പ്രശാന്ത് പഴയിടം
ജനലഴിയിലൂടെ പ്രഭാതകിരണങ്ങൾ മുഖത്ത് പതിച്ചപ്പോഴാണ് അശ്വിൻ കണ്ണുതുറന്നത്.ആകെ ഒരു ഏകാന്തത റൂമിൽ മറ്റാരുമുണ്ടായിരുന്നില്ല. എല്ലാവരും ജോലിക്കുപോയിരുന്നു
ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ താഴെ ജോലിക്കായി ഓടുന്ന മനുഷ്യരുടെ തിരക്ക്. തിരയണയാത്ത തീരംപോലെ ഈ നഗരം എപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്നു.
അപ്പോഴാണ് സവാദിന്റെ വാട്ട്‌സ്ആപ്പ് സന്ദേശം ശ്രദ്ധയിൽപ്പെട്ടത്.
“നീ ഉറങ്ങിക്കോട്ടെ എന്നു കരുതി വിളിച്ചില്ല. ഞങ്ങൾ അതിരാവിലെ തന്നെ ഇറങ്ങി. പിന്നെ ഇവിടെ പ്രഭാതഭക്ഷണം ഉണ്ടാക്കാറില്ല. നിനക്കുള്ള ഭക്ഷണം അടുക്കളയിൽ ഉണ്ട്. മൂന്ന് മണിക്കല്ലേ ഏജന്റ് വരാൻ പറഞ്ഞിരിക്കുന്നത്. ഡോക്യുമെന്റ്സ് എല്ലാം എടുത്ത് സൂക്ഷിച്ച് പോകണം.”
അശ്വിൻ കുളിച്ച് തയ്യാറായി പുറത്ത് നടക്കുവാൻ ഇറങ്ങി
പെട്ടെന്നാണ് ഒരാൾ അശ്വിന്റെ അടുത്തേക്ക് വന്നത്.
“ഭായ്, തും പച്ചാസ് നമ്പർ ഫ്ലാറ്റ് മേ രഹ്തേ ഹോ നാ?”
(ഭായ് നിങ്ങൾ അമ്പതാം നമ്പർ ഫ്ലാറ്റിൽ അല്ലേ താമസിക്കുന്നത് )
അശ്വിൻ അയാളെ നോക്കി.
“ഭായ്, മുഝേ ഹിന്ദി തോഡാ തോഡാ മാലൂം ഹേ.”
അയാൾ ചിരിച്ചു.
“തോഡാ മാലൂം, ജ്യാദാ മാലൂം, കുഛ് ഭി ഹോ… ആവോ മേരേ സാഥ്.”
(കുറച്ചോ, കൂടുതലോ എന്തായാലും നീ എന്റെ കൂടെ വരു )
അശ്വിന് ഒന്നും മനസ്സിലായില്ല.
“ദൈവമേ, ഇയ്യാൾ എന്തൊക്കെയാണോ പറയുന്നത്!”
അയാൾ അശ്വിനെയും കൂട്ടി ഫ്ലാറ്റിന്റെ ഓഫീസിലേക്ക് നടന്നു.
ഓഫീസിനുള്ളിൽ എത്തിയപ്പോൾ പലരും അവിടെ കൂടിനിന്നിരുന്നു. ആരൊക്കെയോ ഫോണിൽ സംസാരിക്കുന്നു. ചിലർ ഉറക്കെ എന്തൊക്കെയോ പറയുന്നുണ്ട്.
അശ്വിന് ഒന്നും മനസ്സിലാകുന്നില്ല.
“ഞാൻ പുറത്തുനിന്ന് വന്ന ആളാണെന്ന് മനസ്സിലായി കാണുമോ?” അശ്വിൻ മനസ്സിൽ വിചാരിച്ചു.
അൽപ്പസമയത്തിനകം കൂടുതൽ ആളുകൾ എത്തി. ഓഫീസാകെ ബഹളമായി.
ഒരാൾ ഉറക്കെ പറഞ്ഞു.
“ഭായ്, ബഹുത് ബാത്ത് നഹി. തുമ് ലോഗ് സബ്‌കോ ബുലാവോ. യഹാൻ സെ നികാലോ!”
(ഭായ് കൂടുതൽ ഒന്നും പറയാനില്ല നിങ്ങളുടെ ആളുകളെ എല്ലാവരേയും വിളിച്ചോ ഫ്ലാറ്റ് വീട്ടിറങ്ങു )
അശ്വിൻ അറിയാവുന്ന ഹിന്ദിയിൽ പറഞ്ഞു.
“ഭായ്, മേ നയാ ആദ്മി ഹൂം…”
(ഞാൻ പുതിയ ആളാണ് )
പക്ഷേ ആരും കേൾക്കുന്ന മട്ടില്ല.
ചിലർ ദേഷ്യത്തോടെ സംസാരിക്കുന്നു.
