അസദിന്റ വീഴ്ച്ച ; സിറിയയുടെ ഭാവി എന്ത്
സിറിയയിൽ അസദ് വംശത്തിന്‍റെ അഞ്ചു പതിറ്റാണ്ടു പിന്നിട്ട ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ച് വിമത സേന അധികാരം കൈയടക്കിയിരിക്കുന്നു. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കിയിരിക്കുകയാണ് സിറിയയിലെ സംഭവവികാസങ്ങൾ.
പ്രസിഡന്റ് ബാഷർ അൽ അസദ് റഷ്യയിൽ അഭയം തേടിയതോടെ, ഏകാധിപത്യത്തിന്റെ അടിച്ചമർത്തലുകളും കലാപങ്ങളും വീർപ്പുമുട്ടിച്ച സിറിയ തത്‌കാലത്തേക്ക് അതിൽ നിന്നെല്ലാം മോചിതയായിരിക്കുകയാണ്. പക്ഷേ അസദ് മാറിയെന്ന് കരുതി സിറിയയിൽ പൂർണമായ ജനാധിപത്യവും സമാധാനവും പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാനാവില്ല . കാരണം, നിലവിൽ ഡമാസ്‌കസ് പിടിച്ച ഹയാത്ത് താഹ്‌രിർ അൽ- ഷാം, അൽക്വയ്ദയുമായി അടുത്ത ബന്ധം പുലർത്തുന്ന സംഘടനയാണ്.
അസദ് ഭരണത്തിന്‍റെ വേരുകൾ അറുത്തുമാറ്റി പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലേക്ക് ഇരച്ചു കയറിയ വിമതർ സർവവും പിടിച്ചെടുത്തിരിക്കുകയാണ്. സിറിയയിലെ പ്രധാന നഗരങ്ങളിൽ നിന്നെല്ലാം അസദിന്‍റെ സേനയെ വിമതർ തുരത്തിക്കഴിഞ്ഞു.
മനുഷ്യത്വപരമായ പരിഗണനകൾ വച്ച് അസദിനും കുടുംബത്തിനും അഭയം നൽകുന്നുവെന്നു ക്രെംലിൻ വൃത്തങ്ങളെ ഉദ്ധരിച്ച് റഷ്യൻ വാർത്താഏജൻസികൾ റിപ്പോർട്ട് ചെയ്തു . അസദിനെ പിന്തുണച്ചിരുന്ന റഷ്യ സിറിയൻ ഏകാധിപതിക്ക് അഭയം നൽകുന്നതിൽ അത്ഭുതമില്ല.
ന്യൂനപക്ഷങ്ങൾ ഭയക്കേണ്ടതില്ലന്നാണ് വിമതരുടെ നേതാവ് അൽ ജൊലാനിയും ഒപ്പമുള്ള മറ്റു നേതാക്കളും നൽകുന്ന ഉറപ്പ്. പക്ഷേ, ജനക്ഷേമ ഭരണത്തിലേക്കാണ് സിറിയ നീങ്ങുന്നതെന്ന് ഉറപ്പിക്കാറായിട്ടില്ല. അല്‍ ക്വയ്ദ പോലുള്ള ഭീകര സംഘടനകളുമായി ജൊലാനിക്കുണ്ടായിരുന്ന ബന്ധങ്ങളാണ് ഒരു ജനാധിപത്യ ഭരണത്തിലേക്കൊന്നുമല്ല സിറിയ നീങ്ങുക എന്ന ആശങ്ക ഉയർത്തുന്നത്.
‘ഒരു ഇരുണ്ട കാലഘട്ടത്തിന്റെ അവസാനവും സിറിയയുടെ ഒരു പുതിയ യുഗത്തിന്റെ തുടക്കവും’ എന്നാണ് അസദ് ഭരണത്തിന്റെ പതനത്തെ വിമത നേതാക്കള്‍ വിശേഷിപ്പിച്ചത്.
