നഗരത്തില്‍ പാര്‍പ്പാക്കിയ തിമിംഗലം; കവിത, ടോബി തലയല്‍

നഗരത്തില്‍ പാര്‍പ്പാക്കിയ തിമിംഗലം; കവിത, ടോബി തലയല്‍

ങ്ങനെയിരിക്കേയാണ്‌
ആഴക്കടലില്‍ നിന്നൊരു തിമിംഗലം
തീരത്തേക്ക്‌ നീന്തിക്കയറി
നഗരത്തില്‍ പാര്‍പ്പായത്‌.
അയല, മത്തി, ചൂര,
സ്രാവ്‌, തിരണ്ടി തുടങ്ങി
ചെറിയമീനല്ലെന്നഹങ്കരിച്ച്‌
ചെകിള വിരിച്ചുനടന്ന നെത്തോലി വരെ
അത്ഭുതം കാണാന്‍ പോയി,
പോയവരാരും തിരിച്ചുവന്നില്ല,

ദിവസ്സങ്ങളങ്ങനെ
കടപ്പുറത്ത്‌ വള്ളക്കാരന്‍ കുടഞ്ഞിട്ട
പൊടിമീന്‍പോലെ പെടച്ചപ്പോ
തിര തൊറയിലെമ്പാടും വിറ്റുനടന്ന
ചൂടന്‍ കടലയേയും
അത്‌ വാങ്ങി കൊറിച്ചുകൊറിച്ച്‌
ചിരിച്ച്‌ പറന്ന നാടന്‍ കിളികളേയും
വെണ്മണലിലൂടെ ചക്രക്കാലില്‍
മണിയടിച്ചുനടന്ന ഐസ്‌ക്രീമിനേയും
വള്ളങ്ങള്‍ക്കിടയില്‍
പിള്ളേര്‌ ഒളിച്ചുകടത്തിയിരുന്ന
ഉമ്മകളേയും
റോഡിലോട്ടിറങ്ങിനിന്ന്‌
നാരങ്ങാവെള്ളം നീട്ടിയ
പെട്ടിക്കടകളേയും
കല്ലെടുത്തുമടുത്ത തുമ്പിക്കൂട്ടങ്ങള്‍
മിഠായി കൊത്തിപ്പറന്ന പീടികകളേയും
തിമിംഗലം വിഴുങ്ങി

വൈകുന്നേരങ്ങളില്‍
തോളില്‍ കൈയ്യിട്ടുനടന്ന
കൊച്ചുവര്‍ത്തമാനങ്ങള്‍
തിമിംഗലത്തിന്റെ ഉദരത്തിലെ
ആകാശഗോവണികളില്‍ കേറിപ്പോയി
സന്ധ്യയുടെ ചുവന്നുതിണര്‍ത്ത വയറ്റത്ത്‌
ചാഞ്ചാടിയിരുന്ന പിഞ്ചുകാലടികള്‍
യന്ത്രവണ്ടികളുടെ മടിയിലും
സ്വിച്ചിട്ടാല്‍ ചുറ്റിത്തിരിയുന്ന
കുതിരപ്പുറത്തും തണുത്തുറഞ്ഞുപോയി

ഇപ്പോള്‍ പ്രണയം
തിമിംഗലം വിഴുങ്ങിയ
റെഡിമെയ്‌ഡ്‌ ഷോപ്പുകളില്‍
യോജിച്ച ബ്രാന്‍ഡും സൈസും
തിരയുകയാണ്‌!

ടോബി തലയല്‍