“സാരേ മദ്രാസി ലോക്…!”
അശ്വിൻ ആകെ പരിഭ്രാന്തനായി.
അശ്വിൻ തുടരെ തുടരെ സവാദിനെ വിളിച്ചു. പക്ഷേ ഫോൺ എടുക്കുന്നില്ല.
അശ്വിൻ വിയർത്തു,പരിഭ്രാന്തിയിലായ്
“ഭായ്, ക്യാ ഹുവാ? കോയി ബതാവോ…”
(ഭായ് എന്തുപറ്റി ഒന്ന് പറയു )
അശ്വിൻ ചോദിച്ചു.
അപ്പോഴാണ് ആദ്യം വന്ന ആൾ അവനെ വിളിച്ചത്.
“ആവോ… മേ ദിഖാതാ ഹൂം.”
(വരു ഞാൻ കാണിക്കാം )
അയാൾ അശ്വിനെ ഫ്ലാറ്റിന്റെ പിൻവശത്തേക്ക് കൊണ്ടുപോയി.
മുകളിലേക്ക് വിരൽ ചൂണ്ടി പറഞ്ഞു.
“യെ ദേഖോ.”
(അത് നോക്കു )
അശ്വിൻ നോക്കി.
അവിടെ ഉണക്കാനിട്ടിരിക്കുന്ന തുണികൾ.
“അച്ചാ… കപ്പഡാ ഹേ ഭായ്.”
(നല്ല വസ്ത്രങ്ങൾ ആണല്ലോ )
അശ്വിൻ മറുപടി പറഞ്ഞു.
അയാൾ ദേഷ്യത്തോടെ പറഞ്ഞു.
“സീധാ ദേഖോ! കിത്നാ ഗന്ദാ കിയാ തും ലോഗോനെ.”
(ശ്രദ്ധിച്ചു നോക്ക് എത്ര വൃത്തികേടാക്കി നിങ്ങൾ)
അപ്പോഴാണ് അശ്വിൻ ശ്രദ്ധിച്ചത്.
തുണികളിൽ മുഴുവൻ അഴുക്ക് പുരണ്ടിരിക്കുന്നു.
മറ്റുള്ളവരും ഓരോ നിലയിലേയും തുണികൾ കാണിച്ചു.
(“യെ സബ് കപ്പഡേ തും ധോനാ പഡേഗാ!”)
(ഈ എല്ലാ തുണികളും നീ കഴുകേണ്ടി വരും )
അശ്വിൻ ആകെ ഞെട്ടി.
“എന്തുട്ട് തേങ്ങ? ഞാൻ ഈ തുണികളെല്ലാം കഴുകണമെന്നോ?”
അപ്പോഴാണ് അശ്വിന് കാര്യം മനസ്സിലായത്.
ഫ്ലാറ്റിന്റെ മുകളിലെ നിലയിൽ നിന്ന് ആരോ മദ്യപിച്ച് ഛർദ്ദിച്ചിരുന്നു.
ആ ഛർദ്ദി എട്ടാം നില മുതൽ താഴേക്കുള്ള പല നിലകളിലെയും ഫ്ലാറ്റുകളുടെ പുറത്ത് ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങളിൽ വീണിരുന്നു.
ദൈവമേ… പണി പാളി!
അശ്വിൻ താമസിക്കുന്ന ഫ്ലാറ്റിൽ നിന്നാരോ ചെയ്ത പണിയാണെന്ന് എല്ലാവരും കരുതിയിരുന്നു.
അൽപ്പസമയം കഴിഞ്ഞപ്പോൾ ഒരാൾ പറഞ്ഞു.
“കോയി ബാത്ത് നഹി. ആപ് ഫ്ലാറ്റ് മേ ജാവോ. ഹം ബാത്ത് കർതേ ഹേ.”
(കുഴപ്പമില്ല നിങ്ങൾ മുറിയിലേക്ക് പോകു ഞങ്ങൾ ഒന്ന് സംസാരിക്കട്ടെ )
അശ്വിന് അപ്പോഴാണ് ശ്വാസം നേരെ വീണത്.
അവൻ വേഗം ഫ്ലാറ്റിലേക്ക് മടങ്ങി.
അപ്പോഴേക്കും മൊബൈൽ ശബ്ദിച്ചു.
സവാദായിരുന്നു.
“മോനേ അശ്വിനെ, നീ പുറത്തേക്ക് ഇറങ്ങിയോ? അടുത്തുള്ള താമസക്കാരെ കണ്ടോ? എല്ലാവരും നല്ല ആളുകളാണ്.”
അശ്വിൻ ചിരിച്ചു.
“പിന്നെ, ഞാൻ ആരെയും തേടി പോകേണ്ടി വന്നില്ല. എല്ലാവരും എന്നെ തേടി ഇങ്ങോട്ട് വന്നു.”