അസദ് ഭരണം അവസാനിക്കേണ്ടതായിരുന്നു എന്നു പറയുമ്പോൾ തന്നെ പൂ വിരിച്ച പാതയൊന്നുമല്ല ഇനിയും ഈ നാടിനെ കാത്തിരിക്കുന്നത് എന്ന് പറയേണ്ടിവരും.
നേരത്തേ, അമേരിക്ക 10 കോടി ഡോളർ തലയ്ക്കു വിലയിട്ട ഭീകരനാണ് വിമതരുടെ നേതാവ് അൽ ജൊലാനി. സിറിയ പിടിക്കാൻ ഐഎസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി നിയോഗിച്ച വിശ്വസ്തനായിരുന്നു ജൊലാനി
യുഎസ് അധിനിവേശത്തിനെതിരേ അല്‍ ക്വയ്ദയിൽ ചേർന്നതോടെ ജൊലാനി പാശ്ചാത്യസേനയുടെ കണ്ണിൽ കരടായി. 2006ല്‍ യുഎസ് സേന അറസ്റ്റ് ചെയ്ത് അഞ്ചു വര്‍ഷത്തോളം തടവിലാക്കി. പിന്നീട് സിറിയയിൽ അൽ ക്വയ്ദയുടെ പ്രവർത്തന നേതൃത്വത്തിലെത്തുകയായിരുന്നു ജൊലാനി. നിലവിൽ തീവ്രവാദം ഉപേക്ഷിച്ചാണ് ജൊലാനിയുടെ പ്രവർത്തനങ്ങളെങ്കിലും സിറിയയുടെ ഭാവി എങ്ങനെയാവുമെന്ന് കാത്തിരുന്ന് കാണുകതന്നെ.
സിറിയയിൽ യുഎസ് ഇടപെടില്ലെന്ന് നിയുക്ത പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയുടെയും ഇറാന്‍റെയും ഹിസ്ബുള്ളയുടെയും പിന്തുണയുള്ള അസദ് ഭരണകൂടം തുടരാൻ യാതൊരു സഹായവും അമേരിക്ക ചെയ്യില്ല എന്നു ട്രംപ് വ്യക്തമാക്കുന്നു.
അസദ് ഭരണത്തിന്റെ പതനത്തിന് ശേഷം സിറിയയില്‍ എന്ത് സംഭവിക്കുമെന്ന് ലോകരാജ്യങ്ങള്‍ നിരീക്ഷിച്ചുവരുന്നു . കരുതലോടെയാണ് ഇക്കാര്യത്തിൽ ലോകരാജ്യങ്ങളുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ് .അസദിന്റെ വീഴ്ച്ച രാജ്യത്ത് കൂടുതല്‍ കടുത്ത ഇസ്ലാമിക ശക്തികള്‍ക്ക് വഴിയൊരുക്കുമെന്നാണ് പാശ്ചാത്യ, അറബ് രാജ്യങ്ങളുടെ ആശങ്ക .ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ സിറിയയെ വീണ്ടും തങ്ങളുടെ കേന്ദ്രമാക്കാനുള്ള സാധ്യത തള്ളാനാവില്ല . പാശ്ചാത്യ രാജ്യങ്ങളും അറബ് രാജ്യങ്ങളും സിറിയയെക്കുറിച്ച് ആശങ്കപ്പെടുന്നത് ഇതൊക്കെകൊണ്ട് തന്നെയാണ് . വ്യക്തമായ ഒരു ഭരണക്രമം രാജ്യത്തിനില്ലാത്തത് അസ്ഥിരതയ്ക്കും തീവ്രവാദത്തിനും കാരണമാകുമെന്ന് ഭയക്കുന്നവരേറെ .
സിറിയയെ എങ്ങനെ ഭരിക്കണമെന്ന് ജോലാനിക്കും കൂട്ടർക്കും നിലവില്‍ വ്യക്തമായ പദ്ധതിയൊന്നുമില്ല .
അസാദിന്റെ വീഴ്ചയിലും പലായനത്തിലും ആഹ്ലാദനൃത്തം ചവിട്ടുന്ന ജനതയുടെ ഭാവി എങ്ങനെയാവുമെന്ന് വരും നാളുകൾ പറയും.