ഓർമദിവസം: കവിത, റബീഹ ഷബീർ

ഓർമദിവസം: കവിത, റബീഹ ഷബീർ

മരണത്തിന്റെ ഗന്ധംവിട്ടൊഴിഞ്ഞു

പോകാത്തയെന്റെ വിസ്‌മൃതിയുടെ 

യാഴങ്ങളിലൊരു കുഞ്ഞു പ്യൂപ്പയിൽ

നീയുറങ്ങുന്നുണ്ട്.

 

വേദനകളുടെ ഭാരം 

താങ്ങാനാവാതെ

ഓർമ്മകൾ കൂനിക്കുനിഞ്ഞ് 

വേച്ചുവേച്ച് നടപ്പുണ്ട്;

ഹൃദയം വിട്ടൊഴിഞ്ഞു

പോകാനാവാതെ.

 

നിന്റെയോർമ്മദിവസമെന്നവർ 

പറയുന്നു,

ഓരോ ഇമവെട്ടവും നിന്നോർമ്മകളെ

തൊടാതെ പോയില്ലല്ലോ.

 

നിലവിളിയുടെ ഗിരിശൃംഖങ്ങളിൽ 

നിന്നുഞാൻ മൗനത്തിലേക്ക് 

വഴുതിവീണതിന്റെ 

ഓർമ്മദിവസമത്രെ!

 

അബോധങ്ങളിൽ 

പോലുമെന്റെയുള്ളിൽ 

ചിറകുമുളക്കാത്ത 

ശലഭക്കുഞ്ഞാർദ്രമായ്

ചിരിക്കുന്നുണ്ട്.

താളംതെറ്റിയ താരാട്ടുകളെന്റെ

ഹൃദയത്തിലൊഴുകിപ്പടരുന്നുണ്ട്.

 

മരണംചുംബിച്ച നിന്റെ 

ചുണ്ടിലെ മറുകിൽ

എന്റെയമൃതചുംബനങ്ങൾ

ഒളിഞ്ഞുകിടപ്പുണ്ട്.

 

പേറ്റുനോവിന്റെ 

നൂൽപ്പാലംകടന്നെത്തിയ

രാവിൽ, 

ശൂന്യതയുടെ ചിത്രംവരച്ചാടിയ

തൊട്ടിലിന്നാന്തോളനങ്ങളിൽ 

ഓർമ്മകളുടെ

ചരടുപൊട്ടിവീണെങ്കിലും,

ഓർക്കുവാനൊരു ദിനമെന്തിനോമനേ..

ഓർമ്മകൾ മരിക്കാത്തകാലത്തോളം!