“എന്താ? ഡാ, നീ എന്താണ് ഒപ്പിച്ചത്? ഇത് നാടല്ല. മറാത്തികൾ നിന്നെ ചവിട്ടിക്കുഴച്ച് ചപ്പാത്തി ഉണ്ടാക്കും.”
“എന്റെ പൊന്നു സവാദേ, ഞാൻ ഇവിടുന്ന് പുറത്ത്…”
പറഞ്ഞുതീരും മുമ്പ് വാതിലിൽ മുട്ട് കേട്ടു.
അതേ അയൽക്കാരൻ.
“ഭായ്, ഹമാരി ബാത്ത് ഹുയി. ലേക്കിൻ യെ കപ്പഡാ തോ തും ധോനാ പഡേഗാ.”
(ഭായി ഞങ്ങളുടെ സംസാരം കഴിഞ്ഞു തുണി നീ കഴുകേണ്ടി വരും )
അശ്വിൻ കണ്ണുമിഴിച്ചു.
“മോനേ, സവാദേ… നിന്നോട് സംസാരിക്കാൻ കുറച്ചുപേരുണ്ട്.”
അശ്വിൻ ഫോൺ അയാൾക്ക് കൊടുത്തു.
അയാൾ സവാദിനോട് ഉറക്കെ പറഞ്ഞു.
“തും ലോഗോ കോ കിത്നി ബാർ ബോലാ? ദാരു പീകെ പ്രോബ്ലം മത് കറോ!”
(നിങ്ങളോട് എത്ര പ്രാവിശ്യം പറഞ്ഞു മദ്യപിച്ചു പ്രശ്നം ഉണ്ടാക്കരുതെന്ന് )
“ക്യാ ഹുവാ ഭയ്യാ?” സവാദ് ചോദിച്ചു.
“തുമാരേ ലോഗോനെ ഹമാരേ സാരേ കപ്പഡേ ഖരാബ് കർ ദിയേ!”
(നിങ്ങൾ ഞങ്ങളുടെ വസ്ത്രങ്ങൾ വൃത്തിഹീനമാക്കി )
തുടർന്നുള്ള സംഭാഷണത്തിലാണ് സവാദിന് കാര്യങ്ങൾ മനസ്സിലായത്.
ഇന്നലെ രാത്രി അവരുടെ റൂമിൽ വന്നിരുന്ന ഒരു സുഹൃത്ത് മദ്യലഹരിയിൽ ചെയ്ത പണിയായിരുന്നു അത്.
ഫോൺ വീണ്ടും അശ്വിന്റെ കയ്യിലെത്തി.
“ഡാ, നമ്മുടെ റൂമിൽ ഇന്നലെ ഒരു ഫ്രണ്ട് വന്നിരുന്നു. അവൻ ഒപ്പിച്ച പണിയാണിത്.”
“എന്തായാലും വല്ലാത്ത പണിയായി.”
“മോനേ, കുറച്ച് തുണിയല്ലേ ഉള്ളൂ. കഴുകിക്കൊടുത്തേരെ.”
അശ്വിൻ :
“തേങ്ങ! കുറച്ച് തുണിയോ? എട്ടാം നില മുതൽ താഴേക്കുള്ള എല്ലാ നിലകളിലെയും ഫ്ലാറ്റുകളിലെ തുണികളല്ലേ! അടുത്ത നേത്രാവതി എക്സ്പ്രസ് പിടിച്ച് ഞാൻ നാട്ടിൽ പോവാണ്.”
സവാദ് :
“എട്ടാം നില മുതലോ? എന്റെ പൊന്നോ! അവൻ എന്തൊരു വാളായിരുന്നു!”
അങ്ങനെ അയൽക്കാരും സവാദും തമ്മിലുള്ള സംഭാഷണം ഏറെ നേരം തുടർന്നു. ഒടുവിൽ പ്രശ്നം തൽക്കാലത്തേക്ക് ഒത്തുതീർന്നു.
അശ്വിന് അപ്പോഴാണ് ശ്വാസം നേരെ വീണത്.
അപ്പോഴാണ് ഇന്റർവ്യൂവിന്റെ കാര്യം ഓർമ്മ വന്നത്.
ഫയൽ എടുത്ത് ഏജന്റിനെ വിളിച്ചുകൊണ്ട് അശ്വിൻ പുറത്തേക്കിറങ്ങി.
മുംബൈയിലെ തന്റെ രണ്ടാം ദിവസം തന്നെ ഇത്രയധികം സംഭവങ്ങൾ.
“ഇനി ഈ നഗരം എനിക്ക് എന്തൊക്കെയാകും കാണിച്ചുതരാൻ പോകുന്നത്?”
മനസ്സിൽ അനേകം ചോദ്യവുമായി അശ്വിൻ യാത്ര തുടർന്നു.
തുടരും…