യുദ്ധവും സമാധാനവും....കവിത

Jul 30, 2026 - 19:38
 0  4
യുദ്ധവും സമാധാനവും....കവിത
ഡോ. ജേക്കബ് സാംസൺ 

യുദ്ധം തീർന്നു

ഒത്തുതീർപ്പായി
കൈകൊടുക്കുന്നു നേതാക്കൾ
കെട്ടിപ്പിടിക്കുന്നു ഒന്നിച്ചിരിക്കുന്നു
മധുരം വിളമ്പുന്നു
പൊട്ടിച്ചിരിക്കുന്നു 
മരണവീട്ടിൽ
ഏകയാണമ്മ
തിരിച്ചു പോയി, വന്നവരെല്ലാം
മകൻ്റെ സമ്പാദ്യപ്പെട്ടിവന്നു, 
തുറന്നുനോക്കി
പരതിനടന്നു വിരലുകൾ
 മകൻ്റെ മണമുള്ള കുപ്പായങ്ങൾക്കിടയിൽ
അമ്മയുടെ  ചിത്രം
തറയിൽ വീണുരുളുകയാണമ്മ
കണ്ണീർപ്പുഴ എപ്പഴേ 
വരണ്ടു പോയി.
പുതിയ പ്രഭാതം വിടർന്നു 
തെരുവിലാഹ്ളാദമലതല്ലുന്നു.
പടക്കം പൊട്ടിക്കുന്നു
പ്രാവിനെ പറത്തുന്നു.
യുദ്ധം തീർന്നു
സമാധാനം കൈവന്നു.
വീര ജവാനൊരു സ്തുതി ഗീതം
പാടുക പാടുക സ്തുതി ഗീതം
പഴയതാരാട്ടിൻ്റെ മറക്കാത്ത ഈണവുമായി
തറയിൽ ഉരുളുകയാണമ്മ.
തളരുകയാണമ്മ
ഏകയായിരുട്ടിൽ
മുങ്ങുകയാണമ്മ..