക്കി സൈക്കിള്‌ തന്നെ തിരിഞ്ഞു പൊക്കോളും''

ഗുരു പറഞ്ഞാ പിന്നെ അവിശ്വസ്സിക്കേണ്ട കാര്യമില്ല. ഇറക്കം...വളവ്‌...സൈക്കിള്‍...ഞാന്‍...എല്ലാം ഇതാ ഒത്തുവന്നിരിക്കുന്നു. ഹാന്‍ഡില്‍ ബാറില്‍ നിന്നും കൈയെടുത്ത്‌ കര്‍ത്താവേ ഞാനിതാ വരുന്നു...നല്ല ഇറക്കം, നല്ല സ്‌പീഡ്‌, നല്ല സുഖം...സുഖത്തിന്‍റെ പാരമ്യത്തില്‍ എത്തിയപ്പോള്‍ ദൂരേന്ന്‌ കേള്‍ക്കാം ഇരപ്പ്‌. ഞാന്‍ കണ്ണ്‌ തുറന്നു. അതാ കോട്ടയം -റാന്നി ഗോമതി എതിരെ കേറ്റം കേറി വരുന്നു. ഞാന്‍ പോകുന്നത്‌ റോങ്ങ്‌ സൈഡും. ഹാന്‍ഡില്‍ ബാറില്‍ ചാടി ഒരു പിടുത്തം, ഒരു ബ്രേക്ക്‌, ഒരു പുളച്ചില്‍...കര്‍ത്താവേ ഞാനിതാ കാളിയാനി കുഞ്ഞപ്പന്‍റെ കൈയ്യാലയില്‍ ഇടിച്ചു മറിയുന്നു. 

ബസുകാര്‌ അവരുടെ പാട്ടിന്‌ പോയി. ഞാന്‍ കയ്യാലേല്‍ വിലങ്ങനേ അങ്ങനെ കിടന്നു, കര്‍ത്താവ്‌ കുരിശില്‍ കിടന്നമാതിരി. പതിയെ എഴുന്നേറ്റാ മതിയല്ലോ. മണിമലക്കും കരിക്കാട്ടൂരിനും ഇടയ്‌ക്കായത്‌കൊണ്ട്‌ ആരും താങ്ങിപ്പിടിക്കാനോ സഹായിക്കാനോ എഴുനെല്‍പ്പിക്കാനോ സോഡാ വാങ്ങി തരാനോ വന്നില്ല. അത്‌ നന്നായി. ഇല്ലേല്‍ നാട്ടില്‍ പാട്ടായേനെ. പോക്കറ്റില്‍ തപ്പി നോക്കി. കീറിയെടുത്ത കടലാസ്‌ അവിടെ തന്നെയുണ്ട്‌. സമാധാനം! ഞാന്‍ കാരണം മോഹനകുമാര്‍ എം. കോമിന്‌ ഒരു ജോലിസാദ്ധ്യത നഷ്ട്മാകരുതല്ലോ. 

ആരും നോക്കുന്നില്ലാന്ന്‌ ഉറപ്പുവരുത്തി ഞാന്‍ പതിയെ എഴുനേറ്റിരുന്ന്‌ സൈക്കിള്‌ കിടന്ന ഭാഗത്തേക്ക്‌ നോക്കി. ഭാഗ്യം, സൈക്കിള്‍ ഒരു പീസായി തന്നെയുണ്ട്‌, പക്ഷെ സൈക്കിളേല്‍ ഫിറ്റ്‌ ചെയ്‌തിരുന്ന റോയിയുടെ കാറ്റാടി കാണുന്നില്ല. ഡയനാമോ ഒരു വശത്തേക്ക്‌ തിരിഞ്ഞുപോയത്‌ ഞാന്‍ നേരേയാക്കി. പെഡലേല്‍ അല്‍പ്പം ചള്ള. ചെയിന്‍ ഊരിപ്പോയത്‌ പിടിച്ചിട്ടു. കാലില്‍ വല്ലാത്ത നീറ്റല്‍. നോക്കിയപ്പോ ഇടത്തേ കാലിന്‍റെ മുട്ടിന്‌ താഴെ ഒരു രൂപാ വട്ടത്തില്‍ പെയിന്‍റ്‌ പോയിട്ടുണ്ട്‌ പക്ഷെ ഞാനത്‌ കാര്യമാക്കിയില്ല. സൈക്കിള്‍ പതിയെ ഉന്തി റോഡില്‍ ഇറക്കി. എന്നിട്ട്‌ പതിയെ ചവിട്ടി കേറി. ചവിട്ടുമ്പോള്‍ കാലിനല്‍പ്പം വേദന ഉണ്ടെന്നുള്ളതൊഴിച്ചാല്‍ ജീവഹാനിക്കുള്ള കാരണം ഒന്നും കാണുന്നില്ല.

സൈക്കിളുമായി ഞാന്‍ തിരികെ കോളേജില്‍ ചെന്നപ്പോ റോയ്‌ അവിടെ വെയിറ്റ്‌ ചെയ്യുവാരുന്നു. മുഖത്ത്‌ നല്ല ദേഷ്യം! ബന്ധു ആയതിനാലാവും ഒരക്ഷരം ചോദിക്കാത്‌ സൈക്കിള്‍ എടുത്ത്‌ അവന്‍ പോയി. ഞാന്‍ നേരെ ഓഫീസില്‍ ചെന്ന്‌ മോഹനകുമാര്‍ എം.കോമിനെ കണ്ട്‌ കടലാസ്‌ ഏല്‍പ്പിച്ചു. 

''താന്‍ ഇതുവരെ എവിടാരുന്നടോ? അഞ്ചു മിനിട്ട്‌ നടക്കാനുള്ള ദൂരമുള്ള വില്ലേജ്‌ ആപ്പീസ്സില്‍ പോയി വരാന്‍ രണ്ട്‌ മണിക്കൂറോ?.

അപ്പൊഴാ എനിക്ക്‌ ബോധം വീണത്‌. ഞാന്‍ പോയത്‌ മണിമല വില്ലേജ്‌ ഓഫീസ്സില്‍...അങ്ങേര്‌ പറഞ്ഞത്‌ വെള്ളാവൂര്‍ വില്ലേജ്‌ ആപ്പീസും. തമ്മില്‍ ഒരു പഞ്ചായത്ത്‌ വ്യത്യാസം. അങ്ങനെ ഒരാപ്പീസ്‌ അവിടെ ഉള്ളകാര്യം തന്നെ റോയീടെ സൈക്കിള്‍ ചവിട്ടാന്‍ കിട്ടുന്ന ആവേശത്തില്‍ ഞാന്‍ മറന്നു.

ഗുണപാഠം: വളയുന്ന ഇനം ആണെങ്കില്‍ വളച്ചു തന്നെ ഒടിക്കണം. 

 

പോൾ  ചാക്കോ, ന്യൂയോർക്ക്