കർണാടകം വെള്ളം വിട്ടുനൽകിയില്ല, സുപ്രീം കോടതിയെ സമീപിച്ച് തമിഴ്നാട് സർക്കാർ
മഴ ലഭിച്ചിട്ടും കർണാടകം വെള്ളം വിട്ടുനൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിച്ച് തമിഴ്നാട് സർക്കാർ. മുഖ്യമന്ത്രി വിജയ്‌യുടെ നിർദേശപ്രകാരമാണ് സുപ്രീംകോടതിയിൽ സർക്കാർ ഹർജി നൽകിയത്. കർണാടകത്തോട് ഉടൻ തന്നെ വെള്ളം വിട്ടു നൽകാൻ നിർദേശം നൽകണമെന്നാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ജൂലൈ 28ന് നടന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി യോഗത്തിൽ കർണാടകത്തോട് കൃഷ്ണരാജ സാഗർ, കബിനി സംഭരണികളിൽ നിന്ന് തമിഴ്നാടിന് വെള്ളം വിട്ടുനൽകണമെന്ന് നിർദേശം നൽകിയിരുന്നു.
ജൂലൈ 29ന് രാവിലെ എട്ടുമണി മുതൽ അടുത്ത 15 ദിവസം ഓഗസ്റ്റ് 15 വരെ തമിഴ്നാട്ടിലെ ബിലിഗുണ്ട്ലുവിലേക്ക് പ്രതിദിനം 3,500 ഘനയടി വെള്ളം വിട്ടുനൽകണമെന്നായിരുന്നു നിർദേശം. ജൂലൈ 30ന് ചേർന്ന കാവേരി വാട്ടർ മാനേജ്മെൻ്റ് അതോറിറ്റി യോഗം, റെഗുലേഷൻ കമ്മിറ്റിയുടെ നിർദേശം നടപ്പാക്കാനും തീരുമാനിച്ചു.
എന്നാൽ 158 മുതൽ 550 ഘനയടി വരെയായിരുന്നു ജൂലൈ 29 മുതൽ ഓഗസ്റ്റ് രണ്ടു വരെ ബിലിഗുണ്ട്ലുവിലേക്ക് ലഭിച്ച വെള്ളത്തിൻ്റെ ഒഴുക്ക്. ഇത് റെഗുലേഷൻ കമ്മിറ്റിയുടെ നിർദേശത്തേക്കാൾ വളരെ കുറവായിരുന്നു. ആവശ്യത്തിന് അളവിൽ വെള്ളം വിട്ടുനൽകുന്നതിൽ കർണാടകം പരാജയപ്പെട്ടതോടെയാണ് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്