കുവൈറ്റ് ബാങ്കില്‍ നിന്ന് ഒരു കോടിയിലേറെ ലോണെടുത്ത് മുങ്ങിയ കേസ് ; മലയാളി നഴ്‌സുമാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കുവൈറ്റ് ബാങ്ക് ലോണ്‍ തട്ടിപ്പ് കേസില്‍ പ്രതികളുടെ മുന്‍കൂര്‍ജാമ്യാപേക്ഷ തളളി ഹൈക്കോടതി. കുമരകം സ്വദേശി കീര്‍ത്തിമോന്‍ സദാനന്ദന്‍, മുവാറ്റുപുഴ സ്വദേശി രാഘുല്‍ രതീഷന്‍, എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തളളിയത്. കുവൈറ്റി ലെ ഗള്‍ഫ് ബാങ്കില്‍ നിന്നും പ്രതികള്‍ ഒരു കോടിയിലധികം രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ വഞ്ചിച്ചു എന്നതാണ് കേസ്. കേരളത്തില്‍ നിന്നുളള 1300 ഓളം പേര്‍ ബാങ്കിനെ വഞ്ചിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് 15 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുളളത്.
മലയാളി നഴ്‌സുമാര്‍ അടക്കമുള്ളവരാണ് വായ്പ എടുത്ത് തിരിച്ച് അടയ്ക്കാതെ മുങ്ങിയതെന്നായിരുന്നു ആരോപണം ഉയര്‍ന്നത്. ജോലി ചെയ്യുന്ന സമയത്ത് വന്‍ തുക ലോണ്‍ എടുത്ത ശേഷംലീവ് എടുത്ത് നാട്ടിലേക്കും കാനഡ, യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കുടിയേറി പാര്‍ത്ത ശേഷം ലോണ്‍ തിരിച്ചടവ് മുടക്കുന്നുവെന്നായിരുന്നു പരാതി. ചെറു തുകയുടെ ലോണ്‍ എടുത്ത് കൃത്യമായി തിരിച്ചടച്ച് ബാങ്കിന്റെ വിശ്വാസം നേടിയെടുത്ത ശേഷമാണ് വലിയ തുക ലോണ്‍ എടുത്ത ശേഷം തട്ടിപ്പ് നടത്തുന്നത് എന്നായിരുന്നു ആരോപണം. 1425 ഇന്ത്യക്കാര്‍ കുവൈറ്റ് ഗള്‍ഫ് ബാങ്കില്‍ നിന്നായി 700 കോടി തട്ടിയെന്നായിരുന്നു പരാതി. കേരളത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പത്ത് കേസുകളിലായി 10.21 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് ആരോപണം.